ലാഭമെടുപ്പും യുദ്ധഭീതിയും: മലക്കംമറിഞ്ഞ് ഓഹരി വിപണി; ഇനി ഉറ്റുനോട്ടം ബജറ്റിലും യു.എസ് ഫെഡിലും

നേട്ടത്തിന്റെ ട്രാക്കിലേക്ക് ഇന്നലെ മികച്ച നേട്ടത്തിലേക്ക് ഇരച്ചുകയറിയ ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് നഷ്ടത്തിലേക്ക് കുത്തനെ മലക്കംമറിഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസും എച്ച്.ഡി.എഫ്.സി ബാങ്കുമായിരുന്നു ഇന്നലെ നേട്ടത്തിന് ചുക്കാന്‍ പിടിച്ചതെങ്കില്‍ ഇന്നത്തെ വലിയ വീഴ്ചയ്ക്ക് അവര്‍ തന്നെ കാരണക്കാരായി എന്നതും ശ്രദ്ധേയമായി.

ഇന്നലത്തെ മുന്നേറ്റത്തിന്റെ ആവേശം കെട്ടടങ്ങിയിട്ടില്ലെന്ന് വിളിച്ചോതി നേട്ടത്തോടെയാണ് സെന്‍സെക്‌സും നിഫ്റ്റിയും ഇന്ന് വ്യാപാരം ആരംഭിച്ചത്. അതുപക്ഷേ, അധികനേരം നീണ്ടില്ലെന്ന് മാത്രം. വില്‍പനസമ്മര്‍ദ്ദം ആഞ്ഞുവീശിയതോടെ ഓഹരികള്‍ അതിവേഗം നഷ്ടത്തിലേക്ക് നിലംപൊത്തി.
ബി.എസ്.ഇയില്‍ ഇന്ന് 1,885 ഓഹരികള്‍ നേട്ടത്തിലും 1,929 എണ്ണം നഷ്ടത്തിലുമായിരുന്നു. 93 ഓഹരികളുടെ വില മാറിയില്ല. അപ്പര്‍, ലോവര്‍-സര്‍കീട്ടുകള്‍ കാലിയായിരുന്നു. 498 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരത്തിലും 21 എണ്ണം താഴ്ചയിലുമായിരുന്നു. നിഫ്റ്റി 50ല്‍ 13 ഓഹരികളേ പച്ചതൊട്ടുള്ളൂ. 37 എണ്ണവും ചുവന്നു. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം വിപണിമൂല്യം ഇന്ന് രണ്ടുലക്ഷം കോടി രൂപ ഇടിഞ്ഞ് 375.20 ലക്ഷം കോടി രൂപയുമായി.

വീഴ്ചയുടെ വഴികളും ബജറ്റിലേക്കുള്ള ഉറ്റുനോട്ടവും
72,000 പോയിന്റ് ഭേദിച്ചാണ് ഇന്ന് സെന്‍സെക്‌സ് വ്യാപാരത്തിന് തുടക്കമിട്ടത്. ആദ്യ നിമിഷങ്ങളില്‍ തന്നെ സൂചിക 72,142 എന്ന ഇന്‍ട്രാ-ഡേ ഉയരവും കുറിച്ചു. തുടര്‍ന്ന് പക്ഷേ, നഷ്ടത്തിലേക്ക് വീഴുകയായിരുന്നു. ഒരുവേള 71,075 വരെ താഴ്‌ന്നെങ്കിലും പിന്നീട് നഷ്ടം അല്പം നിജപ്പെടുത്തി.
വിവിധ ഓഹരി വിഭാഗങ്ങളുടെ പ്രകടനം

