Begin typing your search above and press return to search.
ഇടിവ് തുടര്‍ന്ന് ഓഹരി വിപണി; ബാങ്കിംഗ്, പവർ, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികള്‍ നഷ്ടത്തില്‍; കേരളാ ഓഹരികളില്‍ വെസ്റ്റേണ്‍ പ്ലൈവുഡ്സിനും ബി.പി.എല്ലിനും മുന്നേറ്റം
ഇന്നലത്തെ നഷ്ടം തുടര്‍ന്ന് ഓഹരി വിപണി. ഇന്ന് വിപണി ചാഞ്ചാട്ടത്തിന്റെ പാതയാണ് സ്വീകരിച്ചത്. വ്യാപാരം ആരംഭിച്ച് ആദ്യ മണിക്കൂറില്‍ സെന്‍സെക്‌സ് 79,466നും 79,693നും ഇടയിലും നിഫ്റ്റി 24,299നും 24,360നും ഇടയിലും കയറിയിറങ്ങി.
തുടര്‍ന്ന് സെൻസെക്‌സ് 0.87 ശതമാനം ഇടിഞ്ഞ് 78,956.03 ലും നിഫ്റ്റി 0.85 ശതമാനം ഇടിഞ്ഞ് 24,139.00 ലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 692.89 പോയിന്റും നിഫ്റ്റി 208.00 പോയിന്റുമാണ് ഇടിഞ്ഞത്.
ടൈറ്റൻ (1.93%), അപ്പോളോ ഹോസ്പിറ്റൽസ് (1.50%), ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് (0.86%), ഡോ റെഡ്ഡീസ് ലാബ് (0.78%), നെസ്ലെ ഇന്ത്യ (0.55%) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ബി.പി.സി.എല്‍ (-3.54%), എച്ച്.ഡി.എഫ്.സി ബാങ്ക് (-3.26%), എച്ച്.ഡി.എഫ്.സി ലൈഫ് (-2.78%), ശ്രീറാം ഫിനാൻസ് (-2.53%), ഒ.എന്‍.ജി.സി (-2.14%) തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
വിവിധ സൂചികകളുടെ പ്രകടനം
ഇന്ന് ഭൂരിഭാഗം സൂചികകളും നഷ്ടത്തിലായിരുന്നു. നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഹെല്‍ത്ത് കെയര്‍, ഐ.ടി സൂചികകള്‍ മാത്രമാണ് പച്ചവെളിച്ചം തൊട്ടത്. നിഫ്റ്റി പി.എസ്.യു ബാങ്ക് 1.61 ശതമാനത്തിന്റെയും നിഫ്റ്റി ബാങ്ക് 1.48 ശതമാനത്തിന്റെയും മെറ്റല്‍ 1.64 ശതമാനത്തിന്റെയും ഫിനാന്‍ഷ്യല്‍ സര്‍വീസസ് 1.87 ശതമാനത്തിന്റെയും ഓയില്‍ ആന്‍ഡ് ഗ്യാസ് 1.05 ശതമാനത്തിന്റെയും നഷ്ടം രേഖപ്പെടുത്തി.
നിഫ്റ്റി സ്മാള്‍ ക്യാപ് 1.30 ശതമാനത്തിന്റെയും നിഫ്റ്റി മിഡ് ക്യാപ് 0.78 ശതമാനത്തിന്റെയും ഇടിവ് രേഖപ്പെടുത്തി.
നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 1.30 ശതമാനത്തിന്റെയും നിഫ്റ്റി ഹെല്‍ത്ത് കെയര്‍ 0.09 ശതമാനത്തിന്റെയും ഐ.ടി 0.01 ശതമാനത്തിന്റെയും നേട്ടം രേഖപ്പെടുത്തി.
