വിപണിയില്‍ വില്പന സമ്മര്‍ദ്ദം; പറന്ന് ബി.പി.സി.എല്ലും ഐ.ഒ.സിയും, കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ തിരിച്ചുവരവ്, കത്തിക്കയറി സ്‌കൂബീഡേ

റെക്കോഡുകള്‍ പുതുക്കിയെങ്കിലും ആറ് ദിവസത്തെ ദിവസത്തെ നേട്ടത്തിന് വാരാന്ത്യത്തില്‍ സഡന്‍ ബ്രേക്കിട്ട് ഇന്ത്യന്‍ ഓഹരി സൂചികകള്‍. പലിശനിരക്കില്‍ അരശതമാനം കുറവു വരുത്തിയ അമേരിക്കയുടെ സര്‍പ്രൈസ് നീക്കമായിരുന്നു ഓഹരി വിപണികളെ തുടര്‍ച്ചയായി മുന്നേറ്റത്തിലാക്കിയത്. എന്നാല്‍ ഇന്ന് ബാങ്കിംഗ് ഓഹരികളിലെ വില്‍പ്പന സമ്മര്‍ദ്ദം വിപണികളെ നഷ്ടത്തിലേക്ക് വലിച്ചിടുകയായിരുന്നു.
സെന്‍സെക്സ് 264 പോയിന്റ് (0.3 ശതമാനം) താഴ്ന്ന് 85,571ലും നിഫ്റ്റി 40 പോയിന്റ് (0.2 ശതമാനം) താഴ്ന്ന് 26,175ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇടയ്ക്കൊരുവേള സെന്‍സെക്സ് 85,978 പോയിന്റിലും നിഫ്റ്റി 26,277.35ലുമെത്തി സര്‍വകാല റെക്കോഡ് തൊട്ടിരുന്നു. പിന്നീട് വിപണി വില്‍പ്പന സമ്മര്‍ദ്ദത്തിന്റെ പിടിയിലായി.
ചൈനയിലെ ഉത്തജേക പാക്കേജുകള്‍ ചൈനീസ്, ഹോങ്കോങ് സമ്പദ് രംഗത്തെയും ഈ വിപണികളിലെ മൂല്യത്തെയും മെച്ചപ്പെടുത്തുമെന്നാണ് കരുതുന്നത്. നിലവില്‍ ഈ വിപണികള്‍ താരതമ്യേന കുറഞ്ഞ വാല്വേഷനിലാണുള്ളത്. ഈ സാഹചര്യത്തില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ നിന്ന് പണം പിന്‍വലിച്ച് ഈ വിപണികളിലേക്ക് കളം മാറാനുള്ള സാധ്യതയാണ് നിരീക്ഷകര്‍ പ്രവചിക്കുന്നത്. ഇത് കൂടുതല്‍ വില്‍പ്പന സമ്മര്‍ദ്ദമുണ്ടാക്കുമെങ്കിലും ആഭ്യന്തര നിക്ഷേപകര്‍ കരുത്തായി നില്‍ക്കുന്നത് ഇന്ത്യന്‍ വിപണിയില്‍ വലിയ വീഴ്ചയ്ക്കിടയാക്കിയേക്കില്ല.

