കേന്ദ്ര ബജറ്റിലെ അപ്രതീക്ഷിത നീക്കങ്ങളില്‍ ഭയന്ന ഇന്ത്യന്‍ ഓഹരി വിപണിക്ക് നാലാം നാളിലും നേട്ടത്തിലേക്ക് തിരിച്ചെത്തിയില്ല. ബജറ്റിന്റെ ആഴത്തിലുള്ള വിശകലനങ്ങളിലേക്ക് നിക്ഷേപകര്‍ കടന്നതോടെ ലാഭമെടുപ്പ് ശക്തമായി. കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ ചില പ്രഖ്യാപനങ്ങള്‍ വിപണിയുടെ മൂഡ് നഷ്ടപ്പെടുത്തി.
സെന്‍സെക്‌സ് ഇന്ന് 280.16 പോയിന്റ് താഴ്ന്ന് 80,148.88ലും നിഫ്റ്റി 65.55 പോയിന്റ് താഴ്ന്ന് 24,413.50ത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
എച്ച്.ഡി.എഫ്.സി ലൈഫ്, ടെക് മഹീന്ദ്ര, ബി.പി.സി.എല്‍, എന്‍.ടി.പി.സി, ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് ഇന്ന് നിഫ്റ്റിയുടെ വലിയ നേട്ടക്കാര്‍. അതേ സമയം ബജാജ് ഫിന്‍സെര്‍വ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, ബ്രിട്ടാനിയ, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ് തുടങ്ങിയവ നേട്ടത്തിലുമായി.
ഇന്ന് 4,007 ഓഹരികളാണ് ബി.എസ്.ഇയില്‍ വ്യാപാരം നടത്തിയത്. ഇതില്‍ 2,802 ഓഹരികളാണ് നേട്ടത്തിലായത്. 1,094 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണപ്പോള്‍ 111 ഓഹരികള്‍ക്ക് വിലയില്‍ മാറ്റം സംഭവിച്ചില്ല. 229 ഓഹരികള്‍ ഇന്ന് 52 ആഴ്ചയിലെ ഉയരം തൊട്ടു. 22 ഓഹരികള്‍ താഴ്ന്ന വിലയും കണ്ടു. 11 ഓഹരികളാണ് അപ്പര്‍ സര്‍ക്യൂട്ടിലുള്ളത് 22 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലും.
വിശാല വിപണിയില്‍ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. മിഡ് ക്യാപ് സൂചിക 1.04 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 1.76 ശതമാനവും ഉയര്‍ന്നു. നിഫ്റ്റി മീഡിയയാണ് 2.47 ശതമാനം നേട്ടവുമായി വലിയ മുന്നേറ്റം കാണിച്ച മേഖല. നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലകള്‍ 1.08 ശതമാനം, 1.69 ശതമാനം എന്നിങ്ങനെ ഉയര്‍ന്നു.
വിവിധ സൂചികകളുടെ ഇന്നത്തെ പ്രകടനം
നിഫ്റ്റി ബാങ്ക്, ഓട്ടോ, ഫിനാന്‍ഷ്യല്‍ സര്‍വ്‌സീസസ്, പി.എസ്.യു ബാങ്ക്, പ്രൈവറ്റ് ബാങ്ക് എന്നിവയാണ് ഇന്ന് നഷ്ടത്തിന്റെ പിടിയിലായത്.
കുതിച്ചും കിതച്ചും ഇവര്‍
ഓഹരി വിപണിയുടെ ചാഞ്ചാട്ടത്തിലും രണ്ട് ദിവസം കൊണ്ട് 10 ശതമാനം ഉയര്‍ന്നിരിക്കുകയാണ് എഫ്.എം.സി.ജി ഭീമനായ ഐ.ടി.സി ഓഹരി. ഇന്ന് മാത്രം മൂന്ന് ശതമാനം ഉയര്‍ന്നു. സിഗരറ്റിനും പുകയില ഉത്പന്നങ്ങള്‍ക്കുമുള്ള നികുതി വര്‍ധിപ്പിക്കാത്തതാണ് ഓഹരി വിലയില്‍ മുന്നേറ്റത്തിനിടയാക്കിയത്. ഐ.ടി.സിയുടെ ലാഭത്തിന്റെ 80 ശതമാനവും വരുമാനത്തിന്റെ 45 ശതമാനവും സിഗരറ്റ് വില്‍പ്പന വഴിയാണ്. ബജറ്റഇന് ശേഷം ആഗോള ബ്രോക്കറേജ് ആയ ജെഫ്രീസ് ഐ.ടി.സിക്ക് 'ബൈ' റേറ്റിംഗ് നല്‍കി. നേരത്തെ കൈവശം വയ്ക്കുക എന്ന റേറ്റിംഗ് ആയിരുന്നു നല്‍കിയിരുന്നത്. ഓഹരിയുടെ ലക്ഷ്യവില 435 രൂപയില്‍ നിന്ന് 585 രൂപയാക്കിയിട്ടുണ്ട്.
