അദാനി ഓഹരികളില്‍ കൂട്ടത്തകര്‍ച്ച; സെന്‍സെക്‌സ് 63,000ന് താഴെ

പണപ്പെരുപ്പ ഭീഷണി വിട്ടൊഴിഞ്ഞിട്ടില്ലെന്ന അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെയും ഇന്ത്യയുടെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെയും അഭിപ്രായങ്ങളും അദാനി ഗ്രൂപ്പിനെതിരെ അന്വേഷണമുനയെറിഞ്ഞ അമേരിക്കയുടെ നീക്കവും ഇന്ത്യന്‍ ഓഹരി സൂചികകളെ ഇന്ന് നഷ്ടത്തിലേക്ക് വീഴ്ത്തി.

ഇന്ന് വിവിധ ഓഹരി വിഭാഗങ്ങൾ നേരിട്ട തളർച്ച


സെന്‍സെക്‌സ് 259.52 പോയിന്റ് (0.41 ശതമാനം) താഴ്ന്ന് 62,979.37ലും നിഫ്റ്റി 105.75 പോയിന്റിടിഞ്ഞ് 18,665.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എല്ലാ ഓഹരി വിഭാഗങ്ങളിലും ഇന്ന് കനത്ത വില്‍പ്പന സമ്മര്‍ദ്ദമുണ്ടായി. നിഫ്റ്റിയില്‍ ഫാര്‍മ സൂചിക മാത്രം 0.15 ശതമാനം നേട്ടവുമായി പിടിച്ചുനിന്നു.

അദാനി വീണ്ടും ഹിന്‍ഡന്‍ബര്‍ഗ് നിഴലില്‍
അദാനി ഗ്രൂപ്പ് ഓഹരിവിലയില്‍ കൃത്രിമം കാട്ടിയെന്നും കടലാസ് കമ്പനികള്‍ സ്ഥാപിച്ച് പണംതിരിമറി നടത്തിയെന്നും ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് ഈ വര്‍ഷമാദ്യം അമേരിക്കന്‍ നിക്ഷേപ-ഗവേഷണ സ്ഥാപനും 'ഷോര്‍ട്ട് സെല്ലറുമായ' ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ടത്.
ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടത് അദാനി ഗ്രൂപ്പ് ഓഹരികളാണ്

തുടര്‍ന്ന്, അദാനി ഓഹരികള്‍ വന്‍ തകര്‍ച്ച നേരിട്ടിരുന്നു. ഇതോടെ നിക്ഷേപക വിശ്വാസം തിരിച്ചുപിടിക്കാന്‍ അദാനി ഗ്രൂപ്പ് നിരവധി നടപടികളെടുത്തിരുന്നു. ഇതില്‍ അമേരിക്കന്‍ നിക്ഷേപകര്‍ക്ക് അദാനി ഗ്രൂപ്പ് നല്‍കിയ വിശദീകരണത്തിന്മേലാണ് യു.എസ് അറ്റോണീസ് ഓഫീസിന്റെ അന്വേഷണമെന്ന് ബ്ലൂംബെര്‍ഗ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതോടെ, ഇന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ വന്‍ ഇടിവ് നേരിടുകയായിരുന്നു. എല്ലാ അദാനി ഗ്രൂപ്പ് ഓഹരികളും ഇന്ന് ഇടിഞ്ഞു. ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടതും അദാനി ഓഹരികളാണ്. ഒരുവേള 10 ശതമാനത്തോളം ഇടിഞ്ഞ ഓഹരികളുടെ വ്യാപാരാന്ത്യ നഷ്ടം രണ്ട് മുതല്‍ 7.02 ശതമാനം വരെയാണ്.
ഇടിഞ്ഞവര്‍
ടാറ്റാ മോട്ടോഴ്‌സ്, എസ്.ബി.ഐ., പവര്‍ഗ്രിഡ്, ടാറ്റാ സ്റ്റീല്‍, ഇന്‍ഫോസിസ് എന്നീ വന്‍കിട ഓഹരികളിലുണ്ടായ ഇടിവും ഇന്ന് ഓഹരി സൂചികകളെ തളര്‍ത്തി.
നിഫ്റ്റി മീഡിയ, മെറ്റല്‍ സൂചികകള്‍ രണ്ട് ശതമാനത്തിലധികം നഷ്ടത്തിലേക്ക് വീണു. ഓയില്‍ ആന്‍ഡ് ഗ്യാസ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, വാഹനം, ഐ.ടി., റിയാല്‍റ്റി സൂചികകളും വലിയ നഷ്ടം നേരിട്ടു.
സെന്‍സെക്‌സില്‍ 1,174 കമ്പനികള്‍ നേട്ടത്തിലും 2,291 കമ്പനികള്‍ നഷ്ടത്തിലുമായിരുന്നു. 113 കമ്പനികള്‍ ഇന്ന് 52-ആഴ്ചത്തെ ഉയരത്തിലും 16 കമ്പനികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും എത്തിയെങ്കിലും സൂചികകളെ നേട്ടത്തിലേക്ക് ഉയര്‍ത്താനായില്ല.
നേട്ടത്തിലേറിയവര്‍
ഫാര്‍മ ഓഹരികള്‍ പൊതുവേ ഇന്ന് നേട്ടത്തിലായിരുന്നു. പുതിയ മരുന്നുകള്‍ക്കുള്ള ലൈസന്‍സ് ലഭിച്ചതിന്റെ കരുത്തില്‍ ഓറോബിന്ദോ ഫാര്‍മ 4.19 ശതമാനം മുന്നേറി. ഡോ.റെഡ്ഡീസ് ലാബ് 1.91 ശതമാനം നേട്ടത്തിലേറി.
ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ചവർ