സൂചികകളുടെ പ്രകടനം

വിശാല വിപണിയില്‍ മിഡ്ക്യാപ് ഓഹരികള്‍ നഷ്ടത്തിലാണ് വാരാന്ത്യം അവസാനിപ്പിച്ചത്. സ്‌മോള്‍ക്യാപ് ഓഹരികള്‍ക്ക് തുടര്‍ച്ചയായ രണ്ടാംദിനത്തിലും നേട്ടത്തിലെത്താനായില്ല. വ്യാഴാഴ്ച്ച പോസിറ്റീവായി അവസാനിപ്പിച്ച് ബാങ്ക് സൂചിക നഷ്ടത്തിലായി. ഓട്ടോ (0.42), ഐ.ടി (0.36), മെറ്റല്‍ (0.79), ഫാര്‍മ (1.15), പൊതുമേഖല ബാങ്ക് (0.72) തുടങ്ങിയ സൂചികകള്‍ക്ക് നേട്ടം കൊയ്യാനായി. മീഡിയ, പ്രൈവറ്റ് ബാങ്ക്, റിയാലിറ്റി സൂചികകള്‍ക്ക് ക്ലച്ച് പിടിക്കാനായില്ല.
ബി.എസ്.ഇയില്‍ ഇന്ന് 4,060 ഓഹരികളാണ് വ്യാപാരം നടത്തിയത്. 1,995 ഓഹരികള്‍ നേട്ടം കൊയ്തപ്പോള്‍ 1,947 ഒാഹരികള്‍ നഷ്ടത്തിലായി. 118 ഓഹരികള്‍ക്ക് മാറ്റമില്ല. 287 ഓഹരികള്‍ 52 ആഴ്ച്ചയിലെ ഉയര്‍ന്ന വിലയിലുള്ളത്. 35 ഓഹരികള്‍ 52 ആഴ്ച്ചയിലെ താഴ്ന്ന നിലയില്‍ ക്ലോസ് ചെയ്തു. 8 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ട് കണ്ടെത്തിയപ്പോള്‍ 3 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലും ഇടംപിടിച്ചു.

ഓയില്‍ കമ്പനികള്‍ക്ക് നേട്ടം

അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ്ഓയില്‍ വില വീണ്ടും 70 ഡോളറിന് താഴെയായത് ഓയില്‍ ഓഹരികളെ നേട്ടത്തിലേക്ക് നയിച്ചു. ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന ഏതൊരു കുറവും ഇന്ത്യന്‍ ഓയില്‍ കമ്പനികളെ സംബന്ധിച്ച് ഗുണകരമാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ അയവു വന്നതും ഡിമാന്‍ഡ് കുറഞ്ഞതുമാണ് ആഗോള തലത്തില്‍ ക്രൂഡ് വിലയിലെ ഇടിവിന് കാരണം.
ഇന്ന് നേട്ടമുണ്ടാക്കിയ ആദ്യ അഞ്ചു ഓഹരികളില്‍ മൂന്നും ഓയില്‍ ഓഹരികളാണ്. ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബി.പി.സി.എല്‍) ഓഹരികള്‍ 6.23 ശതമാനമാണ് നേട്ടം കൊയ്തത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐ.ഒ.സി) 4.58 ശതമാനം ഉയരത്തില്‍ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ ഓയില്‍ ഇന്ത്യ ലിമിറ്റഡ് 3.95 ശതമാനവും മുന്നോട്ടു കയറി.

ഇന്ന് നേട്ടം കൊയ്തവര്‍

മിനിരത്‌ന കമ്പനിയായ എസ്.ജെ.വി.എന്‍ ഓഹരികളും ഇന്ന് 5.40 ശതമാനത്തോളം ഉയര്‍ന്നു. ഹൈട്രോ ഇലക്ട്രിക് രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനി മഹാരാഷ്ട്ര സര്‍ക്കാരുമായി രണ്ട് വലിയ പദ്ധതികള്‍ക്കുള്ള കരാറുകളില്‍ ഒപ്പുവച്ചതാണ് ഓഹരികള്‍ക്ക് കരുത്തായത്. 48,000 കോടി രൂപയുടേതാണ് ഈ പദ്ധതികള്‍. കമ്പനിയുടെ 24.51 ലക്ഷം ഓഹരികള്‍ ഇന്ന് നിക്ഷേപകര്‍ വാങ്ങിക്കൂട്ടി.

