ഇസാഫ്, കല്യാണ്‍ ജൂവല്ലേഴ്സ് ഐപിഒകള്‍ ഉടന്‍

തൃശൂര്‍ ആസ്ഥാനമായുള്ള രണ്ട് കമ്പനികളുടെ ഐ പി ഒകള്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നടക്കാനിട. കല്യാണ്‍ ജൂവല്ലേഴ്സ്, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവയുടെ ഓഹരികളുടെ ആദ്യ പൊതുവില്‍പ്പന ഡിസംബറില്‍ തന്നെ നടക്കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2021 മാര്‍ച്ചിനുള്ളില്‍ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ലിസ്റ്റിംഗ് നടക്കുമെന്ന് നേരത്തെ സ്ഥിരീകരണം ഉണ്ടായിരുന്നു.

കേരളത്തില്‍ നിന്ന് ലിസ്റ്റിംഗ് നടത്താന്‍ പോകുന്ന ആദ്യ ജൂവല്‍റിയാണ് വിദേശ സ്വകാര്യ നിക്ഷേപക സ്ഥാപനമായ വാര്‍ബര്‍ഗ് പിന്‍കസ് നിക്ഷേപം നടത്തിയിരിക്കുന്ന കല്യാണ്‍ ജൂവല്ലേഴ്സ്. ഐപിഒ വഴി ഏകദേശം 1700 കോടി രൂപയോളം സമാഹരിക്കുകയാണ് കല്യാണ്‍ ജൂവല്ലേഴ്സിന്റെ ലക്ഷ്യം.

മൈക്രോ ഫിനാന്‍സ് ബാങ്കിംഗ് രംഗത്ത് ദേശീയതലത്തില്‍ മികവുറ്റ പ്രകടനം കാഴ്ചവെച്ചതിന്റെ അടിത്തറയില്‍ നിന്നാണ് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് കെ പോള്‍ തോമസ് കെട്ടിപ്പടുത്തത്. ഭാവിയിലെ മൂലധനാവശ്യങ്ങള്‍ക്കായി ഏകദേശം 1000 കോടി രൂപയോളം ഐ പി ഒ വഴി വിപണിയില്‍ നിന്ന് സമാഹരിക്കാനാണ് ഇസാഫ് ലക്ഷ്യമിട്ടിരിക്കുന്നത്.

കേരളത്തില്‍ നിന്നുള്ള കൊശമറ്റം ഫിനാന്‍സ്, മുത്തൂറ്റ് മിനി എന്നിവയുടെ ഐ പി ഒകളും വരുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും അവ ഉടന്‍ ഉണ്ടായേക്കാനിടയില്ല.


വിപണി കുതിക്കുന്നു, ഐപിഒകള്‍ക്ക് ആവേശം

കോവിഡിനെ വ്യാപനത്തെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ഓഹരി വിപണി വിദേശ പണമൊഴുക്കിന്റെ കൂടി പിന്‍ബലത്തില്‍ കുതിച്ചുകയറുകയായിരുന്നു. വിപണിയിലെ തകര്‍ച്ചയെ തുടര്‍ന്ന് ഐപിഒ നടപടികള്‍ മരവിപ്പിച്ചിരുന്ന പല കമ്പനികളും വിപണി മുന്നേറ്റത്തെ തുടര്‍ന്ന് അനുകൂല സാഹചര്യം മുതലാക്കാനുള്ള ശ്രമത്തിലാണ്.

റെയ്ല്‍ടെല്‍ ലിമിറ്റഡ്, ഹോം ഫസ്റ്റ് ഫിനാന്‍സ്, ബെക്ടേഴ്സ് ഫുഡ് സ്പെഷാലിറ്റീസ്, ആന്റണി വേസ്റ്റ് ഹാന്‍ഡലിംഗ് സെല്‍ ലിമിറ്റഡ്, സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവയുടെ ഐ പി ഒ ഡിസംബറില്‍ നടക്കാനിടയുണ്ടെന്ന് സൂചനയുണ്ട്.

കിംസ് ഹോസ്പിറ്റലിന്റെ ഐപിഒ അടുത്തവര്‍ഷം ഉണ്ടായേക്കും.

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ മെഗാ ഐ പി ഒ ആണ് വിപണി കാത്തിരിക്കുന്നത്. അതിനുള്ള ഒരുക്കങ്ങളും സജീവമാണ്.

റീറ്റെയ്ല്‍ നിക്ഷേപകര്‍ മുന്‍പെന്നത്തേക്കാള്‍ കൂടുതല്‍ ഓഹരി വിപണിയില്‍ സജീവമാകുന്നതും വിദേശ പണത്തിന്റെ ഒഴുക്കും ഐ പി ഒ നടത്തുന്ന കമ്പനികളെ സംബന്ധിച്ച് ഇപ്പോള്‍ അനുകൂലമായ സാഹചര്യം ഒരുക്കുന്നുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it