കോവിഡിനു ശേഷവും നിലനില്‍ക്കണോ? നിക്ഷേപകര്‍ക്ക് വ്യത്യസ്തമായ ടിപ്‌സുമായി വാല്യു ഇന്‍വെസ്റ്റര്‍ വിജയ് കേഡിയ

ദലാല്‍ സ്ട്രീറ്റിലെ അറിയപ്പെടുന്ന വാല്യു ഇന്‍വെസ്റ്ററാണ് വിജയ് കേഡിയ. മള്‍ട്ടിബാഗറുകളെ കണ്ടെത്താനുള്ള കഴിവാണ് കേഡിയയെ വ്യത്യസ്തമാക്കുന്നത്. കേഡിയയുടെ ഉപദേശങ്ങള്‍ക്ക് എന്നും നിക്ഷേപകര്‍ ചെവികൊടുക്കാറുമുണ്ട്. ആറു മാസത്തേക്ക് ഓഹരി വിപണിയെ മറക്കൂ, യോഗ ചെയ്യൂ, പണം സൂക്ഷിക്കൂ... എന്നാണ് കഴിഞ്ഞ മാര്‍ച്ചില്‍ കേഡിയ നിക്ഷേപകരോട് പറഞ്ഞത്. ഇപ്പോള്‍ ഇതാ കോവിഡിനു ശേഷവും നിലനില്‍ക്കാന്‍ നിക്ഷേപകര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ പങ്കുവച്ചിരിക്കുന്നു.

ഓഹരിവിപണി ഇപ്പോള്‍ സമ്പദ്വ്യവസ്ഥയുടെയോ രാജ്യത്തിന്റെയോ ഒരു ബാരോമീറ്ററല്ല.ഒരു ശതമാനത്തില്‍ താഴെ നിക്ഷേപകരുള്ള 50 ഓഹരികളുടെ സൂചികയ്ക്ക് എങ്ങനെ സ്റ്റോക്ക് മാര്‍ക്കറ്റിന്റെയും രാജ്യത്തിന്റെയും അവസ്ഥയെ പ്രതിനിധീകരിക്കാനാകും. ബിഎസ്ഇ സെന്‍സെക്‌സില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് (14.4 ശതമാനം), എച്ച്ഡിഎഫ്സി ബാങ്ക്(10.6 ശതമാനം), എച്ച്ഡിഎഫ്‌സി (8.2 ശതമാനം), ഇന്‍ഫോസിസ് (7.5 ശതമാനം) എന്നീ നാല് ഓഹരികള്‍ക്ക് 40.70 ശതമാനം വെയിറ്റേജ് ഉണ്ട്. ഇത് തികച്ചും തെറ്റിദ്ധരിപ്പിക്കുന്ന ഒന്നല്ലേ?

ഇന്ത്യയില്‍ ആയിരക്കണക്കിന് വ്യവസായങ്ങള്‍ മാത്രം ഉണ്ടായിരുന്നപ്പോള്‍ ഇത് പ്രസക്തമായിരുന്നിരിക്കാം. എന്നാല്‍ 120 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന 63.4 ദശലക്ഷം എംഎസ്എംഇകളുണ്ട് ഇപ്പോള്‍. കടുത്ത പ്രതിസന്ധിയിലായിരിക്കുന്ന അവയെ പ്രതിനിധീകരിക്കുന്ന ഒരു സൂചിക സ്റ്റോക്ക് മാര്‍ക്കറ്റിനില്ല.

ഏകദേശം 99 ശതമാനം നിക്ഷേപകരും സ്മോള്‍കാപ്പുകളിലും മിഡ്ക്യാപ്പുകളിലുമാണ് നിക്ഷേപം നടത്തുന്നത്, അവരുടെ സൂചിക നിഫ്റ്റിയുടെ 4,000 ലെവലിന് തുല്യമോ അല്ലെങ്കില്‍ അതില്‍ കുറവോ ആണ്.
പ്രാഥമിക സൂചികകളായ സെന്‍സെക്‌സ്, നിഫ്റ്റി എന്നിവയില്‍ മാത്രമാണ് നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അതില്‍ പ്രധാന ഓഹരി ഉടമകള്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍(FIIs), ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍(DIIs), പ്രൊമോട്ടര്‍മാര്‍, ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍(HNIs) എന്നിവയാണ്.

സമ്പദ് വ്യവസ്ഥ ഒരു ടൈം ബോംബ്

കോവിഡ് -19 പകര്‍ച്ചവ്യാധിക്ക് മുമ്പുതന്നെ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി വളരെ മോശമായിരുന്നു. ഇപ്പോള്‍ ഈ പെട്ടെന്നുള്ള പ്രതിസന്ധി രോഗിയെ ഐസിയുവിലേക്ക് അയച്ചതിനു സമാനമാണ്. ഈ പ്രതിസന്ധിക്ക് മുന്‍പ്, നിഫ്റ്റി ഏകദേശം 10,500-11,500 ലെവലിലായിരുന്നു. അപ്പോഴും വെറും അഞ്ച് ഓഹരികളാണ് അതിനെ നയിച്ചിരുന്നത്.

