റെക്കോഡ് തുടരുന്നു; നിഫ്റ്റി 19,700ന് മുകളില്‍, 529 പോയിന്റ് കുതിച്ച് സെന്‍സെക്‌സ്

വന്‍കിട ഓഹരികളിലുണ്ടായ മികച്ച വാങ്ങല്‍ താത്പര്യവും പൊതുവേ നിറഞ്ഞുനിന്ന അനുകൂല ഘടകങ്ങളും ചേര്‍ന്നപ്പോള്‍ റെക്കോഡ് കുതിപ്പ് തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 529 പോയിന്റ് (0.80%) കുതിച്ച് 66,589.93ലും നിഫ്റ്റി 146.95 പോയിന്റ് (0.75%) മുന്നേറി 19,711.45ലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. രണ്ടും എക്കാലത്തെയും ഉയര്‍ന്ന ക്ലോസിംഗ് പോയിന്റാണ്.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം


അതേസമയം, ഇന്നൊരുവേള വ്യാപാരത്തിനിടെ സെന്‍സെക്‌സ് സര്‍വകാല റെക്കോഡ് ഉയരമായ 66,656.21 വരെയും നിഫ്റ്റി 19,731.85 വരെയും എത്തിയിരുന്നു. കുതിപ്പിന്റെ ബലത്തില്‍ ബി.എസ്.ഇയുടെ നിക്ഷേപകമൂല്യം 303 ലക്ഷം കോടി രൂപ കടന്നു. കഴിഞ്ഞ വാരാന്ത്യം 298.56 ലക്ഷം കോടി രൂപയായിരുന്ന മൂല്യം ഇന്ന് 5.03 ലക്ഷം കോടി രൂപ വര്‍ദ്ധിച്ച് 303.59 ലക്ഷം കോടി രൂപയായി. കഴിഞ്ഞ രണ്ട് വ്യാപാര സെഷനുകളിലായി മാത്രം വര്‍ദ്ധിച്ചത് 10.91 ലക്ഷം കോടി രൂപയാണ്.

റിലയന്‍സും എച്ച്.ഡി.എഫ്.സിയും
ഇന്നത്തെ മുന്നേറ്റത്തിന് നേതൃത്വം കൊടുത്തത് വന്‍കിട ഓഹരികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസും എച്ച്.ഡി.എഫ്.സി ബാങ്കുമാണ്. വിപണിമൂല്യത്തില്‍ '15,000 കോടി ഡോളര്‍' എന്ന മാന്ത്രികസംഖ്യ മറികടന്ന എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരികള്‍ ഇന്ന് രണ്ട് ശതമാനം കുതിച്ചു. പിന്നാലെ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളും രണ്ട് ശതമാനം മുന്നേറിയതോടെ ഓഹരി സൂചികകള്‍ റെക്കോഡുകള്‍ തിരുത്തിയെഴുതി കുതിക്കുകയായിരുന്നു.
15,435 കോടി ഡോളര്‍ (12.6 ലക്ഷം കോടി രൂപ) വിപണിമൂല്യവുമായി ലോകത്തെ ഏഴാമത്തെ വലിയ ബാങ്കാണ് ഇപ്പോള്‍ എച്ച്.ഡി.എഫ്.സി ബാങ്ക്. ജിയോ ഫൈനാന്‍ഷ്യല്‍ സര്‍വീസസിന്റെ പ്രാരംഭ ഓഹരി വില്‍പന (ഐ.പി.ഒ) വാര്‍ത്തകളാണ് റിലയന്‍സിന് ഊര്‍ജമായത്.
ചൈനീസ് പ്രതിസന്ധി ഏശിയില്ല
ചൈനയുടെ ജി.ഡി.പി വളര്‍ച്ച ഏപ്രില്‍-ജൂണ്‍ പാദത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ താഴ്ന്ന് 6.3 ശതമാനമായെന്ന വാര്‍ത്തകളെ തുടര്‍ന്ന് ഒട്ടുമിക്ക ഏഷ്യന്‍ ഓഹരി വിപണികളും ഇന്ന് നഷ്ടത്തിലായിരുന്നു. എന്നാല്‍, ഇത് ഇന്ത്യയെ വലച്ചില്ല. 7 ശതമാനം വളരുമെന്ന് പ്രതീക്ഷിച്ചിരിക്കേയാണ് ചൈനീസ് സമ്പദ്‌വ്യവസ്ഥ നിരാശപ്പെടുത്തിയത്.
മുന്നേറിയവര്‍
റിലയന്‍സ്, എച്ച്.ഡി.എഫ്.സി എന്നിവയ്ക്ക് പുറമേ ഐ.സി.ഐ.സി.ഐ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, എസ്.ബി.ഐ, സെന്‍ട്രല്‍ ബാങ്ക് എന്നിവയും ഇന്ന് മികച്ച നേട്ടമുണ്ടാക്കി.
ഇന്ന് ഏറ്റവുമധികം മുന്നേറിയവർ

മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് എന്നിവയും ഇന്ന് മുന്നേറി. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ പ്രതിരോധ ഓര്‍ഡറുകള്‍ ലഭിക്കുമെന്ന സൂചനകളാണ് ഇവയ്ക്ക് നേട്ടമായത്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് ചില ബ്രോക്കറേജ് ഏജന്‍സികളില്‍ നിന്ന് 'വാങ്ങല്‍' (BUY) സ്റ്റാറ്റസ് ലഭിച്ചിട്ടുണ്ട്.
നിലവില്‍ 660 രൂപയാണ് കൊച്ചി കപ്പല്‍ശാലയുടെ ഓഹരി വില. സമീപഭാവിയില്‍ തന്നെ ഇത് 800 രൂപ കടന്നാലും അത്ഭുതപ്പെടാനില്ലെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
നിഫ്റ്റി ബാങ്കും മറ്റ് സൂചികകളും
ബാങ്ക് നിഫ്റ്റി ഇന്ന് മുന്നേറിയത് 1.41 ശതമാനമാണ്. നിഫ്റ്റി മിഡ്ക്യാപ്പ് 0.31 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.88 ശതമാനവും നേട്ടമുണ്ടാക്കി.
നിഫ്റ്റി മീഡിയ 3.15 ശതമാനവും പി.എസ്.യു ബാങ്ക് 2.25 ശതമാനവും ധനകാര്യ സേവനം 1.25 ശതമാനവും സ്വകാര്യബാങ്ക് 1.33 ശതമാനവും കുതിച്ചു.
സീ എന്റര്‍ടെയ്ന്‍മെന്റ്, ഇന്‍ഡസ് ടവേഴ്‌സ്, അദാനി ട്രാന്‍സ്മിഷന്‍, വൊഡാഫോണ്‍ ഐഡിയ, യുണൈറ്റഡ് സ്പിരിറ്റ്‌സ് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയവ.
നിരാശപ്പെടുത്തിയവര്‍
സൂചികകള്‍ റെക്കോഡുകള്‍ തിരുത്തി മുന്നേറുമ്പോഴും ചില ഓഹരികള്‍ നിരാശപ്പെടുത്തുകയാണ്. നിഫ്റ്റിയില്‍ റിയല്‍റ്റി 0.03 ശതമാനവും വാഹനം 0.32 ശതമാനവും നഷ്ടത്തിലാണ്.
ജെ.എസ്.ഡബ്‌ള്യു എനര്‍ജി, അവന്യൂ സൂപ്പര്‍മാര്‍ട്‌സ്, സൊമാറ്റോ, ബന്ധന്‍ബാങ്ക്, ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടത്. മോശം പ്രവര്‍ത്തനഫലമാണ് ബന്ധന്‍ ബാങ്കിന് വിനയായത്.
ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടവർ

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോര്‍പ്പ് എന്നിവ തളര്‍ന്നില്ലായിരുന്നെങ്കില്‍ സെന്‍സെക്‌സ് ഇന്ന് കൂടുതല്‍ നേട്ടം കുറിക്കുമായിരുന്നു. കനത്ത ലാഭമെടുപ്പാണ് ഈ ഓഹരികളില്‍ ഇടിവിന് വഴിവച്ചത്.
സെന്‍സെക്‌സില്‍ 1,993 കമ്പനികള്‍ ഇന്ന് നേട്ടത്തിലും 1,676 എണ്ണം നഷ്ടത്തിലുമാണ്. 187 ഓഹരികളുടെ വില മാറിയില്ല, 288 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരത്തിലും 64 എണ്ണം താഴ്ചയിലുമായിരുന്നു. 4 കമ്പനികള്‍ ലോവര്‍ സര്‍ക്യൂട്ടിലെത്തിയപ്പോള്‍ ഒരു കമ്പനി പോലും ഇന്ന് അപ്പര്‍ സര്‍ക്യൂട്ടിലുണ്ടായിരുന്നില്ല.
കപ്പല്‍ശാലയും കിറ്റെക്‌സും
കേരള ഓഹരികളില്‍ ഇന്ന് കൊച്ചി കപ്പല്‍ശാലയുടെയും (കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്) കിറ്റെക്‌സിന്റെയും ദിനമായിരുന്നു. ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ 4.91 ശതമാനവും കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് 4.19 ശതമാനവും നേട്ടമുണ്ടാക്കി.
സഫ സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജീസ് 10.75 ശതമാനം മുന്നേറി. യൂണിറോയല്‍ 5 ശതമാനം ഉയര്‍ന്നു. കേരള ആയുര്‍വേദയുടെ നേട്ടം 4.99 ശതമാനം.
കേരള ഓഹരികളുടെ ഇന്നത്തെ നിലവാരം

കൊച്ചിന്‍ മിനറല്‍സ്, സെല്ല സ്‌പേസ്, റബ്ഫില, വെര്‍ട്ടെക്‌സ്, ഫെഡറല്‍ ബാങ്ക് എന്നിവയും രണ്ട് ശതമാനത്തോളം വില മെച്ചപ്പെടുത്തി. സ്‌കൂബിഡേ 3.58 ശതമാനം ഇടിഞ്ഞു. സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ്, പ്രൈമ അഗ്രോ, ജി.ടി.എന്‍ ടെക്‌സ്‌റ്റൈല്‍സ്, ധനലക്ഷ്മി ബാങ്ക്, നിറ്റ ജെലാറ്റിന്‍, ആസ്റ്റര്‍,. ഈസ്റ്റേണ്‍ ട്രെഡ്‌സ് എന്നിവ ഇന്ന് നഷ്ടത്തിലാണുള്ളത്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it