ഇന്നത്തെ ഓഹരി: യുണൈറ്റഡ് ബ്രൂവെറീസ്(United Breweries Ltd)
1915 ൽ തെക്കേ ഇന്ത്യയിലെ 5 ബ്രൂവെറികളെ ലയിപ്പിച്ചു കൊണ്ടാണ് യുണൈറ്റഡ് ബ്രൂവെറീസ് (United Breweries Ltd) സ്ഥാപിച്ചത്. ആദ്യമൊക്കെ ബ്രിട്ടീഷ് സൈനികർക്ക് കാളവണ്ടിയിൽ വീപ്പയിലാണ് ബിയർ എത്തിച്ചിരുന്നത്. 1944 ൽ ആദ്യമായി കുപ്പിയിൽ ബിയർ വിൽപ്പന്ന ആരംഭിച്ചു -എക്സ്പോർട്സ് ബിയർ എന്നായിരുന്നു പേരിട്ടിരുന്നത്. ഇന്ന് യൂ ബി ബിയർ വൈവിധ്യമായ മദ്യം അടങ്ങിയതും അടങ്ങാത്തതുമായ 30 ൽ പ്പരം ബ്രാൻഡുകൾ പുറത്തിറക്കുന്നു. ഹൈനെകെൻ (Heineken) എന്ന അന്താരാഷ്ട്ര ബ്രാൻഡും നിർമ്മിച്ച് വിതരണം ചെയ്യുന്നു. ഇന്ത്യയിൽ നിലവിൽ 50 ശതമാനത്തിൽ അധികം വിപണി വിഹിതം നേടിയിട്ടുണ്ട്.
ബിയർ ഉൽപ്പാദനത്തിൽ പ്രധാന ചേരുവയായ ബാർളിയുടെ വില 70 % വർധിച്ചു. (മൊത്തം ഉൽപ്പാദന ചെലവിൽ ബാർളിയുടെ പങ്ക് 15 %) എന്നാൽ ബാർളിയുടെ സംഭരണം അവസാന ഘട്ടത്തിൽ എത്തിയതിനാൽ വരും സീസണിലേക്ക് ആവശ്യത്തിന് സ്റ്റോക്ക് ഉണ്ട്. വർധിച്ച് ഉൽപ്പാദന ചെലവ് നേരിടാൻ ചില സംസ്ഥാനങ്ങളിൽ വില കൂട്ടി വിൽക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രീമിയം ബ്രാൻഡുകളിൽ വിപണി വിഹിതം വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്, ഇത് ലാഭ ക്ഷമത കൂട്ടും. 2022-23 ൽ ബിയർ വിൽപ്പനയിൽ 27 % വർധനവ് പ്രതീക്ഷിക്കുന്നു തുടർന്നുള്ള വർഷം 7 ശതമാനവും. ഈ സാമ്പത്തിക വർഷം തന്നെ ഡിമാൻറ്റ് കോവിഡിന് മുൻപുള്ള നിലയിലേക്ക് എത്തുമെന്ന് പ്രതീക്ഷ. 2021-22 ലെ നാലാം പാദത്തിൽ വിറ്റ് വരവും, നികുതിക്ക് മുൻപും ശേഷവുമുള്ള ലാഭവും ത്രൈ മാസ അടിസ്ഥാനത്തിൽ ഏറ്റവും ഉയർന്ന നിലയിൽ എത്തി.
2021-22 വിറ്റ് വരവിൽ 38 % വർധനവും, നികുതിക്ക് മുൻപുള്ള ലാഭം 157 % വർധിച്ചു. മൂലധന നിക്ഷേപം കുറച്ചും, കുപ്പി ശേഖരണം വർധിപ്പിച്ചും, മുൻകൂർ അടച്ച എക്സ് സൈസ് നികുതി തിരികെ പിടിച്ചും ക്യാഷ് ഫ്ലോ മെച്ചപ്പെടുത്താൻ കഴിഞ്ഞു. പഴയ കുപ്പികൾ ശേഖരിച്ച വൃത്തിയാക്കിയവയിലാണ് കമ്പനി വിൽക്കുന്ന 67 % ബിയർ നിറക്കുന്നത്.
ഉൽപ്പന്ന വില വർധിപ്പിച്ചും, പുതിയ ബ്രാൻഡുകൾ പുറത്തിറക്കിയും, മൂലധന ചെലവുകൾ നിയന്ത്രിച്ചും യുണൈറ്റഡ് ബ്രൂവെറീസിന് മെച്ചപ്പെട്ട സാമ്പത്തിക നേട്ടങ്ങൾ വരും വർഷങ്ങളിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.