എങ്കിലും, വ്യാപാരാന്ത്യത്തില്‍ 801.67 പോയിന്റ് (-1.11%) താഴ്ന്ന് 71,139.90ലാണ് സെന്‍സെക്‌സുള്ളത്. 21,775ല്‍ തുടങ്ങി 21,813 വരെ കുതിക്കുകയും 21,501 വരെ താഴുകയും ചെയ്ത നിഫ്റ്റിയുള്ളത് 215.50 പോയിന്റ് (-0.99%) നഷ്ടവുമായി 21,522.10ല്‍.
സൂചികകളില്‍ മികച്ച വെയിറ്റേജുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയിലുണ്ടായ കനത്ത വില്‍പന സമ്മര്‍ദ്ദമാണ് ഇന്ന് മുഖ്യ തിരിച്ചടിയായത്. ഇവ 0.8-2.8 ശതമാനം ഇടിഞ്ഞു. മാത്രമല്ല, മദ്ധ്യേഷ്യയില്‍ പുതിയ പ്രതിസന്ധിക്ക് ഇറാനുമേല്‍ അമേരിക്ക ആക്രമണം നടത്തിയേക്കുമെന്ന സൂചനകളും ഓഹരികളെ വലച്ചു.
ചൈനയിലെ റിയല്‍ എസ്‌റ്റേറ്റ് ഭീമനായ എവര്‍ഗ്രാന്‍ഡെയുടെ വസ്തുവകകള്‍ കണ്ടുകെട്ടാന്‍ ഹോങ്കോംഗ് കോടതി ഉത്തരവിട്ടത് ചൈനീസ് ഓഹരി വിപണികളെ ഉലച്ചിട്ടുണ്ട്. ഹോങ്കോംഗ് ഓഹരി വിപണി 2.3 ശതമാനം, ചൈനീസ് വിപണി 1.8 ശതമാനം എന്നിങ്ങനെ ഇടിഞ്ഞു. ഇതിന്റെ പ്രതിഫലനം ഇന്ത്യയിലുമുണ്ടായി. ജോര്‍ദാന്‍-സിറിയ അതിര്‍ത്തിയില്‍ കഴിഞ്ഞദിവസം ഏതാനും അമേരിക്കന്‍ സൈനികര്‍ വിമതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇറാന്റെ പിന്തുണയോടെയായിരുന്നു ആക്രമണമെന്നാണ് ബൈഡന്‍ ഭരണകൂടത്തിന്റെ ആരോപണം. അമേരിക്ക ഇറാനുമേല്‍ പ്രത്യാക്രമണത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തകളും ഓഹരികളെ തളര്‍ത്തി.
മദ്ധ്യേഷ്യയിലെ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ ക്രൂഡോയില്‍ വില ബാരലിന് 82 ഡോളറിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയടക്കമുള്ള ക്രൂഡോയില്‍ ഇറക്കുമതി രാജ്യങ്ങളെ സാമ്പത്തികമായി പരുങ്ങലിലാക്കുന്നതാണ് ഈ എണ്ണവിലക്കയറ്റം.
ഇനി ഓഹരി നിക്ഷേപകര്‍ പ്രധാനമായും ഉറ്റുനോക്കുന്നത് നാളെ പുറത്തുവരാനിരിക്കുന്ന അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ധനനയ പ്രഖ്യാപനത്തിലേക്കാണ്. അടിസ്ഥാന പലിശ കുറയ്ക്കുന്നത് സംബന്ധിച്ച തീരുമാനം വേഗത്തിലുണ്ടാകുമോ എന്നാണ് ഏവരും നോക്കുന്നത്. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റിലെ
പ്രഖ്യാപനങ്ങളെ സംബന്ധിച്ച ആശങ്കയും ആകാംക്ഷയും വരുംദിവസങ്ങളില്‍ ഓഹരി വിപണിയുടെ ദിശ നിയന്ത്രിക്കും.
ഇവരാണ് നിരാശാതാരങ്ങള്‍
ധനകാര്യം, എഫ്.എം.സി.ജി., ഫാര്‍മ, ഐ.ടി ഓഹരികളില്‍ ഇന്ന് കനത്ത ലാഭമെടുപ്പുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ ഈ ഓഹരി വിഭാഗങ്ങള്‍ നടത്തിയ മുന്നേറ്റത്തിന്റെ നേട്ടം ഇന്ന് നിക്ഷേപകര്‍ മുതലെടുക്കുകയായിരുന്നു.
ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ടൈറ്റന്‍, അള്‍ട്രടെക്ക്, ഐ.ടി.സി., റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എന്‍.ടി.പി.സി., സണ്‍ ഫാര്‍മ, എല്‍ ആന്‍ഡ് ടി., മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ഭാരതി എയര്‍ടെല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയാണ് ഇന്ന് സെന്‍സെക്‌സിന്റെ നഷ്ടത്തിന് നേതൃത്വം നല്‍കിയ പ്രമുഖ ഓഹരികള്‍. മോശം ഡിസംബര്‍പാദ പ്രവര്‍ത്തനഫലമാണ് ബജാജ് ഫിനാന്‍സിന് തിരിച്ചടിയായത്.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

