ആറ് മാസത്തിനിടെ 650 ശതമാനത്തിന്റെ വളര്‍ച്ച, ഓഹരി വിപണിയില്‍ ആറാടി ഈ കമ്പനി

ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിനിടയിലും നിക്ഷേപകര്‍ക്ക് മിന്നും നേട്ടം സമ്മാനിച്ച് എആര്‍സി ഫിനാന്‍സ് ലിമിറ്റഡ്. ആറ് മാസത്തിനിടെ 651 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ ഫിനാന്‍സ് കമ്പനിയുടെ ഓഹരി വിലയിലുണ്ടായത്. ആറ് മാസം മുമ്പ് 8.51 രൂപയുണ്ടായിരുന്ന ഓഹരി വില ഇന്ന് 63.95 രൂപയിലാണ് എത്തിനില്‍ക്കുന്നത്. അതേസമയം, ഓരു വര്‍ഷത്തെ കമ്പനിയുടെ പ്രകടനം വിലയിരുത്തുമ്പോള്‍ 1,422 ശതമാനത്തോളമാണ് ഓഹരി വിലയിലെ വര്‍ധന. ഒരു വര്‍ഷം മുമ്പ് 4.20 രൂപയായിരുന്നു എആര്‍സി ഫിനാന്‍സ് ലിമിറ്റഡിന്റെ ഓഹരി വില.

കഴിഞ്ഞ കുറച്ചു ആഴ്ചകളായി തുടരുന്ന ഓഹരി വിപണിയിലെ ശക്തമായ ചാഞ്ചാട്ടത്തിനിടയിലും ഓഹരി വില കുതിച്ചുയര്‍ന്ന എആര്‍സി ഫിനാന്‍സ് ഒരു മാസത്തിനിടെ നിക്ഷേപകര്‍ക്ക് സമ്മാനിച്ചത് 175 ശതമാനത്തിന്റെ നേട്ടമാണ്. ഇന്ന് മാത്രം അഞ്ച് ശതമാനത്തോളമാണ് ഓഹരി വില വര്‍ധിച്ചത്. 2016 ഒക്ടോബറില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഈ കമ്പനിയുടെ എല്ലാകാലത്തെയും ഉയര്‍ന്നനിലയും ഇതാണ്.
വെസ്റ്റ് ബംഗാള്‍ ആസ്ഥാനമായുള്ള എന്‍ബിഎഫ്‌സി കമ്പനിയായ എആര്‍സി ഫിനാന്‍സ് ലിമിറ്റഡിന്റെ കഴിഞ്ഞ പാദത്തിലെ ഫലവും മികവുറ്റതായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 1,852 ശതമാനത്തിന്റെ വളര്‍ച്ചയാണ് അറ്റ വില്‍പ്പനയില്‍ കമ്പനി നേടിയത്. കൂടാതെ, അറ്റാദായം 0.23 കോടിയില്‍നിന്ന് 152.3 ശതമാനത്തോളം വര്‍ധിച്ച് 0.44 കോടിയായും ഉയര്‍ന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വില്‍പ്പനയിലും ലാഭത്തിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്.
ചെറുകിട, വന്‍കിട വ്യവസായങ്ങള്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ക്ക് താങ്ങാനാവുന്ന നിരക്കില്‍ വായ്പകള്‍ വാഗ്ദാനം ചെയ്യുന്ന എആര്‍സി ഫിനാന്‍സ് ലിമിറ്റഡ് വിവിധ മേഖലകളില്‍ മൈക്രോ ഫിനാന്‍സ് വായ്പകളും നല്‍കുന്നുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ അര്‍ബന്‍, സെമി അര്‍ബന്‍, റൂറല്‍ പ്രദേശങ്ങളെ കേന്ദ്രീകരിച്ചാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.


Related Articles
Next Story
Videos
Share it