ഏപ്രില്‍-ജൂണ്‍ പാദ പ്രവര്‍ത്തനഫലത്തെ തുടര്‍ന്നാണ് ബജാജ് ഫിനാന്‍സ് ഓഹരി ഇടിഞ്ഞത്. ലാഭത്തില്‍ 14 ശതമാനം വളര്‍ച്ചയുണ്ടായെങ്കിലും ഓഹരി വിപണിയില്‍ വില്‍പ്പനം സമ്മര്‍ദ്ദം നേരിടുകയാണ് ബജാജ് ഫിനാന്‍സ് ഓഹരി.
ബജാജ് ഫിന്‍സെര്‍വ് ഓഹരികളും പാദഫലം പുറത്തുവന്നതിനു പിന്നാലെ ഇടിവിലായി. സംയോജിത ലാഭത്തില്‍ 10 ശതമാനം വര്‍ധന നേടിയെങ്കിലും കമ്പനിയുടെ പ്രകടനത്തില്‍ നിക്ഷേപകര്‍ തൃപ്തരല്ലാത്താണ് ഓഹരി ഇടിവിന് കാരണം. ഓഹരി വില 3.40 ശതമാനം വരെ ഇടിഞ്ഞ് 1,562.70 രൂപ വരെയെത്തിയിരുന്നു.
ഐ.ഡി.ബി.ഐ ബാങ്ക് ഇന്ന് 13.25 ശതമാനം ഉയര്‍ന്ന് നിഫ്റ്റി 200ലെ വലിയ നേട്ടക്കാരായി. ഐ.സി.ഐ.സി.ഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് 8.87 ശതമാനം ഉയര്‍ന്ന് ഓഹരി വില 695 രൂപയിലെത്തി. ബി.എസ്.ഇ ഓഹരിയും 8.66 ശതമാനം ഉയര്‍ന്നു. പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്‌സ്, മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയും ഇന്ന് 6.42 ശതമാനം വരെ ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഗോദറേജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സാണ് നിഫ്റ്റി 200ലെ മുഖ്യ നഷ്ടക്കാര്‍. ഓഹരി വില 3.94 ശതമാനം ഇടിഞ്ഞ് 1,457 രൂപയിലെത്തി. ബന്ധന്‍ ബാങ്ക്, എംഫസിസ്, ഡാബർ ഇന്ത്യ, ഭാരത് ഡൈനാമിക്‌സ് എന്നിവയാണ് നഷ്ടക്കണക്കില്‍ തൊട്ടു പിന്നില്‍.
തിളക്കം തുടര്‍ന്ന് കല്യാണ്‍
കേരള ഓഹരികളില്‍ ഇന്ന് ഏറ്റവും തിളക്കം കാണിച്ചത് കിംഗ്സ് ഇൻഫ്ര, കല്യാണ്‍ ജുവലേഴ്‌സ് ഓഹരികളാണ്.
ചെമ്മീൻ കൃഷിക്ക് പ്രോത്സാഹനം നൽകുമെന്ന ബജറ്റ് പ്രഖ്യാപനം ഇന്ന് സമുദ്രോത്പന്ന കയറ്റുമതി കമ്പനികളുടെ ഓഹരികളിൽ കുതിപ്പുണ്ടാക്കി. കിംഗ്സ് ഇൻഫ്രാ ഓഹരി 10 ശതമാനത്തോളം ഉയർന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.
സ്വര്‍ണ ഇറക്കുമതിക്ക് കസ്റ്റംസ് തീരുവ 15 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമാക്കാനുള്ള ബജറ്റ് തീരുമാനം വന്നതു മുതല്‍ ഓഹരി ഉയര്‍ച്ചയിലാണ് കല്യാൺ ഉൾപ്പെടെയുള്ള സ്വർണ കമ്പനി ഓഹരികൾ. ഇന്നലെ അഞ്ച് ശതമാനത്തിനുമേല്‍ ഉയര്‍ന്ന കല്യാൺ ഓഹരി വില ഇന്ന് 6.20 ശതമാനം ഉയര്‍ന്ന് 587 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
കേരളക്കമ്പനി ഓഹരികളുടെ ഇന്നത്തെ പ്രകടനം
പാറ്റ്‌സ്പിന്‍ ആണ് ഇന്ന് കേരള കമ്പനികളില്‍ കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയ ഓഹരി. സഫ സിസ്റ്റംസാണ് നഷ്ടത്തില്‍ രണ്ടാം സ്ഥാനത്ത്. ഏറ്റവും പുതുതായി ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കേരള കമ്പനിയായ ആഡ്‌ടെക് സിസ്റ്റംസ് ഇന്ന് രണ്ട് ശതമാനം ഇടിവുമായി തൊട്ടു പിന്നിലുണ്ട്. ആസ്പിന്‍വാള്‍, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് എന്നിവയാണ് നഷ്ടത്തിലായ മറ്റ് പ്രമുഖ കേരള കമ്പനി ഓഹരികള്‍.