കോറോമാണ്ഡല്‍ ഇന്റര്‍നാഷണല്‍, ട്രെന്റ്, ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ബജാജ് ഫിനാന്‍സ്, സീമെന്‍സ് എന്നിവയാണ് നിഫ്റ്റി 200ല്‍ കൂടുതല്‍ നഷ്ടം നേരിട്ടവ. നിഫ്റ്റി എഫ്.എം.സി.ജി സൂചിക ഇന്ന് 1.02 ശതമാനം താഴ്ന്നു. ഫാര്‍മ (-0.87%), കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് (-1.61%), ധനകാര്യം (-0.63%) എന്നിവയും വീഴ്ചയ്ക്ക് ആക്കംകൂട്ടി. 0.16 ശതമാനമാണ് ബാങ്ക് നിഫ്റ്റിയുടെ നഷ്ടം. നിഫ്റ്റി മിഡ്ക്യാപ്പ് 0.39 ശതമാനം താഴ്ന്നപ്പോള്‍ സ്‌മോള്‍ക്യാപ്പ് 0.23 ശതമാനം നേട്ടമുണ്ടാക്കി.
നേട്ടത്തിലേറിയവര്‍
നിഫ്റ്റി മീഡിയ ഇന്ന് 0.41 ശതമാനം നേട്ടമുണ്ടാക്കി. സീ എന്റര്‍ടെയ്ന്‍മെന്റ് ഓഹരികളുടെ കരകയറ്റമാണ് മീഡിയ സൂചികയ്ക്ക് തുണയായത്. സോണിയുമായുള്ള ലയനം പൊളിഞ്ഞത് കഴിഞ്ഞ ദിവസങ്ങളില്‍ സീ ഓഹരിക്ക് ക്ഷീണമായിരുന്നു.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

