ഓഹരി നിര്‍ദേശം: മാര്‍ജിന്‍ ഇനിയും മെച്ചപ്പെടുമെന്ന് പ്രതീക്ഷ,വാങ്ങാം ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍


ഡോക്റ്റര്‍ ആസാദ് മൂപ്പന്റെ നേതൃത്വത്തില്‍ അതിവേഗം വികസിക്കുന്ന പ്രമുഖ ആരോഗ്യ സേവന കമ്പനിയാണ് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ (Aster DM Healthcare Ltd). ഇന്ത്യ കൂടാതെ ഗള്‍ഫ് സഹകരണ രാജ്യങ്ങളില്‍ (ജി സി സി) ആശുപത്രി ശൃംഖലകള്‍ സ്ഥാപിക്കുകയൂം, ഫാര്‍മസി, രോഗ നിര്‍ണയ (diagnostic) സേവനങ്ങള്‍ പ്രത്യേകമായിട്ടും നല്‍കുന്നുണ്ട്.

2022 -23 സെപ്റ്റംബര്‍ പാദത്തില്‍ ഏകീകൃത വരുമാനം (സബ്സിഡിയറി സ്ഥാപനങ്ങളുടെയും ചേര്‍ത്ത്) 12 % വര്‍ധിച്ച് 2816 കോടി രൂപയായി. പലിശക്കും, നികുതിക്കും മുന്‍പുള്ള ലാഭം (EBITDA) 319 കോടി രൂപയായി കുറഞ്ഞു (മുന്‍ വര്ഷം 343 കോടി രൂപ) ഇതിന് കാരണം പുതിയ ആശുപത്രികള്‍ ഇന്ത്യയിലും, ഗള്‍ഫ് സഹകരണ രാജ്യങ്ങളിലും ആരംഭിച്ചത് കൊണ്ടാണ്. അറ്റാദായം 107 കോടി രൂപയില്‍ നിന്ന് 46 കോടി രൂപയായി കുറഞ്ഞു.

ജി സി സി ബിസിനസില്‍ 9 % വരുമാന വര്‍ധനവ് ഉണ്ടായി -2059 കോടി രൂപ. EBITDA 241 കോടി രൂപയില്‍ നിന്ന് 192 കോടി രൂപയായി കുറഞ്ഞു. ഇന്ത്യന്‍ ബിസിനസില്‍ 24 % വരുമാനം വര്‍ധിച്ച് 797 കോടി രൂപയായി. EBITDA 24 % വര്‍ധിച്ച് 127 കോടി രൂപയായി.

ആസ്റ്റര്‍ ഇന്ത്യയിലും, ജി സി സി യിലും വികസനത്തിന്റ്റെ പാതയിലാണ്. അര്‍ബുദ ചികിത്സക്കായി ബാംഗളൂരില്‍ പുതിയ കേന്ദ്രം ആരംഭിച്ചു. അര്‍ബുദ പരിരക്ഷക്കും, റോബോട്ടിക് ശാസ്ത്രക്രിയകള്‍ക്കും ഊന്നല്‍ നല്‍കുന്ന കേന്ദ്രമാണ്.

ആന്ധ്ര പ്രദേശിലെ തിരുപ്പതിയില്‍ ഓപ്പറേഷന്‍ & മാനേജ് മെന്റ്റ് അടിസ്ഥാനത്തില്‍ അസറ്റ് ലൈറ്റ് മാതൃകയില്‍ ഒരു ആശുപത്രി ഏറ്റെടുക്കുകയാണ്. 150 കിടക്കകള്‍ ഉള്ള നാരായണാദ്രി ആശുപത്രിയാണ് ഏറ്റെടുക്കാന്‍ ധാരണ യായത്. അസറ്റ് ലൈറ്റ് മാതൃകയില്‍ മൊത്തം 290 കിടക്കകള്‍ ഉള്ള ചികിത്സ കേന്ദ്രങ്ങള്‍ ആസ്റ്റര്‍ ഈ സാമ്പത്തിക വര്‍ഷം ആരംഭിക്കും. 2 -3 ആശുപത്രികള്‍ കൂടി ഈ മാതൃകയില്‍ ഏറ്റെടുക്കും- അങ്ങനെ 300 -400 കിടക്കകള്‍ കൂടി ആസ്റ്ററിന് ലഭിക്കും.

ഹൈദരാബാദില്‍ ഒരു ആശുപത്രിയില്‍ നിലവിലുള്ള ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കും. വടക്കന്‍ കേരളത്തില്‍ നാലു ആശുപത്രികള്‍ ഉള്ള മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഓഹരി പങ്കാളിത്തം കൂട്ടുകയാണ്.ഒമാനിലും, ഷാര്‍ജയിലും പുതിയ ആശുപത്രികള്‍ ആരംഭിച്ചു. ആസ്റ്റര്‍ ബിസിനസ് പുനഃക്രമീകരിച്ച് ജി സി സി യിലെ ബിസിനസ് പ്രത്യേക കമ്പനിയാക്കാന്‍ ആലോചനകള്‍ നടക്കുന്നു. ഇത് കമ്പനിയുടെ വളര്‍ച്ചയെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യയിലും, ജി സി സി യിലും പുതിയ ആശുപത്രികള്‍ ആരംഭിക്കുന്നതും, ഫാര്‍മസികളും, ഡയഗ്‌നോസ്റ്റിക് ലാബുകള്‍ സ്ഥാപിക്കുന്നതും കമ്പനിയുടെ സാമ്പത്തിക വളര്‍ച്ചക്ക് സഹായിക്കുമെന്ന് കരുതുന്നു.


നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില 265 രൂപ

നിലവില്‍- 236.10 രൂപ.

( Stock Recommendation by Prabhudas Lilladher )



Related Articles

Next Story

Videos

Share it