ഇന്ന് അഡാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു, കാരണം ഇതാണ്

റിക്കാർഡ് നിലവാരത്തിലെ ലാഭമെടുപ്പ്, ഇപ്പോഴത്തെ നിലവാരം ഉറപ്പുള്ളതല്ലെന്ന ഭീതി, ഡോളറിൻ്റെ കരുത്ത്, ക്രൂഡ് ഓയിൽ വിലക്കയറ്റം: ഇന്നു രാവിലെ ഇന്ത്യൻ ഓഹരി വിപണി താഴോട്ടു നീങ്ങിയതിനു പറയാൻ കാരണങ്ങൾ നിരവധി. പ്രീ ഓപ്പണിൽ ഉയർച്ച കാണിച്ച സൂചികകൾ പിന്നീടു കുത്തനെ താണു. സെൻസെക്സ് 500 പോയിൻ്റിലേറെ താണിട്ട് മുന്നൂറു പാേയിൻ്റ് തിരിച്ചു കയറി. വീണ്ടും ചാഞ്ചാടി. നിഫ്റ്റിയും സമാന്തരമായി ഇറങ്ങിക്കയറി. മുഖ്യസൂചികകളേക്കാൾ താഴോട്ടു പോയത് മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളാണ്.
അഡാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില ഇന്നു കുത്തനെ ഇടിഞ്ഞു. എല്ലാ ഓഹരികളും പ്രതിദിന ലോവർ സർക്യൂട്ടിൽ എത്തി. ഗ്രൂപ്പിലെ നാലു കമ്പനികളിൽ ചില മൗറീഷ്യസ് ഫണ്ടുകളുടെ നിക്ഷേപം മരവിപ്പിച്ചതായ വാർത്തയെ തുടർന്നാണിത്. 43,500 കോടി രൂപയുടെ ഓഹരികളുടെ കൈമാറ്റമാണു തടഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുപ്പമുള്ള ഗൗതം അഡാനിയുടെ ഗ്രൂപ്പിനു നേരേ ഉണ്ടായ നടപടി വിപണിയെ ഞെട്ടിച്ചിട്ടുണ്ട്. സമ്പത്ത് ഒറ്റ വർഷം കൊണ്ട് ഇരട്ടിപ്പിച്ച് മുകേഷ് അംബാനിയുടെ തൊട്ടടുത്ത് അഡാനി എത്തിയിരുന്നു.
അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ഇന്നത്തെ വിപണി ഇടിവിനിടയിലും നേട്ടത്തിലാണ്. ഒരവസരത്തിൽ സെൻസെക്സ് ഓഹരികളിൽ റിലയൻസും ഐടി വമ്പന്മാരും മാത്രമാണ് ഉയർന്നു നിന്നത്.
സ്റ്റീൽ അടക്കം ലോഹങ്ങൾ, ബാങ്കുകൾ, ധനകാര്യ കമ്പനികൾ, സിമൻ്റ് കമ്പനിക് തുടങ്ങിയവ ഇന്നു രാവിലെ താഴോട്ടു പോയത്.
കേരളത്തിൽ നിന്നുള്ള ബാങ്കുകൾ, ധനകാര്യ കമ്പനികൾ എന്നിവയും രാവിലെ താഴ്ന്നു.
വൈദ്യുതി ഉൽപാദകർക്കു കേന്ദ്രത്തിൻ്റെ സമ്മാനം
സംസ്ഥാനങ്ങൾക്ക് അധിക വായ്പയെടുക്കാൻ വൈദ്യുതി കമ്പനികളുടെ കുടിശികയും ബില്ലും തീർക്കണമെന്നു കേന്ദ്രം വ്യവസ്ഥ വച്ചു. ഇതിൻ്റെ പ്രതീക്ഷയിലാണ് ഒരാഴ്ചയായി വൈദ്യുതി കമ്പനികൾക്കു വില കൂടിയത്. അനിൽ അംബാനി തൻ്റെ നഷ്ടത്തിൽ കിടക്കുന്ന റിലയൻസ് പവറിൽ പണം മുടക്കാൻ തീരുമാനിച്ചതും ഇതു പ്രതീക്ഷിച്ചാണ്. സംസ്ഥാനങ്ങൾക്കു ജിഡിപിയുടെ അര ശതമാനം കൂടി കടമെടുക്കാൻ നൽകിയ അനുമതിക്കാണ് ഈ വ്യവസ്ഥ. സംസ്ഥാനങ്ങൾ ഇതറിയും മുമ്പേ കമ്പനികളും ഓഹരി വിപണിയും വിവരമറിഞ്ഞു. വൈദ്യുതി വാങ്ങാൻ ഉണ്ടാക്കുന്ന കരാറുകൾ കർശനമായി പാലിക്കണമെന്ന വ്യവസ്ഥയും കേന്ദ്രം വച്ചിട്ടുണ്ട്.
ഡോളർ ഇന്നു 13 പൈസ ഉയർന്ന് 73.20 രൂപയിലാണു വ്യാപാരം തുടങ്ങിയത്.
ബ്രെൻറ് ഇനം ക്രൂഡ് 73.21 ഡോളർ വരെ കയറി. പിന്നീട് അൽപം താണു.
സ്വർണവില ഔൺസിന് 1862 ഡോളർ വരെ താണിട്ട് 1864 ലേക്കു കയറി. കേരളത്തിൽ പവന് 200 രൂപ കുറഞ്ഞ് 36,400 രൂപയായി. ശനിയാഴ്ച പവന് 280 രൂപ കുറഞ്ഞിരുന്നു.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it