സോണിയുടെ ഏകപക്ഷീയ പിന്മാറ്റത്തിനെതിരെ സീ സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ എന്‍.സി.എല്‍.ടി (NCLT) നോട്ടീസ് അയച്ചിട്ടുണ്ട്. സിംഗപ്പൂര്‍ ആര്‍ബിട്രേഷന്‍ സെന്ററിലും നാളെ അടിയന്തര വാദം കേള്‍ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ സീ എന്റര്‍ടെയ്ന്‍മെന്റ് ഓഹരി ഇന്ന് 5.84 ശതമാനം ഉയര്‍ന്നു.
സീ ഓഹരിക്ക് പുറമേ സിന്‍ജീന്‍ ഇന്റര്‍നാഷണല്‍, എച്ച്.പി.സി.എല്‍., ഭെല്‍, കെ.പി.ഐ.ടി ടെക്‌നോളജീസ് എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ നേട്ടം കുറിച്ചവ. നിഫ്റ്റി മെറ്റല്‍ (+0.26%), പി.എസ്.യു ബാങ്ക് (+0.96%), റിയല്‍റ്റി (+0.38%) എന്നിവയും ഇന്ന് നേട്ടത്തിലേറി.
തിളങ്ങി എല്‍.ഐ.സിയും ടാറ്റാ മോട്ടോഴ്‌സും
എല്‍.ഐ.സിയുടെ ഓഹരി വില ആദ്യമായി ഐ.പി.ഒ വിലയെ മറികടന്നുവെന്നതിനും ഇന്നത്തെ ദിനം സാക്ഷിയായി. എച്ച്.ഡി.എഫ്.സി ബാങ്കില്‍ ഓഹരി പങ്കാളിത്തം 9.99 ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ എല്‍.ഐ.സിക്ക് കഴിഞ്ഞദിവസം റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചിരുന്നു.
902-949 രൂപ നിരക്കിലായിരുന്നു 2022 മേയില്‍ എല്‍.ഐ.സി ഐ.പി.ഒ. തുടര്‍ന്ന് ലിസ്റ്റിംഗ് പക്ഷേ 867 രൂപയ്ക്കായിരുന്നു. തുടര്‍ന്ന് ഓഹരിവില ഒരുവേള 530 വരെ ഇടിയുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ ഏതാനും ആഴ്ചകളായി വലിയ തിരിച്ചുകയറ്റമാണ് എല്‍.ഐ.സി കാഴ്ചവയ്ക്കുന്നത്.
കഴിഞ്ഞ 6 മാസത്തിനിടെ ഓഹരിവില 50 ശതമാനത്തോളം തിരിച്ചുകയറി. 12 ശതമാനത്തിന് മുകളിലാണ് കഴിഞ്ഞ ഒരുമാസത്തെ നേട്ടം. പുതിയ പോളിസികള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയും കമ്പനിക്ക് നേട്ടമായിട്ടുണ്ട്.
7 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടാറ്റാ മോട്ടോഴ്‌സ് മാരുതി സുസുക്കിയെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ വാഹന നിര്‍മ്മാണക്കമ്പനിയായി എന്ന പ്രത്യേകതയും ഇന്നത്തെ ദിവസത്തിനുണ്ട്.
ടാറ്റാ മോട്ടോഴ്‌സ് ഓഹരികള്‍ ഇന്ന് 5 ശതമാനത്തിലധികം ഉയര്‍ന്ന് 886 രൂപയില്‍ എത്തിയതോടെയായിരുന്നു ഈ നേട്ടം. ടാറ്റാ മോട്ടോഴ്‌സിന്റെയും ഉപകമ്പനിയായ ടാറ്റാ മോട്ടോഴ്‌സ് ഡി.വി.ആറിന്റെയും സംയുക്ത വിപണിമൂല്യം 3.24 ലക്ഷം കോടി രൂപയിലെത്തുകയും മാരുതിയുടെ 3.15 ലക്ഷം കോടി രൂപയെ പിന്തള്ളുകയുമായിരുന്നു.
ഉപകമ്പനിയായ ജെ.എല്‍.ആറിന്റെ ഉള്‍പ്പെടെ മികച്ച വില്‍പനക്കണക്കുകള്‍, പുതിയ വാഹന ലോഞ്ചിംഗ് തുടങ്ങിയവയുടെ കരുത്തിലാണ് ടാറ്റാ മോട്ടോഴ്‌സിന്റെ മുന്നേറ്റം.
ഇന്നും മിന്നി ധനലക്ഷ്മി ബാങ്ക്, കസറി മുത്തൂറ്റ് മൈക്രോഫിന്‍
മികച്ച മൂന്നാംപാദ പ്രവര്‍ത്തനഫലം പുറത്തുവിട്ട മുത്തൂറ്റ് മൈക്രോഫിന്‍ ഓഹരി ഇന്ന് 8.74 ശതമാനം ഉയര്‍ന്നു (
Read More
). ഏതാനും ദിവസങ്ങളായി കാഴ്ചവയ്ക്കുന്ന മുന്നേറ്റം ധനലക്ഷ്മി ബാങ്ക് ഇന്നും തുടര്‍ന്നു. 4.98 ശതമാനമാണ് ഇന്നത്തെ നേട്ടം.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

ചില ഏസ് ഇന്‍വെസ്റ്റര്‍മാരില്‍ നിന്നുള്ള മികച്ച റേറ്റിംഗിന്റെ ഉള്‍പ്പെടെ പശ്ചാത്തലത്തിലാണ് ധനലക്ഷ്മി ബാങ്കോഹരികളുടെ വളര്‍ച്ച. ബി.പി.എല്‍., ഹാരിസണ്‍സ് മലയാളം, ഇന്‍ഡിട്രേഡ്, കല്യാണ്‍ ജുവലേഴ്‌സ്, മണപ്പുറം ഫിനാന്‍സ്, പ്രൈമ ഇന്‍ഡസ്ട്രീസ്, സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ്, വെര്‍ട്ടെക്‌സ് എന്നിവയും ഇന്ന് 2-7 ശതമാനം നേട്ടമുണ്ടാക്കി.
ജി.ടി.എന്‍, പാറ്റ്‌സ്പിന്‍, ആസ്പിന്‍വോള്‍, കിംഗ്‌സ് ഇന്‍ഫ്ര, റബ്ഫില, ഇസാഫ് ബാങ്ക്, ഫാക്ട്, ഫെഡറല്‍ ബാങ്ക്, മുത്തൂറ്റ് ഫിനാന്‍സ്, ടി.സി.എം., വി-ഗാര്‍ഡ്, വണ്ടര്‍ല എന്നിവ ഇന്ന് നഷ്ടം നേരിട്ടവയാണ്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it