നൂറുവര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന ഈ പ്രതിസന്ധിക്കുശേഷം നിഫ്റ്റി അവിടെ നിന്ന് 10 ശതമാനം ഇടിഞ്ഞ് 9,500 ആയി. എന്നാല്‍, നിക്ഷേപകരുടെ ആസ്തിയില്‍ 50 ശതമാനത്തിലധികം ഇടിവാണുണ്ടായത്. സമ്പദ്വ്യവസ്ഥയില്‍ ഒരു കുഴപ്പമുണ്ട്, അത് പൊട്ടിത്തെറിക്കാന്‍ കാത്തിരിക്കുന്ന ഒരു ടൈം ബോംബ് പോലെയാണ്.ഇക്വിറ്റി സൂചിക വഞ്ചനാപരമാണെന്നതിന് ഇത് മതിയായ തെളിവാണ്.

കോവിഡിനെ ഇനി ഒഴിവാക്കാനാകില്ല

ഇപ്പോഴും കോവിഡ് -19 ന്റെ വ്യാപനത്തിന് കുറവൊന്നുമില്ല. വരും വര്‍ഷങ്ങളില്‍ ഇത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറും, നികുതി എന്ന പോലെ അതും അംഗീകരിക്കേണ്ടതുണ്ട്.

ഇന്നും ക്ഷയരോഗം മൂലം ഓരോ മിനിറ്റിലും ഒരു ഇന്ത്യക്കാരന്‍ മരിക്കുന്നുണ്ട്. പ്രതിവര്‍ഷം 30,000 സ്ത്രീകള്‍ പ്രസവവേദന മൂലം മരിക്കുന്നു. (എത്ര പേര്‍ മലിനീകരണം മൂലം മരിക്കുന്നുണ്ടെന്ന് കണക്കെടുക്കുന്നില്ല). എന്നാല്‍ ജീവിതം മുന്നോട്ട് പോകുന്നുണ്ടല്ലോ. ഇന്ത്യയിലെ ജനസംഖ്യാ വര്‍ധന ഇപ്പോഴും ഒരു ശതമാനം കൂടുതലാണ്.

പ്രതിവര്‍ഷം 1,51,000 പേര്‍ റോഡപകടങ്ങളില്‍ മരിക്കുന്നു. സിയാം റിപ്പോര്‍ട്ട് അനുസരിച്ച്, കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ആഭ്യന്തര വാഹന മേഖല 10 ശതമാനം സിഎജിആറില്‍ വളര്‍ന്നിരിക്കുന്നു. അതയാത് ഇത്രയധികം മരണങ്ങള്‍ ഉണ്ടായിട്ടും നമ്മള്‍ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തിയിട്ടില്ല. പകരം, നമ്മള്‍ ഒരു സംവിധാനം സൃഷ്ടിക്കുകയും റോഡിലൂടെ നടക്കുമ്പോള്‍ അവരെ പിന്തുടരാന്‍ ആളുകളോട് ആവശ്യപ്പെടുകയും അവര്‍ പിന്തുടരുന്നില്ലെങ്കില്‍ അവരെ ശിക്ഷിക്കുകയും ചെയ്യും. ഉദാഹരണത്തിന്: ഒരു കാല്‍നടയാത്രികന്‍ ഫുട്പാത്തിലൂടെ മാത്രം നടക്കണം, കാറുകള്‍ ട്രാഫിക് നിയമങ്ങളും അനുസരിക്കണം. അപ്പോള്‍ ഇരുവര്‍ക്കും ഒരുമിച്ച് നിലനില്‍ക്കാനാകും.

അതുപോലെ, ആളുകള്‍ വീടുകളില്‍ നിന്ന് ജോലിയ്ക്ക് പോകുന്നത് എന്നെന്നേക്കുമായി നിരോധിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. അതിനാല്‍, ആളുകള്‍ക്ക് പരിരക്ഷ ഉറപ്പാക്കിക്കൊണ്ട് പുറത്തുവരാന്‍ കഴിയുന്ന തരത്തിലുള്ള ചട്ടങ്ങള്‍ ഉണ്ടാക്കുന്നു.

ഇതു തന്നെയാണ് നിക്ഷേപത്തിന്റെ കാര്യത്തിലും പിന്തുടരേണ്ടത്. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ വച്ചു നോക്കുമ്പോള്‍ സൂചികയോ കോവിഡ് പ്രതിസന്ധിയോ മുന്നിലുള്ളതിനെ സംബന്ധിച്ച് ഒരു സൂചനയും നല്‍കില്ല. കോവിഡ് രോഗം സൃഷ്ടിച്ചേക്കാവുന്ന പ്രതിസന്ധികളും സര്‍ക്കാര്‍ ചട്ടങ്ങളില്‍ വരുത്തിയേക്കാവുന്ന മാറ്റങ്ങളും പ്രശ്‌നമാകാതെ മുന്നോട്ടു പോകാന്‍ കഴിയുന്ന മേഖലകളിലെ കമ്പനികളെ കണ്ടെത്തി നിക്ഷേപിക്കുക മാത്രമാണ് നിക്ഷേപകന്റെ മുന്നിലുള്ള തന്ത്രം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it