നേട്ടം തിരിച്ച് പിടിച്ച് വിപണി; കുതിച്ചുയര്‍ന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍

കനത്ത വില്‍പ്പന സമ്മര്‍ദ്ദത്തിനിടയിലും ദിവസത്തിന്റെ നഷ്ടം മുഴുവന്‍ തുടച്ചു നീക്കി ഓഹരി വിപണി. സെന്‍സെക്‌സ് 137.50 ഉയര്‍ന്ന് 65,539.42 ലും നിഫ്റ്റി 30.50 പോയ്ന്റ് ഉയര്‍ന്ന് 19,465 പോയ്ന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആഗോള വിപണികളിലെ പ്രതിസന്ധികള്‍ മൂലം നഷ്ടത്തില്‍ ആരംഭിച്ച വിപണി ആദ്യ മണിക്കൂറുകളില്‍ തിരിച്ചു വന്നെങ്കിലും ദിവസം മുഴുവന്‍ താഴ്ന്നാണ് വ്യാപാരം നടത്തിയത്. എന്നാല്‍ അവസാന മണിക്കൂറുകളിലെ വാങ്ങല്‍ സൂചികകളെ ദിവസത്തിലെ ഉയര്‍ച്ചയിലേക്ക് തിരികെകൊണ്ടു വന്നു. നിഫ്റ്റി 140 പോയിന്റും സെന്‍സെക്‌സ് 506 പോയിന്റുമാണ് ഇന്ന് തിരിച്ചു പിടിച്ചത്.
ആഗോള സൂചികകള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് കാഴ്ചവച്ചത്. ചൈനയില്‍ നിന്നുള്ള നിരാശകരമായ റിപ്പോര്‍ട്ടുകളും യു.എസ് സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള ആശങ്കകളുമാണ് വിപണികളെ സ്വാധീനിച്ചത്.
മിഡ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ നേട്ടത്തില്‍
ബാങ്ക്, മെറ്റല്‍ സൂചികകളൊഴികെ മറ്റെല്ലാ മേഖലകളും ഇന്ന് നേട്ടത്തിലായിരുന്നു. ഓട്ടോ, പവര്‍, റിയല്‍റ്റി, ഐ.ടി, ഫാര്‍മ, ക്യാപിറ്റല്‍ ഗുഡ്‌സ് തുടങ്ങിയവ ഒരു ശതമാനം വരെ ഉയര്‍ന്നു.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ നിലവാരം

അള്‍ട്രാ ടെക് സിമന്റ്, അപ്പോളോ ഹോസ്പിറ്റല്‍സ്, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് നിഫ്റ്റിയില്‍ ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയ കമ്പനികള്‍. ടാറ്റ സ്റ്റീല്‍, അദാനി പോര്‍ട്‌സ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ലൈഫ്, ഭാരതി എയര്‍ടെല്‍ എന്നിവരാണ് നഷ്ടമുണ്ടാക്കിയത്.
ബി.എസ്.ഇ മിഡ് ക്യാപ് സൂചികകള്‍ ഇന്ന് 0.2 ശതമാനവും സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.5 ശതമാനവും ഉയര്‍ന്നു.
നേട്ടമുണ്ടാക്കിയ ഓഹരികള്‍
ജെ.എസ് ഡബ്ല്യു എനര്‍ജി, എക്‌സകോര്‍ട്‌സ്, ലുപിന്‍, പിരമല്‍ എന്റര്‍പ്രൈസസ്, ഒറക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സോഫ്റ്റ്‌വെയര്‍ എന്നിവയാണ് ബി.എസ്.ഇയില്‍ നേട്ടമുണ്ടാക്കിയത്.

ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

ജൂണ്‍ പാദത്തിലെ മികച്ച പ്രവര്‍ത്തന ഫലങ്ങളെ തുടര്‍ന്ന് പൊതുമേഖലാ സ്ഥാപനങ്ങളായ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് ആന്‍ഡ് എന്‍ജിനീയേഴ്‌സ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് എന്നിവയുടെ ഓഹരികള്‍ ഇന്ന് കുതിപ്പ് രേഖപ്പെടുത്തി.
കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഓഹരികള്‍ ഇന്ന് 16.72 ശതമാനം ഉയര്‍ന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വിലയായ 761 രൂപയെ മറികടന്ന് 802.90 രൂപയിലെത്തി. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 42 കോടി രൂപയില്‍ 98.65 കോടി രൂപയായാണ് വര്‍ധിച്ചത്. 135 ശതമാനമാണ് വളര്‍ച്ച. പ്രവര്‍ത്തന വരുമാനം 7.9 ശതമാനം 475.9 കോടി രൂപയുമായി.
യുദ്ധകപ്പല്‍ നിര്‍മാതാക്കളായ ജി.ആര്‍.എസ്.ഇ ഓഹരികള്‍ 19 ശതമാനം ഉയര്‍ന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വിലയായ 781 രൂപയിലെത്തി. അടുത്ത മൂന്ന്-നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഷിപ്പ് നിര്‍മാതാക്കള്‍ക്ക് 1.2 ലക്ഷം കോടി രൂപയുടെ കോണ്‍ട്രാക്ടുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗാര്‍ഡന്‍ റീച്ച് ഷിപ് ബില്‍ഡേഴ്‌സ് പ്രതീക്ഷ പ്രകടിപ്പിച്ചതും ഈ മേഖലയിലെ ഓഹരികളില്‍ മുന്നേറ്റത്തിന് സഹായിച്ചു. തദ്ദേശവത്കരണ ശ്രമങ്ങള്‍ ഈ മേഖലയില്‍ കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കാനിടയാക്കുന്നുമുണ്ട്.

അശോക് ലെയ്‌ലാന്‍ഡ്, ലുപിന്‍, ജമ്മു ആന്റ് കാഷ്മീര്‍ ബാങ്ക്, ശങ്കര ബില്‍ഡിംഗ് പ്രോഡക്ട്‌സ്, എക്‌സകോര്‍ട്‌സ് കുബോട്ട, ഓയില്‍ ഇന്ത്യ, എല്‍ ആന്റ് ടി, ടിവി18 ബ്രോഡ്കാസ്റ്റ്‌, ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി, എസ്.എം.എല്‍, ഇസുസു, സാല്‍സര്‍ ഇലക്ട്രോണിക്‌സ്, വോള്‍ട്ടാംപ് ട്രാന്‍സ്‌ഫോര്‍മേഴ്‌സ് എന്നീ ഓഹരികളും ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടു.

നഷ്ടം രേഖപ്പെടുത്തിയവര്‍
ക്രോംപ്ടണ്‍ ഗ്രീവ്‌സ്, ഇന്‍ഡസ് ടവേഴ്‌സ്, ഗ്ലാന്‍ഡ് ഫാര്‍മ, ഇന്റര്‍ ഗ്ലോബ് ഏവിയേഷന്‍, കോഫോര്‍ജ് എന്നിവയാണ് ഇന്ന് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയ ഓഹരികള്‍. ഇന്‍ഡിഗോ ഓഹരികള്‍ ഇന്ന് 4.6 ശതമാനം ഇടിഞ്ഞു. ബ്ലോക്ക് ഡീല്‍ വഴി ഇന്‍ഡിഗോ സഹസ്ഥാപകന്‍ രാകേഷ് ഗ്യാങ്വാള്‍ 3,000 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഓഹരിയെ നഷ്ടത്തിലാക്കിയത്.


കേരള കമ്പനികള്‍
കേരള കമ്പനികളില്‍ 12 ശതമാനം വളര്‍ച്ചയുമായി എഫ്.എ.സി.റ്റിയും, 6 ശതമാനം വളര്‍ച്ചയുമായി കല്യാണ്‍ ജുവലേഴ്‌സുമാണ് ഇന്ന് കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവച്ചത്. പ്രൈമ ആഗ്രോ, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍, ബി.പി.എല്‍, ധനലക്ഷ്മി ബാങ്ക്, ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ് തുടങ്ങിയവയും ഇന്ന് ഒരു ശതമാനത്തിനുമുകളില്‍ നേട്ടം രേഖപ്പെടുത്തി. സ്‌കൂബി ഡേ ഗാര്‍മന്റ്‌സ്, റബ്ഫില ഇന്റര്‍നാഷണല്‍, ജിയോജിത് ഫിനാന്‍ഷ്യല്‍, എ.വി.റ്റി നാച്വറല്‍സ് തുടങ്ങിയ കമ്പനികളാണ് ഇന്ന് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയ പ്രമുഖ കേരളം കമ്പനികൾ.

കേരള ഓഹരികളുടെ ഇന്നത്തെ നിലവാരം



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it