ബിസിനസിലെ പൊന്‍തിളക്കം ഓഹരിയിലും പ്രതിഫലിക്കുമോ? ഈ കേരള ജൂവല്‍റിയുടെ സാധ്യതകള്‍ അറിയാം
1993 ല്‍ തൃശൂരില്‍ ആരംഭിച്ച സ്വര്‍ണാഭരണ ബിസിനസ് അതിവേഗം വിപുലപ്പെടുത്താന്‍ കല്യാണ്‍ ജൂവലേഴ്സിന് കഴിഞ്ഞു. 2022 -23 ഡിസംബര്‍ പാദത്തില്‍ ഏകീകൃത വരുമാനം 13 %, മധ്യ കിഴക്ക് രാജ്യങ്ങളില്‍ 24 %, ഇന്ത്യന്‍ ബിസിനസില്‍ 12 % എന്നിങ്ങനെ യാണ് വളര്‍ച്ച കൈവരിച്ചത്.
ദക്ഷിണ ഇന്ത്യക്ക് പുറത്തുള്ള സംസ്ഥാനങ്ങളില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ഇത് കൂടാതെ വിവിധ ആഘോഷ വേളകളില്‍ 2022 ല്‍ സ്വര്‍ണാഭരണ വില്‍പ്പന വര്‍ധിച്ചത് മൊത്തം മാര്‍ജിന്‍ ഉയരാന്‍ സഹായിച്ചു.
2023 ല്‍ 52 പുതിയ ഷോറൂമുകള്‍ തുറക്കും. അടുത്ത മൂന്ന് മാസത്തില്‍ 11 പുതിയ ഫ്രാഞ്ചൈസ്ഡ് ഷോ റൂമുകള്‍ ആരംഭിക്കും. ഓണ്‍ലൈന്‍ ആഭരണ ബ്രാന്‍ഡായ ക്യാന്‍ഡറെയുടെ (ഇമിറലൃല) വളര്‍ച്ച കുറഞ്ഞു. സ്റ്റഡെഡ് ആഭരണ ബിസിനസില്‍ മികച്ച വളര്‍ച്ച നേടി.
ദക്ഷിണ ഇന്ത്യക്ക് പുറത്ത് ബിസിനസ് മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. മിഡില്‍ ഈസ്റ്റില്‍ 169 ഷോറൂമുകള്‍ ഉണ്ട്.
ഡിസംബര്‍ മൂന്നാം വാരത്തിന് ശേഷം ഓഹരി 107 രൂപയില്‍ നിന്ന് 131 രൂപ വരെ ഉയര്‍ന്നു. നിഫ്റ്റി മിഡ് ക്യാപ് 100 നെ ക്കാള്‍ മികച്ച നേട്ടമാണ് കല്യാണ്‍ ജൂ വലേഴ്സ് ഓഹരിയില്‍ ഉണ്ടായിരിക്കുന്നത്. 25 പുതിയ ഫ്രാഞ്ചൈസി ഷോറൂമുകള്‍ ആരംഭിക്കാന്‍ ധാരണയായിട്ടുണ്ട്.
പ്രമോട്ടര്‍ മാര്‍ക്ക് 60 % ഓഹരി വിഹിതം ഉണ്ട്, വിദേശ നിക്ഷേപകര്‍ക്ക് 2.8 %, പൊതു നിക്ഷേപകരുടെ കൈവശം 34.3 ശതമാനമാണ്.
പുതിയ ആഭരണ ഡിസൈനുകള്‍ പുറത്തിറക്കിയും, ഫ്രാഞ്ചൈസി ബിസിനസ് വികസിപ്പിച്ചും കൂടുതല്‍ വരുമാനം നേടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. യുവതലമുറയെ ആകര്‍ഷിക്കാന്‍ പുതിയ ഡിസൈനുകള്‍ ആവശ്യമാണ്.
സ്വര്ണാഭരണ ബിസിനസില്‍ അസംഘടിത മേഖലയുടെ ആധിപത്യം കുറയുകയാണ്. എന്നാല്‍ സംഘടിത മേഖലയില്‍ മത്സരവും വര്‍ധിക്കുന്നുണ്ട്. സ്വര്‍ണ വില വര്‍ധനവ് ആഭരണ ഡിമാന്‍ഡില്‍ കുറവ് വരുത്താന്‍ സാധ്യത ഉണ്ട്. എങ്കിലും കല്യാണ്‍ ജൂവലേഴ്സ് 2023 -24 ല്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുമെന്ന് പ്രതീക്ഷിക്കാം.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം: വാങ്ങുക (Buy)
ലക്ഷ്യ വില - 138 രൂപ
നിലവില്‍ - 122 രൂപ
(Stock Recommendation by Centrum Broking)