അഞ്ച് ദിവസത്തിനിടെ ഓഹരി വില ഉയര്‍ന്ന് 53 ശതമാനത്തോളം, മികച്ച നേട്ടം സമ്മാനിച്ച കമ്പനിയിതാ

അഞ്ച് ദിവസത്തിനിടെ നിക്ഷേപകര്‍ക്ക് 53 ശതമാനത്തോളം നേട്ടം സമ്മാനിച്ച് പട്ടേല്‍ എഞ്ചിനീയറിംഗ് ലിമിറ്റഡ്. ഇന്ന് മാത്രം 20 ശതമാനത്തോളം ഉയര്‍ന്ന ഓഹരി വില 28.85 രൂപയിലാണ് എത്തിനില്‍ക്കുന്നത്. 52 ആഴ്ചക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയും ഇതാണ്. ഒരു മാസം മുമ്പ് 15.65 രൂപയിലുണ്ടായിരുന്ന ഓഹരി വിലയാണ് സെപ്റ്റംബര്‍ 29 ന് ശേഷം ഉയരാന്‍ തുടങ്ങിയത്. അതേസമയം, കമ്പനിക്ക് ലഭിച്ച പുതിയ ഓര്‍ഡറുകളാണ് ഓഹരി വിപണിയില്‍ പട്ടേല്‍ എഞ്ചിനീയറിംഗ് ലിമിറ്റഡിന്റെ നേട്ടത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

സെപ്റ്റംബര്‍ 27ന്ാണ് പട്ടേല്‍ എഞ്ചിനീയറിംഗിന് പുതുതായി 1,251 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചത്. അന്ന് തന്നെ ഓഹരി വില 10 ശതമാനം ഉയര്‍ന്നിരുന്നു. സിക്കിം സര്‍ക്കാരില്‍നിന്ന് എന്‍എച്ച്പിസിയുടെ ഭാഗമായ ലാന്‍കോ ടീസ്റ്റ ഹൈഡ്രോ പവര്‍ ലിമിറ്റഡിന്റെ 500 മെഗാവാട്ട് ജലവൈദ്യുത പദ്ധതിക്കായുള്ള ഓര്‍ഡറാണ് കമ്പനിക്ക് ലഭിച്ചത്. കമ്പനി തന്നെയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.
2005 ല്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനി മുമ്പ് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിരുന്നെങ്കിലും ഏതാനും വര്‍ഷങ്ങളായി നേട്ടങ്ങളൊന്നുമില്ലാതെ തുടരുന്നു. 2008 ജനുവരിയില്‍ അതിന്റെ ഏറ്റവും ഉയര്‍ന്ന ഓഹരി വിലയായ 774 രൂപയിലെത്തിയിരുന്ന പട്ടേല്‍ എഞ്ചിനീയറിംഗ് വലിയതിരുത്തലിലേക്ക് വീണശേഷം തിരിച്ചുകയറാനായിരുന്നില്ല. എന്നാല്‍ പുതിയ ഓര്‍ഡറുകള്‍ ലഭിക്കുന്നതോടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുമെന്നും ഓഹരി വില ഇനിയും ഉയരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
1949 ല്‍ സ്ഥാപിതമായ പട്ടേല്‍ എഞ്ചിനീയറിംഗ് ലിമിറ്റഡ് ഇന്ത്യയിലെ പ്രധാന ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ സേവന കമ്പനികളില്‍ ഒന്നാണ്. അണക്കെട്ടുകള്‍, തുരങ്കങ്ങള്‍, മൈക്രോ റണ്ണലുകള്‍, ജലവൈദ്യുത പദ്ധതികള്‍, ജലസേചന പദ്ധതികള്‍, ഹൈവേകള്‍, റോഡുകള്‍, പാലങ്ങള്‍, റെയില്‍വേകള്‍, റിഫൈനറികള്‍ മുതല്‍ റിയല്‍ എസ്റ്റേറ്റുകള്‍, ടൗണ്‍ഷിപ്പുകള്‍ തുടങ്ങിയവയുടെ നിര്‍മാണമേഖലയിലണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.


Related Articles
Next Story
Videos
Share it