ഒരു ലക്ഷം രൂപയുടെ നിക്ഷേപം 6.5 കോടിയായി, കിടിലന്‍ നേട്ടം സമ്മാനിച്ച കമ്പനിയിതാ

ഓഹരി വിപണിയില്‍ എന്ത് നിക്ഷേപരീതി സ്വീകരിക്കണമെന്ന് ചോദിക്കുമ്പോള്‍ മിക്ക വിപണി വിദഗ്ധരും നിര്‍ദേശിക്കാറുള്ളത് ദീര്‍ഘകാല നിക്ഷേപമാണ്. കാരണം, ദീര്‍ഘകാല നിക്ഷേപങ്ങള്‍ മികച്ച നേട്ടം നല്‍കുമെന്നത് തന്നെ. കമ്പനികളെ പഠിച്ച്, ഭാവിസാധ്യതകള്‍ മനസിലാക്കി ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുമ്പോള്‍ ചിലപ്പോള്‍ അസാധാരണ നേട്ടങ്ങള്‍ വരെ ലഭിച്ചേക്കാം. അത്തരത്തില്‍, 20 വര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് കിടിലന്‍ നേട്ടം സമ്മാനിച്ച കമ്പനിയാണ് എസ്ആര്‍എഫ് ലിമിറ്റഡ്. കെമിക്കല്‍ കമ്പനിയായ എസ്ആര്‍എഫ് 20 വര്‍ഷത്തിനിടെ 65,350 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.

ഫ്‌ലൂറോകെമിക്കലുകള്‍, സ്‌പെഷ്യാലിറ്റി കെമിക്കല്‍സ്, പാക്കേജിംഗ് ഫിലിമുകള്‍, ടെക്നിക്കല്‍ ടെക്സ്‌റ്റൈല്‍സ് തുടങ്ങിയവയാണ് എസ്ആര്‍എഫ് ലിമിറ്റഡിന്റെ ബിസിനസ് പോര്‍ട്ട്ഫോളിയോയില്‍ ഉള്‍പ്പെടുന്നത്. ഇന്ത്യയില്‍ 11 നിര്‍മാണ് പ്ലാന്റുകളുള്ള എസ്ആര്‍എഫ് ലിമിറ്റഡിന് കീഴില്‍ 7,000 ഓളം തൊഴിലാളികളാണുള്ളത്. 75-ലധികം രാജ്യങ്ങളിലേക്ക് കമ്പനി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.
ഒരു ലക്ഷം 6.5 കോടിയിലേക്ക്
20 വര്‍ഷങ്ങള്‍ക്ക് മുമ്പ് 3.71 രൂപയുണ്ടായിരുന്നു എസ്ആര്‍എഫ് ലിമിറ്റഡിന്റെ ഓഹരി വിലയെങ്കില്‍ വെള്ളിയാഴ്ച്ച വ്യാപാരം അവസാനിപ്പിച്ചത് 2,424.50 രൂപയിലാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 3.5 ശതമാനത്തിന്റെ വളര്‍ച്ച മാത്രമാണ് ഓഹരി വിപണിയിലുണ്ടായതെങ്കിലും ദീര്‍ഘകാലത്തില്‍ നിക്ഷേപകര്‍ക്ക് മികച്ച വളര്‍ച്ച സമ്മാനിച്ചിട്ടുണ്ട്.
അതായത്, 20 വര്‍ഷം മുമ്പ് ഒരു ലക്ഷം രൂപ ഈ കമ്പനിയില്‍ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്ന് അത് 6.5 കോടി രൂപയായി വളര്‍ന്നിട്ടുണ്ടാകും.
അതേസമയം, ദീര്‍ഘകാലയളവില്‍ മാത്രമല്ലാതെ ഒരു വര്‍ഷത്തിനിടയിലും എസ്ആര്‍എഫ് ലിമിറ്റഡ് മികച്ച നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനിടെ 122 ശതമാനത്തോളം വളര്‍ന്നപ്പോള്‍ ഓഹരിയില്‍ 1,336 രൂപയുടെ ഉയര്‍ച്ചയാണുണ്ടായത്. കഴിഞ്ഞ ഒരു ദശകത്തിനിടെയുള്ള കമ്പനിയുടെ വളര്‍ച്ച നോക്കുമ്പോള്‍ ഓഹരി വില 54.54 രൂപയില്‍നിന്ന് 4350 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.



Related Articles
Next Story
Videos
Share it