എനര്‍ജി കമ്പനികള്‍ക്ക് ക്ഷീണം

ഓഹരികള്‍ വലിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തവരില്‍ മുന്നിലുള്ളത് മാക്രോടെക് ഡെവലപ്പേഴ്‌സാണ്. 7.39 ശതമാനം ഇടിഞ്ഞാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ജെ.എസ്.ഡബ്ല്യു എനര്‍ജി (5.50), അദാനി ഗ്രീന്‍ എനര്‍ജി (3.88) ഓഹരികള്‍ക്കും ഇന്ന് നഷ്ടത്തിന്റേതായി. പേയ്ടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സിന്റെ ഓഹരികള്‍ 4.70 ശതമാനമാണ് വീണത്.

ഇന്ന് നഷ്ടം നേരിട്ടവര്‍

കേരള കമ്പനികളില്‍ സ്‌കൂബിഡേ, കിറ്റെക്‌സ്

വ്യാഴാഴ്ച്ച അപ്പര്‍സര്‍ക്യൂട്ട് തൊട്ട സ്‌കൂബിഡേ ഇന്നും കുതിപ്പ് തുടര്‍ന്നു. 9.88 ശതമാനം കുതിപ്പാണ് ഈ ഓഹരികള്‍ നടത്തിയത്. ടെക്‌സ്റ്റൈല്‍ കമ്പനികള്‍ക്ക് വിദേശത്തു നിന്നും കൂടുതല്‍ ഓര്‍ഡറുകള്‍ വരുന്നതാണ് ഓഹരികളിലും പ്രതിഫലിക്കുന്നത്. ഇന്നലെ ക്ഷീണത്തിലായിരുന്ന കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഇന്ന് വലിയ കുതിപ്പാണ് നടത്തിയത്. അഞ്ച് ശതമാനം ഉയര്‍ന്നാണ് ക്ലോസിംഗ്. കെ.എസ്.ഇ ഓഹരികള്‍ 3.73 ശതമാനം നേട്ടം കൊയ്തപ്പോള്‍ വെസ്‌റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് 4.80 ഉയര്‍ന്ന് വാരാന്ത്യം അവസാനിപ്പിച്ചു. ദിവസങ്ങള്‍ക്കുശേഷം കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ തിരിച്ചുവരവിനും വിപണി സാക്ഷ്യം വഹിച്ചു.
അപ്പോളോ ടയേഴ്‌സ് ഓഹരികള്‍ ഇന്ന് 3.04 നഷ്ടം നേരിട്ടു. മറ്റ് ടയര്‍ ഓഹരികള്‍ നേട്ടം കൊയ്തപ്പോഴാണ് അപ്പോളോയ്ക്ക് തിരിച്ചടി നേരിട്ടെന്നത് ശ്രദ്ധേയമാണ്. വ്യാഴാഴ്ച്ച കേരള കമ്പനികളില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ച ശേഷമാണ് ഈ ഓഹരികള്‍ നിരാശ സമ്മാനിച്ചത്. കാത്തലിക് സിറിയന്‍ ബാങ്ക് ഓഹരികള്‍ 1.86 ശതമാനം ഇടിവു രേഖപ്പെടുത്തി.

കേരള കമ്പനികളുടെ പ്രകടനം

മറ്റ് കേരള ബാങ്ക് ഓഹരികളില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കും ഇന്ന് മോശമാക്കി, 0.08. ധനലക്ഷ്മി ബാങ്ക് (1.35), ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് (0.5), ഫെഡറല്‍ ബാങ്കും (0.35) നേട്ടത്തില്‍ അവസാനിപ്പിച്ചു. നോണ്‍ഫിനാന്‍സ് ബാങ്കിംഗ് ഓഹരികളില്‍ മണപ്പുറം ഫിനാന്‍സും (0.31), മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസും (0.52) നെഗറ്റീല്‍ വാരം ക്ലോസ് ചെയ്തു. കല്യാണ്‍ ഓഹരികള്‍ 1.14 ശതമാനം താഴ്ന്നാണ് ക്ലോസ് ചെയ്തത്. തുടര്‍ച്ചയായ മൂന്നാംദിവസമാണ് കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ ഇടിയുന്നത്.
Lijo MG
Lijo MG  

Sub-Editor

Related Articles

Next Story

Videos

Share it