ചാഞ്ചാട്ടം കഴിഞ്ഞു കയറ്റം; ഐ.ടി കുതിപ്പില്‍
വിപണി തുടക്കത്തില്‍ ചാഞ്ചാട്ടത്തിലായി. ഉയര്‍ന്നു വ്യാപാരം തുടങ്ങിയ ശേഷം താഴ്ചയിലായി. വീണ്ടും കയറ്റത്തിലായി. വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ നിഫ്റ്റി 75 പോയിന്റ് ഉയരത്തിലാണ്. സെന്‍സെക്‌സ് 72,000നു മുകളിലും.
ബാങ്കുകളും ധനകാര്യ കമ്പനികളും ഇന്നു തുടക്കത്തില്‍ ദുര്‍ബലമായി. അതേസമയം ഐ.ടി നല്ല കുതിപ്പിലാണ്. നിഫ്റ്റി ഐ.ടി രണ്ടര ശതമാനം കയറി. ടി.സി.എസ്, വിപ്രോ, എച്ച്.സി.എല്‍ എന്നിവ മൂന്നു ശതമാനത്തോളം ഉയര്‍ന്നു.
കുഴപ്പത്തിലായ പേയ്ടിഎം ഓഹരി രാവിലെ 10 ശതമാനത്തോളം ഇടിഞ്ഞിട്ടു തിരിച്ചു കയറി നാമമാത്ര നേട്ടത്തിലായി. ഒരു ശതമാനത്തിലേറെ ഓഹരിയില്‍ ബ്ലോക്ക് ഡീല്‍ നടന്നെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്.
പൊതുമേഖലാ ഓഹരികള്‍ ഇന്ന് ഇടിവിലായി. എന്‍.ബി.സി.സി, ഗെയില്‍, ഹഡ്‌കോ, ആര്‍.വി.എന്‍.എല്‍, ഇര്‍കോണ്‍, പവര്‍ഗ്രിഡ്, പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍, എച്ച്.എ.എല്‍, ഓയില്‍ ഇന്ത്യ, ഭെല്‍, കോള്‍ ഇന്ത്യ, എന്‍.ടി.പി.സി, എസ്.സി.ഐ തുടങ്ങിയവ താഴ്ന്നു.
രൂപ ഇന്നു കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ഡോളര്‍ 83.03 രൂപയില്‍ ഓപ്പണ്‍ ചെയ്തു. സ്വര്‍ണം ലോകവിപണിയില്‍ 2023 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 160 രൂപ കുറഞ്ഞ് 46,200 രൂപയായി.