ബിഎസ്ഇയിൽ ഇന്ന് വ്യാപാരം നടത്തിയ 4,007 ഓഹരികളില്‍ 1,269 ഓഹരികള്‍ മുന്നേറ്റം നടത്തിയപ്പോള്‍ 2,640 ഓഹരികൾ ഇടിവിലായിരുന്നു. 98 ഓഹരികൾ മാറ്റമില്ലാതെ തുടര്‍ന്നു. 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിൽ രേഖപ്പെടുത്തിയ ഓഹരികളുടെ എണ്ണം 239 ഉം 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയവ 33 ഉം ആയിരുന്നു. 286 ഓഹരികൾ അപ്പർ സർക്യൂട്ടിലും 284 ഓഹരികൾ ലോവർ സർക്യൂട്ടിലും വ്യാപാരം നടത്തി.
നേട്ടത്തിലുളളവരും നഷ്ടത്തിലുളളവരും
പി.ബി ഫിന്‍ടെക് 3.70 ശതമാനത്തിന്റെയും ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ 3.27 ശതമാനത്തിന്റെയും അരബിന്ദോ ഫാര്‍മ 3.09 ശതമാനത്തിന്റെയും നേട്ടം ഇന്ന് രേഖപ്പെടുത്തി. സൈഡസ് ലൈഫ് സയന്‍സസ് 5.61 ശതമാനത്തിന്റെയും ദീപക് നൈട്രൈറ്റ് 5.36 ശതമാനത്തിന്റെയും ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ 4.09 ശതമാനത്തിന്റെയും എല്‍.ഐ.സി 3.85 ശതമാനത്തിന്റെയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബംഗ്ലാദേശിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് പുനരാരംഭിച്ചതായി അറിയിപ്പ് ലഭിച്ചതിന് ശേഷം മാരികോ ഓഹരികൾ രണ്ട് ശതമാനത്തിലധികം നേട്ടമുണ്ടാക്കി. 658.05 ലാണ് മാരികോ ഇന്ന് ക്ലോസ് ചെയ്തത്.
എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരി 3 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. എം.എസ്.സി.ഐ ഗ്ലോബൽ സ്റ്റാൻഡേർഡ് ഇൻഡക്‌സിന്റെ തീരുമാനത്തിൽ നിക്ഷേപകർക്കുണ്ടായ നിരാശ ഓഹരിയില്‍ പ്രകടമായിരുന്നു. എം.എസ്.സി.ഐ ബാങ്കിന്റെ വെയ്റ്റേജ് ഒന്നിന് പകരം രണ്ട് ഘട്ടങ്ങളായി വർദ്ധിപ്പിക്കുകയാണ് ഉണ്ടായത്. എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരി 1,605.90 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ജൂൺ പാദത്തില്‍ 48.7 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയത് കമ്പനിക്ക് തിരിച്ചടിയായി. കഴിഞ്ഞ വര്‍ഷം സമാന പാദത്തില്‍ 71.8 കോടി രൂപയുടെ അറ്റാദായമായിരുന്നു കമ്പനിക്ക് ഉണ്ടായിരുന്നത്. കമ്പനിയുടെ വരുമാനം 51.4 ശതമാനം ഇടിഞ്ഞ് 599.6 കോടി രൂപയാണ് രേഖപ്പെടുത്തിയത്. ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂറിന്റെ ഓഹരി 952.60 ലാണ് ക്ലോസ് ചെയ്തത്.
ഇന്ന് അരങ്ങേറ്റം കുറിച്ച ഫസ്റ്റ്‌ക്രൈയുടെ ഉടമസ്ഥതയിലുള്ള ബ്രെയിൻബീസ് സൊല്യൂഷൻസിന്റെ ഓഹരികൾ 13 ശതമാനം ഉയർന്ന് 707 രൂപയിലെത്തി. ലിസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി കമ്പനി 71 ആങ്കർ നിക്ഷേപകരിൽ നിന്ന് 1,886 കോടി രൂപയാണ് സമാഹരിച്ചത്. അമ്മമാർക്കും കുട്ടികൾക്കുമുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കുന്ന ഏറ്റവും വലിയ മൾട്ടി ചാനൽ റീട്ടെയിലിംഗ് പ്ലാറ്റ്‌ഫോമാണ് ബ്രെയിൻബീസ് സൊല്യൂഷൻസ്. 2024 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ പ്രവർത്തന വരുമാനം 15 ശതമാനം വളർച്ചയോടെ 6,481 കോടി രൂപയാണ് രേഖപ്പെടുത്തിയത്.
