ആറ് മാസത്തിനിടെ 785 ശതമാനം നേട്ടം, വിപണിയില്‍ കുതിച്ചുപായുന്ന ഈ ഓഹരി അറിയുമോ?

ഓഹരി വിപണിയില്‍ അഭൂതപൂര്‍വ്വമായ നേട്ടങ്ങള്‍ സമ്മാനിക്കുന്ന കമ്പനികള്‍ വിരളമാണ്. എന്നാല്‍ കഴിഞ്ഞ ആറ് മാസമായി വിപണിയില്‍ കുതിച്ചുപായുന്നൊരു ഓഹരിയുണ്ട്. കോഹിനൂര്‍ ഫുഡ്സ് ലിമിറ്റഡ്. ആറ് മാസത്തിനിടെ ഓഹരി വിലയില്‍ 785 ശതമാനത്തിന്റെ നേട്ടവുമായി നിക്ഷേപകരെ അമ്പരപ്പിച്ചിരിക്കുകയാണ് ഭക്ഷ്യ സംസ്‌കരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനി. ഏപ്രില്‍ 21ന് ശേഷം തുടര്‍ച്ചയായി അപ്പര്‍സര്‍ക്യൂട്ടില്‍ മുന്നേറുന്ന കോഹിനൂര്‍ ഫുഡ്സ് ഒരു മാസത്തിനിടെ 174 ശതമാനത്തിന്റെ നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. ഇന്ന് (14-05-2022) അഞ്ച് ശതമാനം ഉയര്‍ച്ചയോടെ 68.60 രൂപ എന്ന നിലയിലാണ് കോഹിനൂര്‍ ഫുഡ്സ് ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്നത്. 52 ആഴ്ചക്കിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയും ഇതാണ്.

രണ്ട് മാസം മുമ്പ് 7.75 രൂപയായിരുന്ന ഓഹരി വിലയാണ് ഇന്ന് 68.60 രൂപയിലെത്തി നില്‍ക്കുന്നത്. നേരത്തെ, 2018 ജനുവരിയില്‍ ഈ കമ്പനിയുടെ ഓഹരി വില 88 രൂപയിലെത്തിയിരുന്നു. പിന്നീട് തിരുത്തലിലേക്ക് വീണ കോഹിനൂര്‍ ഫുഡ്സ് വീണ്ടും ഉയര്‍ന്നുതുടങ്ങിയത് ഈയടുത്താണ്.
1989ല്‍ പ്രവര്‍ത്തനമാരംഭിച്ച കോഹിനൂര്‍ ഫുഡ്സ് ഹരിയാന കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ന് 60-ലധികം രാജ്യങ്ങളിലാണ് ഈ കമ്പനി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. ബസുമതി അരി ബ്രാന്‍ഡുകളില്‍ ശ്രദ്ധേയമായ കമ്പനി ഇവ കൂടാതെ, ഗോതമ്പ് മാവ്, അരപ്പ് ഉള്‍പ്പെടുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, സോസുകള്‍, കുക്കിംഗ് പേസ്റ്റുകള്‍, മസാലകള്‍, നെയ്യ്, പനീര്‍ (ഇന്ത്യന്‍ കോട്ടേജ് ചീസ്), റെഡി മിക്‌സുകള്‍, നാംകീന്‍സ്, മധുരപലഹാരങ്ങള്‍ തുടങ്ങിയ വിവിധ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നുണ്ട്.
2021 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ കോഹിനൂര്‍ ഫുഡ്സ് മികച്ച ഫലമാണ് റിപ്പോര്‍ട്ട് ചെയ്തത്. അറ്റവില്‍പ്പന 119.51 ശതമാനം ഉയര്‍ന്ന് 22.61 കോടി രൂപയായി. 2020 ഡിസംബര്‍ പാദത്തില്‍ ഇത് 10.30 കോടിയായിരുന്നു. ത്രൈമാസ അറ്റാദായം 71.93 ശതമാനം വര്‍ധിച്ച് 0.41 കോടി രൂപയായി.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it