ടി.സി.എസിനു ശേഷമുള്ള ആദ്യ ഐ.പി.ഒയുമായി ടാറ്റ ഗ്രൂപ്പ്

നീണ്ട 18 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രാജ്യത്തെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പുകളിലൊന്നായ ടാറ്റയില്‍ നിന്ന് വീണ്ടുമൊരു കമ്പനികൂടി ഓഹരി വിപണിയിലേക്കെത്തുന്നു. ടാറ്റാ മോട്ടോഴ്‌സിന്റെ ഉപകമ്പനിയായ ടാറ്റ ടെക്‌നോളജീസാണ് പ്രാരംഭ ഓഹരി വില്‍പ്പന(ഐ.പി.ഒ) യുമായി എത്തുന്നത്. 2004 ല്‍ നടന്ന ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ(ടി.സി.എസ്) ഐ.പി.ഒയാണ് ഗ്രൂപ്പില്‍ നിന്നുള്ള അവസാനത്തേത്.

ഐ.പി.ഒയ്ക്ക് ആവശ്യമായ പ്രാരംഭ രേഖകള്‍ കഴിഞ്ഞ മാര്‍ച്ചില്‍ സമര്‍പ്പിച്ചെങ്കിലും അടുത്ത അഞ്ച്-ആറ് മാസങ്ങള്‍ക്കുളള്ളിലായിരിക്കും ഐ.പി.ഒ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വിറ്റഴിക്കുന്നത് 9.57 കോടി ഓഹരികള്‍

നിലവില്‍ ടാറ്റാ ടെക്‌നോളജീസില്‍ 74.69 ശതമാനം ഓഹരി പങ്കാളിത്തവും ടാറ്റാ മോട്ടോഴ്‌സിനാണ്. ആല്‍ഫയ്ക്ക് 7.26 ശതമാനവും ടാറ്റ കാപിറ്റലിന് 3.63 ശതമാനവുമാണ് പങ്കാളിത്തം. മൊത്തം 9.57 കോടി ഓഹരികളാണ് വിറ്റഴിക്കുക. ഇതില്‍ 8.11 കോടിയും ടാറ്റാ മോട്ടോഴ്‌സാണ് വില്‍ക്കുന്നത്. ബാക്കി ആല്‍ഫ ടി.സി ഹോള്‍ഡിംഗ്‌സും ടാറ്റ കാപ്പിറ്റല്‍ ഗ്രോത്ത് ഫണ്ടും. 8,000 കോടി രൂപയാണ് കമ്പനിയുടെ മൂല്യം കണക്കാക്കുന്നത്. ഐ.പി.ഒ വഴി ടാറ്റ മോട്ടോഴ്‌സിന് 1,600 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.

ഏയ്‌റോ സ്‌പേസ്, ഓട്ടോമോട്ടീവ്, ഇന്‍ഡസ്ട്രിയല്‍ ഹെവി മെഷിനറി തുടങ്ങിയ മേഖലകള്‍ക്കുള്ള സാങ്കേതിക സേവനങ്ങള്‍ കമ്പനി നല്‍കി വരുന്ന കമ്പനിയാണ് ടാറ്റ ടെക്‌നോളജീസ്.

Related Articles
Next Story
Videos
Share it