അമേരിക്കൻ പലിശ നിരക്ക് വർധനവ് സ്വർണ വിലകയറ്റത്തിന് കാരണമാകുമോ?

അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസേർവ് മേയ് മാസം പലിശ നിരക്കുകൾ 0.5 % വർധിപ്പിച്ച് 3 ശതമാനത്തിലേക്ക് ഉയർത്തുമെന്നാണ് കരുതപ്പെടുന്നത് . ഈ നടപടിയുടെ ഉദ്ദേശം പണപ്പെരുപ്പം നിയന്ത്രിക്കുക എന്നതാണെങ്കിലും അതിന്റെ പ്രതിഫലനം ഓഹരി വിപണിയിലും, സ്വർണ വിപണിയിലും, ഡോളറിന്റെ മൂല്യത്തിലുമാകും മുഖ്യമായും നിഴലിക്കുക

റഷ്യ-യുക്രയ്ൻ യുദ്ധം (Russia-Ukraine war) ആരംഭിച്ചതോടെ അന്താരാഷ്ട്ര സ്വർണ വില കുതിച്ച് ഉയർന്ന് എക്കാലത്തെയും ഉയർന്ന നിരക്കായ ഔൺസിന് 2078 ഡോളറിന് അടുത്തു വരെ എത്തിയെങ്കിലും (2069.89 ഡോളർ) നിലവിൽ സ്വർണത്തിന്റെ അന്താരാഷ്ട്ര വില ഔൺസിന് 1920 ഡോളറിലേക്ക് താഴ്ന്നു. ഇനിയും 2000 ഡോളർ കടക്കാൻ സാധ്യത മേയ് മാസത്തിലാണെന്ന് വിപണി വിദഗ്ദ്ധർ കരുതുന്നു. ഓഹരി വിപണി ഇടിയുകയും ഡോളർ മൂല്യത്തെയും ആശ്രയിച്ചാകും സ്വർണ വിലയുടെ ഗതി നിര്ണയിക്കപെടുക. കേരളത്തിൽ സ്വർണ്ണത്തിന് മാർച്ച് മാസം തുടക്കത്തിൽ പവന് 40560 രൂപ വരെ ഉയർന്നെങ്കിലും ഇപ്പോൾ 38000 ത്തിൽ താഴെയാണ് വില.
വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ പ്രകാരം സ്വർണത്തിന്റെ ഡിമാന്റ് 2021 ൽ നാലാം പാദത്തിൽ 50 % വാർഷിക വളർച്ച നിരക്ക് കൈവരിച്ച് 1147 ടണ്ണായി. സ്വർണത്തിന്റെ പ്രധാന ഉപയോഗം ആഭരണ നിർമാണത്തിലും, സ്വർണ നാണയം ഉണ്ടാകാനും, നിക്ഷേപ ആവശ്യത്തിനായി സ്വർണ എക്സ് ചേഞ്ച് ട്രേഡഡ് ഫണ്ടുകൾക്കും (ഇ ടി എഫ്), കേന്ദ്ര ബാങ്കുകളുടെ കരുതൽ ശേഖരത്തിലേക്കും, കുറഞ്ഞ അളവിൽ ഇലക്ട്രോണിക്സ് വ്യവസായ ആവശ്യങ്ങൾക്കുമാണ്.
കോവിഡ് വ്യാപനം കുറഞ്ഞതോടെ വിവാഹ ആവശ്യങ്ങൾക്കും, ഉത്സവങ്ങൾക്കുമായി ആഭരണം വാങ്ങുന്നത് വർധിച്ചതിനാൽ 2022 ൽ സ്വർണത്തിന്റെ ഡിമാന്റ് ഇനിയും വർധിക്കുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ കരുതുന്നു. ഏത് പ്രതിസന്ധി ഘട്ടത്തിലും സ്വർണത്തിന്റെ സുരക്ഷിത്വത്തിലേക്ക് നിക്ഷേപകർ പോകുമെന്നത് റഷ്യൻ-യുക്രയ്ൻ യുദ്ധ വേളയിലും, 2008 ലേ സാമ്പത്തിക മാന്ദ്യത്തിലും കണ്ടതാണ്.
എം സി എക്‌സിൽ അവധി വ്യാപാരത്തിൽ 10 ഗ്രാമിന് 51000 നിലയിൽ തുടരുന്നതിനാൽ മുന്നോട്ടുള്ള കുതിപ്പിന് സാധ്യത ഉണ്ടെന്ന് ജിയോജിത്ത് ഫിനാൻഷ്യൽ സെർവിസ്സ് വിലയിരുത്തുന്നു. അന്താരാഷ്ട്ര ഔൺസിന് 1900 താങ്ങായി തുടരുന്നതിനാൽ വിലയിൽ മുന്നേറ്റം പ്രതീക്ഷിക്കാം. ക്രൂഡ് ഓയിൽ, ലോഹങ്ങൾ , ഭക്ഷ്യ ഉൽപന്നങ്ങളുടെ വില കയറ്റവും അത് ഉണ്ടാകുന്ന പണപ്പെരുപ്പവും സ്വർണ വിപണിക്ക് താങ്ങാവും.


Related Articles
Next Story
Videos
Share it