നിക്ഷേപകര്‍ക്ക് വ്യാജ ഉപദേശം; സോഷ്യല്‍ മീഡിയ താരങ്ങള്‍ക്കെതിരെ നടപടിയുമായി സെബി

മലയാളി ഉപദേശകരുടെ എണ്ണവും കൂടുന്നു, മുന്നറിയിപ്പ് ശക്തം
നിക്ഷേപകര്‍ക്ക് വ്യാജ ഉപദേശം; സോഷ്യല്‍ മീഡിയ താരങ്ങള്‍ക്കെതിരെ നടപടിയുമായി സെബി
Published on

നിക്ഷേപകര്‍ക്ക് ഉപദേശം നല്‍കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളുടെ ലംഘനം ആരോപിച്ച് പ്രശസ്ത യൂട്യൂബറും ഓപ്ഷന്‍ വ്യാപാരിയുമായ പി.ആര്‍ സുന്ദറിന് 6.5 കോടി രൂപ പിഴയും ഒരു വര്‍ഷത്തെ വ്യാപാര വിലക്കും ഏര്‍പ്പെടുത്തി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI). ഒരു ഫിന്‍ഫ്‌ലുവന്‍സര്‍ക്കെതിരെ (financial influencer) സെബിയുടെ നടപടി ഇതാദ്യമായാണ്.

പി.ആര്‍ സുന്ദറിന് പിന്നാലെ സമാനമായ നിയമലംഘനം ആരോപിച്ച് നിക്ഷേപ ഉപദേഷ്ടാവ് ഗുഞ്ജന്‍ വര്‍മ്മയ്ക്കും സെബി പിഴ ചുമത്തി. സാമ്പത്തിക ഉപദേശം നല്‍കുന്ന നിരവധി സോഷ്യല്‍ മീഡിയ താരങ്ങള്‍ കേരളത്തിലുമുണ്ട്. ഏതൊക്കെ സെക്യൂരിറ്റികള്‍ വാങ്ങണം വില്‍ക്കണം എന്നതിനെക്കുറിച്ചുള്ള സാമ്പത്തിക ഉപദേശം നല്‍കുന്നത് സെബിയുമായി രജിസ്റ്റര്‍ ചെയ്ത സാമ്പത്തിക ഉപദേഷ്ടാവ് ആയിരിക്കണം. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്ത്തിട്ടില്ലാത്ത കേരളത്തിലെ ഉപദേഷ്ടാക്കള്‍ സെബിയുടെ നടപടികള്‍ നേരിടേണ്ടി വരാം.

പി.ആര്‍ സുന്ദറും നിയമലംഘനവും

സെബിയുടെ അന്വേഷണത്തില്‍ പി.ആര്‍ സുന്ദര്‍ www.prsundar.blogspot.com എന്ന വെബ്സൈറ്റ് പ്രവര്‍ത്തിപ്പിക്കുകയും അവിടെ ഉപദേശക സേവനങ്ങള്‍ നല്‍കുന്നതിന് വിവിധ പാക്കേജുകള്‍ വാഗ്ദാനം ചെയ്തതായും കണ്ടെത്തി. സെബിയില്‍ രജിസ്റ്റര്‍ ചെയ്യാതെ ഈ വെബ്സൈറ്റ് വഴി സെക്യൂരിറ്റികള്‍ വാങ്ങാനും വില്‍ക്കാനും ഇടപാടുകള്‍ നടത്താനും ഉള്‍പ്പെടെയുള്ള നിക്ഷേപ ഉപദേശങ്ങള്‍ സ്ഥാപനം ശുപാര്‍ശ ചെയ്തതായി കണ്ടെത്തി. സുന്ദര്‍ സഹ-പ്രൊമോട്ടറായ മാന്‍സണ്‍ കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള പേയ്മെന്റ് ഗേറ്റ്വേ വഴിയാണ് ഈ സേവനങ്ങള്‍ക്കുള്ള പണമിടപാടുകള്‍ നടന്നത്.

