യുദ്ധവും, പണപ്പെരുപ്പവും വീണ്ടും സ്വർണ വില ഉയർത്തുന്നു?

സ്വർണത്തിന്റെ അന്താരാഷ്ട്ര വില അവധി വ്യപാരത്തിൽ ഔൺസിന് 2000 ഡോളറിന് അടുത്തു വരെ എത്തി നിൽക്കുകയാണ്. റഷ്യ-യു ക്രയ്ൻ സംഘർഷം തുടരുന്നതിനാൽ നിക്ഷേപർ സ്വർണത്തിന്റെ സുരക്ഷിതത്വത്തിലേക്ക് മടങ്ങിയതാണ് വില വർധനവിന് കാരണമായത്. നഷ്ട സാധ്യത്തുള്ള നിക്ഷേപങ്ങളിൽ നിന്ന് മാറി സുരക്ഷിത നിക്ഷേപത്തിലേക്ക് കടക്കുന്നത് കൊണ്ടാണ് സ്വർണ വിലയിൽ പെട്ടന്ന് കുതിപ്പ് ഉണ്ടാകാൻ കാരണം.

യുദ്ധം ഉണ്ടാക്കുന്ന അനിശ്ചിതത്വം കൂടാതെ അമേരിക്കയിൽ പണപ്പെരുപ്പം വർധിക്കുന്നതും സ്വർണ വില വർധിക്കാൻ മറ്റൊരു കാരണമായിട്ടുണ്ട്. ഉപഭോക്‌തൃ വില സൂചിക 8.5 ശതമാനത്തിലേക്ക് ഉയർന്നതിനാൽ മേയ് മാസത്തിൽ ഫെഡറൽ റിസേർവ് 0.5 % പലിശ വർധിക്കുമെന്ന് കരുതപെടുന്നു.
പണപ്പെരുപ്പം വർധിക്കുന്ന വേളയിലിൽ സ്വർണ നിക്ഷേപം വര്ധിക്കുന്നതിനാൽ വില വർദ്ധനവ് ഉണ്ടാകുന്നത് സ്വാഭാവികം. അന്താരാഷ്ട്ര വിലക്ക് അനുസൃതമായി കേരളത്തിലും സ്വർണ വില കുതിച്ച് ഉയർന്ന് പവന് 39880 വരെ എത്തി. ഏപ്രിൽ മാസം ഇതുവരെ 4.6 % വില വർധിച്ചിട്ടുണ്ട് (പവന് 1760 രൂപയുടെ വർധനവ്).

ഇന്ത്യ, ചൈന ഉൾപ്പടെ ഉള്ള രാജ്യങ്ങളിൽ സ്വർണ എക്സ് ചേഞ്ച് ട്രേഡഡ് ഫണ്ടുകളോടുള്ള (ETF) പ്രിയം വർധിക്കുന്നതും, കേന്ദ്ര ബാങ്കുകൾ സ്വർണ നിക്ഷേപം വർധിപ്പിക്കുന്നതും 2022 ൽ സ്വർണ ഡിമാന്റ് വർധിക്കാൻ കാരണമാകുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ വിലയിരുത്തുന്നു. ആഭരണ ആവശ്യങ്ങൾക്കുള്ള ഡിമാന്റും കോവിഡ് ഭീതി അകലുന്നതോടെ ഉയരും. ചൈനയിൽ മാർച്ച് മാസം സ്വർണ
ഇ ടി എഫ് കളിൽ സ്വർണ നിക്ഷേപം 2.4 ടൺ വർധിച്ച് 61.8 ടണ്ണായി. നിലവിൽ പണപ്പെരുപ്പവും, യുക്രയ്ൻ-റഷ്യ സംഘർഷം തുടരുന്നതിനാൽ സ്വർണ വില ഔൺസിന് 2000 കടന്ന് 2012 ഡോളർ വരെ എത്താൻ സാധ്യത ഉണ്ടെന്ന് റോയിട്ടേഴ്സ് മാർക്കറ്റ് അണലിസ്റ് പ്രവചിക്കുന്നു. യു എസ് ഡോളർ സൂചിക 100 ന് മേലെ തുടരുന്നത് സ്വർണത്തിന്റെ മുന്നേറ്റത്തിന് തടസമാകും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it