ഒരു പൊതുമേഖലാ സ്ഥാപനം കൂടി ഓഹരി വിപണിയിലേക്ക്; രേഖകള്‍ സമര്‍പ്പിച്ചു

പൊതുമേഖലാ സ്ഥാപനമായ വാപ്കോസ് ലിമിറ്റഡ് (WAPCOS Limited) ഓഹരി വിപണിയില്‍ ലിസ്റ്റിംഗിനൊരുങ്ങുന്നു. ഇതിന് മുന്നോടിയായി പ്രാഥമിക ഓഹരി വില്‍പ്പന നടത്തുന്നതിന് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയില്‍ പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു. ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് പ്രകാരം ഇന്ത്യാ ഗവണ്‍മെന്റിന്റെ 32,500,000 ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലാണ് ഐപിഒ.

വാട്ടര്‍, പവര്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകളില്‍ കണ്‍സള്‍ട്ടന്‍സി, എന്‍ജിനീയറിംഗ്, സംഭരണം, നിര്‍മാണ സേവനങ്ങള്‍ എന്നിവയാണ് വാപ്കോസ് നല്‍കുന്നത്. ജല്‍ ശക്തി മന്ത്രാലയത്തിന് കീഴിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. കമ്പനി വിദേശത്ത്, പ്രത്യേകിച്ച് ദക്ഷിണേഷ്യയിലും ആഫ്രിക്കയിലുടനീളവും ഡാം, റിസര്‍വോയര്‍ എഞ്ചിനീയറിംഗ്, ജലസേചനം, വെള്ളപ്പൊക്ക നിയന്ത്രണം എന്നീ മേഖലകളില്‍ അതിന്റെ സേവനങ്ങള്‍ നല്‍കുന്നു. നിലവില്‍ 30 രാജ്യങ്ങളിലാണ് കമ്പനിയുടെ കീഴില്‍ പ്രോജക്ടുകള്‍ നടന്നുവരുന്നത്.
2022 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 11.35 ശതമാനം വര്‍ധിച്ച് 2,798 കോടി രൂപയായിരുന്നു. 2022 മാര്‍ച്ചിലെ കണക്കനുസരിച്ച് കമ്പനിയുടെ ഓര്‍ഡര്‍ ബുക്ക് 2,533.93 കോടി രൂപയാണ്.
ഐഡിബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ആന്‍ഡ് സെക്യൂരിറ്റീസ് ലിമിറ്റഡും എസ്എംസി ക്യാപിറ്റല്‍സ് ലിമിറ്റഡുമാണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍. ഇക്വിറ്റി ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it