Begin typing your search above and press return to search.
എ.ടി.എം ക്യാഷ് മാനേജ്മെന്റ് ബിസിനസില്‍ ശക്തം, ഈ ഓഹരി മുന്നേറ്റത്തില്‍
ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, വ്യപാര സ്ഥാപനങ്ങള്‍, ഇ-കൊമേഴ്സ് കമ്പനികള്‍ തുടങ്ങിയവയ്ക്ക് ക്യാഷ് മാനേജ്മെന്റ്, എ.ടി.എം മാനേജ്മെന്റ്, നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള വിദൂര നിരീക്ഷണം മുതലായ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് സി.എം.എസ് ഇന്‍ഫോ സിസ്റ്റംസ് (CMS Info Systems Ltd). 2022-23ല്‍ മികച്ച സാമ്പത്തിക ഫലം പുറത്തുവിട്ട ശേഷം ഓഹരി മുന്നേറ്റത്തിലാണ്. തുടര്‍ന്നുള്ള സാധ്യത നോക്കാം:
1. ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖല വാണിജ്യ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന് ജൂണ്‍ മാസത്തില്‍ 5,200ലധികം എ.ടി.എം മെഷിനുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തന സജ്ജമാക്കി. ക്യാഷ് മാനേജ്മെന്റ്, പണം നിറക്കല്‍, നിരീക്ഷണ സേവനങ്ങള്‍ എന്നിവ 26 സംസ്ഥാനങ്ങളിലെ 526 നഗരങ്ങളില്‍ വിജയകരമായി നടപ്പാക്കി.
2. 2022-23ല്‍ വരുമാനം 20% വളര്‍ച്ച കൈവരിച്ച് 1,915 കോടി രൂപയായി. നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള വരുമാനം (EBITDA) 36% വര്‍ധിച്ച് 552 കോടി രൂപയായി. EBITDA മാര്‍ജിന്‍ 28.6% (+3 .1 %), അറ്റാദായം 297 കോടി രൂപ(+33 %).
3. ഇന്ത്യയില്‍ മൊത്തം 2,60,000 ബാങ്ക് എ.ടി.എമ്മുകള്‍ സ്ഥാപിച്ചിട്ടുള്ളതില്‍ 47 ശതമാനത്തിന്റെയും ക്യാഷ് മാനേജ്‌മെന്റും മറ്റ് സേവനങ്ങളും കൈകാര്യം ചെയ്യുന്നത് സി.എം.എസ് കമ്പനിയാണ്. എ.ടി.എമ്മുകളില്‍ പണം ഒരു മാസത്തില്‍ എത്ര പ്രാവശ്യം പണം ലോഡ് ചെയ്യുന്നു എന്നതിന് അനുസരിച്ചാണ് കമ്പനിക്ക് വരുമാനം ലഭിക്കുന്നത്.
4. പൊതുമേഖല ബാങ്ക് ശാഖകള്‍ ഉള്ള സ്ഥലങ്ങളില്‍ എ.ടി.എം വേണമെന്ന് റിസര്‍വ് ബാങ്ക് നിബന്ധന കൊണ്ട് വന്നതിന് ശേഷം പുതിയ എ.ടി.എം സ്ഥാപിക്കുന്നത് വര്‍ധിച്ചു വരികയാണ്. അടുത്ത 3-4 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷം പുതിയ എ.ടി.എമ്മുകള്‍ സ്ഥാപിക്കപ്പെടുമെന്ന് കണക്കാക്കുന്നു. ഇത് സി.എം.എസ് കമ്പനിക്ക് കൂടുതല്‍ ബിസിനസ് ലഭിക്കാന്‍ സാഹചര്യം ഒരുക്കും. സ്വന്തമായി എ.ടി.എം മെഷീന്‍ നിര്‍മാണവും ആരംഭിച്ചു.
5. ബാങ്കുകള്‍ കൂടാതെ റീറ്റെയ്ല്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും ഇ-കൊമേഴ്സ് കമ്പനികള്‍ക്കും ക്യാഷ് ചെസ്റ്റ് മാനേജ്മെന്റ് സേവനങ്ങള്‍ നല്‍കുന്നുണ്ട്. റീറ്റെയ്ല്‍ സ്ഥാപനങ്ങള്‍ക്ക് 52,000 സ്ഥലങ്ങളിലാണ് ഈ സേവനങ്ങള്‍ നല്‍കുന്നത്.
6. 2022-23 നാലാം പാദത്തില്‍ വരുമാനം ആദ്യമായി 500 കോടി രൂപ കടന്നു. വലിയ കടബാധ്യത ഉണ്ടായിരുന്ന കമ്പനി ഇപ്പോള്‍ കടവിമുക്തമായി. കഴിഞ്ഞ 5 വര്‍ഷത്തില്‍ വരുമാനത്തില്‍ 20% സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിച്ചു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക
ലക്ഷ്യ വില - 419 രൂപ
നിലവില്‍ - 383 രൂപ
Stock Recommendation by IIFL Securities.
Equity investing is subject to market risk. Please do your own research or consult a financial advisor before investing.
Next Story
Videos