മാന്‍സണ്‍ കണ്‍സള്‍ട്ടന്‍സിയുടെ മറ്റൊരു പ്രൊമോട്ടറായ മംഗയര്‍കരസി സുന്ദറും ഉള്‍പ്പെട്ട ഈ കേസ് 2022ലാണ് ആരംഭിച്ചത്. ഒത്തുതീര്‍പ്പിന്റെ ഭാഗമായി മാന്‍സണ്‍ കണ്‍സള്‍ട്ടന്‍സിയും അതിന്റെ രണ്ട് ഡയറക്ടര്‍മാരും മൊത്തം സെറ്റില്‍മെന്റ് തുകയായ 46.80 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഡയറക്ടര്‍മാര്‍ ഓരോരുത്തരും 15.60 ലക്ഷം രൂപ വീതം നല്‍കും. കൂടതെ ഉപദേശക സേവനങ്ങള്‍ നല്‍കുന്നതിലൂടെ ലാഭവും പലിശയുമായി കൈപ്പറ്റിയ 4.6 കോടി രൂപ ഉള്‍പ്പെടെ നയമവിരുദ്ധമായി നേടിയ 6 കോടി രൂപ തിരിച്ചുനല്‍കാനും ഇരുവരും സമ്മതമറിയിച്ചിട്ടുണ്ട്.

ഗുഞ്ജന്‍ വര്‍മ്മയ്ക്ക് പിഴ ഒരു ലക്ഷം രൂപ

സെബിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത നിക്ഷേപ ഉപദേശക സ്ഥാപനം വഴി 2018 മുതല്‍ ക്ലയന്റുകള്‍ക്ക് നിക്ഷേപ ഉപദേശം നല്‍കിവരികയായിരുന്നു ഗുഞ്ജന്‍ വര്‍മ്മ. നിക്ഷേപ ഉപദേശക സേവനങ്ങളെ നിയന്ത്രിക്കുന്ന ചട്ടങ്ങള്‍ക്ക് വിരുദ്ധമായിരുന്നു ഗുഞ്ജന്‍ വര്‍മ്മയുടെ നടപടിയെന്ന് സെബി കണ്ടെത്തി. ഇതോടെ നിയമലംഘനം ചൂണ്ടിക്കാട്ടി സെബി ഒരു ലക്ഷം രൂപ ഗുഞ്ജന്‍ വര്‍മ്മയ്ക്ക് പിഴ ചുമത്തി. കൂടാതെ സേവന ഫീസായി ക്ലയന്റുകളില്‍ നിന്ന് ഈടാക്കിയ മുഴുവന്‍ പണവും തിരികെ നല്‍കാനും സെബി ആവശ്യപ്പെട്ടു.

നിക്ഷേപകരെ സംരക്ഷിക്കേണ്ടതുണ്ട്

വ്യാജ ഉപദേശകരില്‍ നിന്ന് നിക്ഷേപകരെ സംരക്ഷിക്കാനുള്ള കര്‍ശന നീരീക്ഷണത്തിന്റെ ഭാഗമായാണ് സെബിയുടെ നിലവിലെ നടപടി. മാത്രമല്ല നിക്ഷേപ ഉപദേശം നല്‍കുന്നവര്‍ ആവശ്യമായ നിയന്ത്രണങ്ങളും രജിസ്‌ട്രേഷനുകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നതും ഇതിന്റെ ലക്ഷ്യമാണ്. രാജ്യത്തെ ഇത്തരം നിക്ഷേപ ഉപദേശകരുമായി ബന്ധപ്പെട്ട ആശങ്കകള്‍ അടുത്തിടെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പങ്കുവയ്ക്കുകയും സാമ്പത്തിക ഉപദേശം നല്‍കുന്ന പോന്‍സി ആപ്പുകളുടെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com