വീണ്ടും ചാഞ്ചാട്ടം; രൂപയ്ക്കും ഇടിവ്

ചാഞ്ചാട്ടത്തോടെയാണ് വിപണി ഇന്നു തുടങ്ങിയത്‌. നേരിയ നേട്ടം, പിന്നെ താഴ്ച, വീണ്ടും നേട്ടം, വീണ്ടും താഴ്ച അങ്ങനെ പോയി തുടക്കം. വിപണിക്കു ദിശാബോധം ലഭിക്കുന്നില്ല എന്നതാണു പ്രശ്നം.

ബാങ്ക് - ധനകാര്യ കമ്പനികളുടെ ഉയർച്ചതാഴ്ചകൾക്കനുസരിച്ചാണു മുഖ്യസൂചികകൾ കയറിയിറങ്ങിയത്.
മിഡ് ക്വാപ് , സ്മോൾ ക്യാപ് ഓഹരികൾ നല്ല നേട്ടമുണ്ടാക്കി. ഐ ടി, മീഡിയ, ഓയിൽ - ഗ്യാസ് കമ്പനികൾ ചെറിയ താഴ്ചയിലാണ്. പൊതുമേഖലാ ബാങ്കുകളും റിയൽറ്റിയും രാവിലെ കുതിച്ചു. നല്ല ഉത്സവകാല വിൽപന പ്രതീക്ഷിക്കുന്നത് ഗൃഹോപകരണ കമ്പനികളുടെ വില ഉയർത്തി.
സീ എൻറർടെയ്മെൻറിൻ്റെ എംഡിയെ നീക്കാൻ നിക്ഷേപക ഗ്രൂപ്പ് നടത്തുന്ന ശ്രമം നിയമയുദ്ധത്തിലേക്ക് നീങ്ങി. ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ ഇന്നു നിക്ഷേപക ഗ്രൂപ്പിൻ്റെ അപേക്ഷ പരിഗണിക്കും. സീ ഓഹരി രണ്ടര ശതമാനത്താേളം താണു.
ഫെഡറൽ ബാങ്ക് ഓഹരികൾ ഇന്നു രാവിലെ ആറു ശതമാനത്തോളം ഉയർന്നു.
വോഡഫോൺ ഐഡിയയിൽ പ്രൊമോട്ടർ ഗ്രൂപ്പുകൾ മൂലധന നിക്ഷേപത്തിനു തയാറാകുമെന്ന് ഉറപ്പായത് ഓഹരി വില ഗണ്യമായി ഉയർത്തി.
റിസർവ് ബാങ്കിൻ്റെ പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷനി (പി സി എ) ൽ നിന്നു മുക്തമായത് ഇന്ത്യൻ ഓവർസീസ് ബാങ്ക് ഓഹരിയെ 20 ശതമാനത്തോളം ഉയർത്തി.
സ്വർണം ഇന്നു രാവിലെ 1734 ഡോളർ വരെ കയറിയിട്ട് 1731ലേക്കു താണു. കേരളത്തിൽ പവന് 120 രൂപ താണ് 34,440 രൂപയായി. ഈ മാസത്തെ ഏറ്റവും താണ നിരക്കാണിത്.
രൂപ വീണ്ടും താണു. ഇന്നു രാവിലെ 10 പൈസ നേട്ടത്തോടെ ഡോളർ 74.35 രൂപയിലെത്തി. ഒരാഴ്ചയ്ക്കകം ഡോളർ നിരക്ക് ഒരു രൂപയോളം വർധിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it