മാറ്റമില്ലാതെ റിസര്‍വ് ബാങ്ക്‌ പണനയം, ജി.ഡി.പി നിഗമനം ഉയര്‍ത്തി; ഓഹരികളില്‍ ചാഞ്ചാട്ടത്തിനു ശേഷം ഉയര്‍ച്ച

നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. ജി.ഡി.പി വളര്‍ച്ച നിഗമനം ഉയര്‍ത്തി.

ആറംഗ പണനയ കമ്മിറ്റിയില്‍ നാലു പേര്‍ നിരക്കു മാറ്റേണ്ട എന്ന് അഭിപ്രായപ്പെട്ടു. റീപോ നിരക്ക് 6.5 ശതമാനത്തില്‍ തുടരും. എസ്.ഡി.എഫ് 6.25 ശതമാനവും എം.എസ്.എഫ് 6.75 ശതമാനവുമായി തുടരും.

പണലഭ്യത സംബന്ധിച്ച സമീപനത്തിലും ബാങ്ക് മാറ്റം വരുത്തുന്നില്ല. വിലക്കയറ്റം കുറയുന്നുണ്ടെങ്കിലും ഭക്ഷ്യവിലയിലും മറ്റും വെല്ലുവിളി തുടരുകയാണെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

2024-25 ധനകാര്യ വര്‍ഷം ജി.ഡി.പി വളര്‍ച്ച നിഗമനം 7.2 ശതമാനമായി ഉയര്‍ത്തി. നേരത്തേ പ്രതീക്ഷിച്ചത് ഏഴു ശതമാനമായിരുന്നു. ഒന്നാം പാദ വളര്‍ച്ച നിഗമനം 7.1ല്‍ നിന്ന് 7.3 ശതമാനമാക്കി. രണ്ടാം പാദ വളര്‍ച്ച 6.9ല്‍ നിന്ന് 7.2 ശതമാനമാക്കി. മൂന്നാം പാദത്തില്‍ 7.3 ശതമാനവും നാലില്‍ 7.2 ശതമാനവും ആണു പ്രതീക്ഷ.

ഈ ധനകാര്യ വര്‍ഷം വിലക്കയറ്റം 4.5 ശതമാനം എന്ന നിഗമനം ബാങ്ക് നിലനിര്‍ത്തി. ഒന്നാം പാദത്തില്‍ 4.9 ശതമാനമാണു പ്രതീക്ഷ. രണ്ടാം പാദത്തില്‍ 3.8 ശതമാനവും മൂന്നാം പാദത്തില്‍ 4.6 ശതമാനവും നാലാം പാദത്തില്‍ 4.5 ശതമാനവും പ്രതീക്ഷിക്കുന്നു.

വിപണി ചാഞ്ചാട്ടത്തിൽ

നയം പ്രതീക്ഷ പോലെ വന്നെങ്കിലും വിപണി സൂചികകള്‍ ചാഞ്ചാട്ടത്തിനു ശേഷം അല്‍പം കയറി. പണനയ പ്രഖ്യാപനം തുടങ്ങുമ്പോള്‍ സെന്‍സെക്‌സ് 75,620ലും നിഫ്റ്റി 22,980ലും ആയിരുന്നു. പ്രഖ്യാപനം കഴിയുമ്പോള്‍ സെന്‍സെക്‌സ് 75,630ലും നിഫ്റ്റി 23,990ലും ആയി.

രാവിലെ നേരിയ താഴ്ചയിലാണ് മുഖ്യ സൂചികകള്‍ വ്യാപാരം തുടങ്ങിയത്. പിന്നീടു കൂടുതല്‍ താണെങ്കിലും താമസിയാതെ തിരിച്ചു കയറി.

ഐ.ടി ഓഹരികള്‍ ഇന്നും ഗണ്യമായ മുന്നേറ്റം നടത്തി. 50 കോടി ഡോളറിന്റെ കരാര്‍ ലഭിച്ചത് വിപ്രോ ഓഹരിയെ നാലര ശതമാനത്തിലധികം ഉയര്‍ത്തി. കോഫോര്‍ജ്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, മൈന്‍ഡ് ട്രീ, എച്ച്.സി.എല്‍, ടി.സി.എസ് തുടങ്ങിയവയും നല്ല കയറ്റത്തിലാണ്.

ഡി.ആര്‍.ഡി.ഒയ്ക്ക് കപ്പല്‍ നിര്‍മിക്കാന്‍ 500 കോടിയുടെ കരാര്‍ ലഭിച്ചത് ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സിനെ എട്ടു ശതമാനം ഉയര്‍ത്തി.

മികച്ച ബിസിനസ് വളര്‍ച്ചയുടെ വെളിച്ചത്തില്‍ ശോഭ ബില്‍ഡേഴ്‌സ് എട്ടു ശതമാനം കയറി.

രൂപ, സ്വര്‍ണം, ക്രൂഡ്

രൂപ ഇന്നു മാറ്റമില്ലാതെ ഓപ്പണ്‍ ചെയ്തു. ഡോളര്‍ ഇന്നലത്തെ ക്ലോസിംഗ് നിരക്കായ 83.47 രൂപയില്‍ വ്യാപാരം തുടങ്ങി.

സ്വര്‍ണം ലോകവിപണിയില്‍ 2,380 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവനു 240 രൂപ വര്‍ധിച്ച് 54,080 രൂപയില്‍ എത്തി. കഴിഞ്ഞ മാസം 20-ന് പവന്‍ വില 55,120 രൂപ എന്ന റെക്കോര്‍ഡ് കുറിച്ചിരുന്നു.

ക്രൂഡ് ഓയില്‍ വില അല്‍പം താഴ്ന്നിട്ടു വീണ്ടും കയറി. ബ്രെന്റ് ഇനം 79.91 ഡോളര്‍ വരെ താണിട്ടു കയറി 80.07 ഡോളര്‍ ആയി.

Related Articles
Next Story
Videos
Share it