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ആദിത്യ ബിര്‍ള ക്യാപ്പിറ്റല്‍, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നേട്ടംകുറിച്ച മറ്റ് ഓഹരികള്‍. ഭാരതി എയര്‍ടെല്‍, എന്‍.ടി.പി.സി., എച്ച്.സി.എല്‍ ടെക്, എച്ച്.ഡി.എഫ്.സി എന്നിവയും ഇന്ന് നേട്ടത്തിലാണ്.
നിരാശപ്പെടുത്തി കേരള ഓഹരികളും
കേരളം ആസ്ഥാനമായ കമ്പനികളുടെ ഓഹരികളും ഇന്ന് പൊതുവേ തളര്‍ച്ചയിലായിരുന്നു. പാറ്റ്‌സ്പിന്‍, ഈസ്റ്റേണ്‍ ട്രെഡ്‌സ്, മുത്തൂറ്റ് കാപ്പിറ്റല്‍ എന്നിവ മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞു.
കേരള കമ്പനികളുടെ ഇന്നത്തെ നിലവാരം

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ഫാക്ട് എന്നിവ രണ്ട് ശതമാനത്തിലധികം നഷ്ടത്തിലാണ്. എ.വി.ടി., ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക്, ജിയോജിത്, ഇന്‍ഡിട്രേഡ്, മണപ്പുറം ഫൈനാന്‍സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയും നഷ്ടത്തിലാണുള്ളത്.
കല്യാണ്‍ ജുവലേഴ്‌സ്, ഹാരിസണ്‍സ് മലയാളം എന്നിവ രണ്ട് ശതമാനത്തിനുമേലും വെര്‍ട്ടെക്‌സ് 4 ശതമാനത്തിലധികവും നേട്ടമുണ്ടാക്കി. വണ്ടര്‍ല 1.48 ശതമാനം വളര്‍ച്ചയും കുറിച്ചു.

ആഗോള ഓഹരികളും രൂപയും

പണപ്പെരുപ്പം ഇപ്പോഴും വെല്ലുവിളിയാണെന്ന ഫെഡറല്‍ റിസര്‍വിന്റെ നിലപാടും പ്രതീക്ഷിച്ചതിനേക്കാള്‍ അധികം പലിശഭാരം കൂട്ടി ഞെട്ടിച്ച ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നടപടിയും ഇന്ന് ആഗോള ഓഹരി വിപണികളെ വലച്ചു. അമേരിക്കന്‍, യൂറോപ്യന്‍, ജാപ്പനീസ് ഓഹരികളിലെല്ലാം നഷ്ടത്തിന്റെ കാറ്റുവീശി.

ഓഹരികളുടെ മോശം പ്രകടനം ഇന്ന് രൂപയെയും സ്വാധീനിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മുന്നേറി രൂപ, ഇന്ന് ഡോളറിനെതിരെ 81.95ല്‍ നിന്ന് 82.03ലേക്ക് ഇടിഞ്ഞു.

Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it