അദാനി ഗ്രൂപ്പിന്റെ പത്തിൽ ഏഴ് ഓഹരികളും ഇന്ന് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. അദാനി എന്റർപ്രൈസസ് 2 ശതമാനത്തിലധികം ഇടിഞ്ഞ് 3,085 ല്‍ എത്തി. അതേസമയം അദാനി ടോട്ടൽ ഗ്യാസ്, അദാനി എനർജി സൊല്യൂഷൻസ്, അദാനി ഗ്രീൻ എനർജി എന്നീ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകളില്‍ സെബി ഉദാസീനത കാണിച്ചത് രഹസ്യ ഇടപാട് മൂലമാണെന്ന് ഹിന്‍ഡന്‍ബര്‍ഗ് ആരോപണം ഉന്നയിച്ചിരുന്നു.
മുന്നേറ്റം നടത്തി വെസ്റ്റേണ്‍ പ്ലൈവുഡ്സ്; ഇടിവ് തുടര്‍ന്ന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്
കേരളാ ഓഹരികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്. വെസ്റ്റേണ്‍ പ്ലൈവുഡ്സ് 20 ശതമാനത്തിന്റെയും ബി.പി.എല്‍ 5 ശതമാനത്തിന്റെയും വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 3.39 ശതമാനത്തിന്റെയും നേട്ടത്തിലായിരുന്നു ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. വെസ്റ്റേണ്‍ പ്ലൈവുഡ്സ് 229 ലും വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 520.3 ലുമാണ് ക്ലോസ് ചെയ്തത്. വിപണി ദുർബലമാണെങ്കിലും, വിപണിയെ മറികടന്ന് പുതിയ റെക്കോഡ് ഉയരങ്ങള്‍ വി ഗാർഡ് താണ്ടുകയാണ്.
ഹാരിസണ്‍സ് മലയാളം 6.22 ശതമാനത്തിന്റെയും കിറ്റക്സ് ഗാര്‍മെന്റ്സ് 3.09 ശതമാനത്തിന്റെയും വണ്ടര്‍ലാ ഹോളിഡേയ്സ് 2.34 ശതമാനത്തിന്റെയും നഷ്ടം രേഖപ്പെടുത്തി. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 5.18 ശതമാനത്തിന്റെ നഷ്ടം രേഖപ്പെടുത്തി 2204.8 ലാണ് ക്ലോസ് ചെയ്തത്.
മുത്തൂറ്റ് ഫിനാന്‍സിന്റെ ജൂണ്‍ പാദത്തിലെ ഫലങ്ങള്‍ ഇന്ന് വൈകിട്ടോടെ പുറത്തുവന്നു. കമ്പനിയുടെ വരുമാനത്തില്‍ 9 ശതമാനം വര്‍ധന രേഖപ്പെടുത്തി. മൊത്തം വരുമാനം കഴിഞ്ഞ വര്‍ഷം ജൂണ്‍ പാദത്തിലെ 3,418 കോടിയില്‍ നിന്ന് ഈ വര്‍ഷം 3,710 കോടി രൂപയായി ഉയര്‍ന്നു. ലാഭം 1,079 കോടി രൂപയായും ഉയര്‍ന്നു. അതേസമയം മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരികള്‍ 1.98 ശതമാനം ഇടിഞ്ഞ് 1852 ലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
ഫാക്ട്, നിറ്റാ ജെലാറ്റിന്‍, പോപ്പുലര്‍ വെഹിക്കിള്‍സ്, റബ്ഫില്ലാ ഇന്റര്‍നാഷണല്‍, എസ്.ടി.ഇ.എല്‍ ഹോള്‍ഡിങ്സ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു.
Next Story
Videos