ധനകാര്യ മേഖലയിലെ 3 മികച്ച ഓഹരികള്‍, 32% വരെ നേട്ടം ലഭിക്കാം

നിഫ്റ്റി 50 സൂചികയിലെ കമ്പനികള്‍ 2023-24 ആദ്യ പാദത്തില്‍ ലാഭത്തില്‍ ഇരട്ട അക്ക വളര്‍ച്ച രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. ബാങ്കിംഗ്, ഓട്ടോമൊബൈല്‍, എണ്ണ - പ്രകൃതി വാതക മേഖലയിലെ കമ്പനികളാണ് പ്രവര്‍ത്തനത്തില്‍ തിളങ്ങിയത്. ഭവന റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നത് ഭവന വായ്പകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും നേട്ടമാണ്. ധനകാര്യ രംഗത്തെ മികച്ച നേട്ടം നല്‍കാന്‍ സാധ്യതയുള്ള മൂന്ന് ഓഹരികളെ കുറിച്ച് നോക്കാം.

1. കാന്‍ ഫിന്‍ ഹോംസ് (Can Fin Homes Ltd): 2023-24 ജൂണ്‍ പാദത്തില്‍ ശക്തമായ പ്രകടനം കാഴ്ച്ച വെച്ചു. അറ്റ പലിശ മാര്‍ജിന്‍ മെച്ചപ്പെട്ടു -3.56%. അറ്റാദായം 35% വര്‍ധിച്ച് 184 കോടി രൂപയായി. വായ്പയില്‍ 18% വര്‍ധന ഉണ്ടായി. പ്രവര്‍ത്തന ചെലവുകള്‍ 7% വര്‍ധിച്ചു. ത്രൈമാസ അടിസ്ഥാനത്തില്‍ മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ 18 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 33 ശതമാനവും വര്‍ധിച്ചു. ബില്‍ഡര്‍മാരുമായി പങ്കാളിത്തത്തില്‍ ചെറിയ ഭവന പദ്ധതികള്‍ക്കായി 25 ലക്ഷം മുതല്‍ ഒരു കോടി രൂപവരെയുള്ള വായ്പകള്‍ നല്‍കാനാണ് തീരുമാനം. പലിശ നിരക്ക് സ്ഥിരതപ്രാപിച്ചതിനാല്‍ വായ്പ ഡിമാന്‍ഡ് വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വരുമാന- ചെലവ് അനുപാതം 17-18 ശതമാനമായി വര്‍ധിക്കും. സാങ്കേതിക നവീകരണവും പുതിയ 15 ശാഖകള്‍ ആരംഭിക്കുന്നതുമാണ് ചെലവില്‍ വര്‍ധന ഉണ്ടാകുന്നത്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 960 രൂപ
നിലവില്‍ - 838 രൂപ
Stock Recommendation by Sharekhan by BNP Paribas
2. സി.എസ്.ബി ബാങ്ക് (CSB Bank): 2023-24 ആദ്യ പാദത്തില്‍ വായ്പയില്‍ 31 ശതമാനവും സ്വര്‍ണ വായ്പയിൽ 42 ശതമാനവും വളര്‍ച്ച കൈവരിച്ചു. അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 0.32 ശതമാനമായി കുറഞ്ഞു. മൂലധന പര്യപ്തതാ അനുപാതം 26 ശതമാനമായി. വായ്പ നിക്ഷേപ അനുപാതം 86 ശതമാനമായതിനാല്‍ ഇനിയും വായ്പ വര്‍ധിപ്പിക്കാന്‍ അവസരമുണ്ട്. സ്വര്‍ണ വായ്പ മൊത്തം വായ്പയുടെ 50% വരെ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്വര്‍ണ വായ്പ വര്‍ധിക്കുന്നതിനാൽ മൊത്ത നിഷ്‌ക്രിയ ആസ്തികളില്‍ കുറവുണ്ടായിട്ടുണ്ട്. ഓരോ വര്‍ഷവും 100 പുതിയ ബ്രാഞ്ചുകള്‍ ആരംഭിച്ച് ബിസിനസ് വര്‍ധിപ്പിക്കാന്‍ സാധിക്കും. അറ്റ പലിശ മാര്‍ജിന്‍ 5.4% നേടാന്‍ സാധിച്ചു. ഡെപ്പോസിറ്റ് ചെലവ് 6.21 ശതമാനമായതു കൊണ്ടാണ് മാര്‍ജിന്‍ വര്‍ധിച്ചത്. 2023-24 ല്‍ ആസ്തിയില്‍ നിന്നുള്ള ആദായം 1.5%, ഓഹരിയില്‍ നിന്നുള്ള ആദായം 14.4% എന്നിങ്ങനെ നേടാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -379 രൂപ
നിലവില്‍ - 287.60 രൂപ
Stock Recommendation by LKP Research
3. എല്‍ & ടി ഫൈനാൻസ് ഹോള്‍ഡിംഗ്സ് (L& T Finance Holdings): വായ്പകള്‍, മൈക്രോ ഫൈനാൻസ്, കണ്‍സ്യൂമര്‍ ബിസിനസ് വായ്പകള്‍ വര്‍ധിച്ചു. 2023-24 ജൂണ്‍ പാദത്തില്‍ അറ്റാദായം 530 കോടി രൂപയായി. റീറ്റെയ്ല്‍ വായ്പകളില്‍ കഴിഞ്ഞ പാദങ്ങളില്‍ സ്ഥിരമായ വളര്‍ച്ച ഉണ്ടായിട്ടുണ്ട്. 2022-23 മുതല്‍ 2024-25 കാലയളവില്‍ അറ്റാദായം 27% സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് മെച്ചപ്പെട്ട പ്രചാരണവും ഉപഭോക്തൃ സേവനവും നല്‍കാന്‍ ലക്ഷ്യമിടുന്നു. അറ്റ പലിശ വരുമാനം 12% വര്‍ധിച്ച് 18,60 കോടി രൂപയായി. നിലവിലുള്ള എം.ഡിയും സി.ഇ.ഒയുമായ ദിനാനാഥ് ദുബാഷി ഏപ്രില്‍ 2024ല്‍ വിരമിക്കും. അതിന് ശേഷം ചീഫ് ഓപ്പറേറ്റിംഗ് ഓഫിസറായി തുടരും. പുതിയ എം.ഡിയും സി.ഇ.ഒയുമായ സുദിപ്‌തോ റോയ് ജനുവരിയില്‍ ചാര്‍ജ് എടുക്കും. ഉപഭോക്തൃ ബാങ്കിംഗില്‍ ദീര്‍ഘകാലത്തെ പരിചയ സമ്പത്തുള്ള വ്യക്തിയാണ് സുദിപ്‌തോ റോയ്.
അറ്റ പലിശ മാര്‍ജിന്‍ 11.5 ശതമാനവും ആസ്തിയില്‍ നിന്നുള്ള ആദായം 3 ശതമാനവും നേടാന്‍ സാധിക്കുമെന്ന് കരുതുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 160 രൂപ
നിലവില്‍ - 129.50 രൂപ
Stock Recommendation by Motilal Oswal Financial Services.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it