നാലാം പാദത്തില്‍ 112 ശതമാനം ലാഭ വര്‍ധന നേടി വി-ഗാര്‍ഡ്

ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2020-21 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 68.39 കോടി രൂപ അറ്റാദായം നേടി. 112 ശതമാനമാണ് വര്‍ധന. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 32.23 കോടി രൂപയായിരുന്നു ഇത്. മൊത്ത വരുമാനം 58 ശതമാനം വര്‍ധിച്ച് 855.20 കോടിയായി. മുന്‍ വര്‍ഷം ഇത് 541.14 കോടി രൂപയായിരുന്നു. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഈ പാദത്തില്‍ കരുത്തുറ്റ വളര്‍ച്ച രേഖപ്പെടുത്തി. 2020-21 സാമ്പത്തിക വര്‍ഷം 201.89 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. മുന്‍ വര്‍ഷത്തെ 188.25 കോടി രൂപയെ അപേക്ഷിച്ച് 7.2 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. പ്രതി ഓഹരിക്ക് 1.20 രൂപ വീതം ഡിവിഡന്റ് നല്‍കാനും കമ്പനി ഡയറക്ടര്‍മാരുടെ ബോര്‍ഡ് യോഗം തീരുമാനിച്ചു.

'മൂന്നാം പാദത്തിലെ വളര്‍ച്ചയുടെ തുടര്‍ച്ചയായി നാലാം പാദത്തിലും വി-ഗാര്‍ഡ് കരുത്തുറ്റ ബിസിനസ് കാഴ്ചവച്ചു. പുതിയ മേഖലകളില്‍ അടക്കം എല്ലാ വിഭാഗങ്ങളിലും വിശാലാടിസ്ഥാനത്തിലുള്ള വളര്‍ച്ച കൈവരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഉല്‍പ്പാദന ചെലവ് വര്‍്ധിക്കുന്നത് വെല്ലുവിളിയായി തുടരുന്നു. ഇത് വലിയൊരളവില്‍ മറികടക്കാന്‍ കഴിഞ്ഞെങ്കിലും ഇതുണ്ടാക്കുന്ന സമ്മര്‍ദ്ദം തുടര്‍ന്നേക്കും,' വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
കോവിഡ്19 രണ്ടാം തരംഗം തീവ്രമായി രാജ്യത്തെ ബാധിച്ചിരിക്കുന്ന ഘട്ടത്തിലാണ് പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് നാം പ്രവേശിച്ചത്. രാജ്യത്തിന്റെ മിക്കഭാഗങ്ങളും ലോക്ഡൗണിലായത് കൊണ്ടു തന്നെ നടപ്പു സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ ഇതിന്റെ കാര്യമായ പ്രതിഫലനം ഉണ്ടാകും. ലോക്ഡൗണ്‍ അവസാനിക്കുന്നതോടെ ബിസിനസ് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it