സൊമാറ്റൊ, നൈക നിക്ഷേപകര്‍ക്ക് തിരിച്ചടി: ഓഹരി വിപണിയിലെ 12 'പുത്തന്‍ കമ്പനികള്‍' ഏറ്റവും താഴ്ന്ന നിലയില്‍

ഇന്ന് ഓഹരി വിപണിയില്‍ സെന്‍സെക്‌സ് മൂന്ന് ശതമാനത്തോളം ഇടിഞ്ഞപ്പോള്‍ സമീപകാലത്തായി ലിസ്റ്റ് ചെയ്യപ്പെട്ട പുത്തന്‍ കമ്പനികളില്‍ പലതും നേരിടേണ്ടി വന്നത് റെക്കോര്‍ഡ് നഷ്ടം. ഓഹരി വിപണി വ്യാപാരം അവസാനിച്ചപ്പോള്‍ അടുത്തിടെ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളില്‍ 12 എണ്ണത്തിന്റെ ഓഹരി വില എല്ലാകാലത്തേയും താഴ്ന്ന നിലയിലെത്തി. വില്‍പ്പന സമ്മര്‍ദം വര്‍ധിച്ചതോടെയാണ്‌ സൊമാറ്റൊ, നൈക, പേടിഎം, ദേവയാനി ഇന്റര്‍നാഷണല്‍ തുടങ്ങിയ 12 ഓളം കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞത്. സൊമാറ്റൊ 8.2 ശതമാനവും, നൈക 6.6 ശതമാനവും പേടിഎം 4.74 ശതമാനവുമാണ് ഇടിവ് നേരിട്ടത്. ഡാറ്റാ പാറ്റേണ്‍സ്, സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി, വിജയ ഡയഗ്നോസ്റ്റിക് സെന്റര്‍, കാര്‍ട്രേഡ് ടെക്, ഡോഡ്ല ഡയറി, ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സസ്, നുവോകോ വിസ്റ്റാസ് കോര്‍പ്പറേഷന്‍, റെയില്‍ടെല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവയുടെ ഓഹരി വിലകളില്‍ 6 ശതമാനം വരെ ഇടിവുണ്ടായി.

അതേസമയം, നിക്ഷേപകര്‍ക്ക് മികച്ച നേട്ടം സമ്മാനിച്ച് ഓഹരി വിപണിയിലെത്തിയ രാജ്യത്തെ പ്രമുഖ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റൊയുടെ ഓഹരി വിലയില്‍ കഴിഞ്ഞ രണ്ട് ട്രേഡിംഗ് ദിവസങ്ങളിലായി 13 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 2021 ജുലൈയില്‍ 126 രൂപ ഓഹരി വിലയില്‍ ലിസ്റ്റ് ചെയ്ത കമ്പനിയുടെ ഇന്നത്തെ ഓഹരി വില 82.65 ആണ്. 34.4 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ പ്രമുഖ ഫാഷന്‍ ഇ കൊമേഴ്‌സ് കമ്പനിയായ നൈകയുടെ ഓഹരി വിലയും എല്ലാ കാലത്തെയും താഴ്ന്ന നിലയായ 1,516 രൂപയിലെത്തി. നവംബറില്‍ 2358 രൂപ നിരക്കിലായിരുന്നു നൈക ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒരു മാസത്തിനിടെ, പേടിഎമ്മിന്റെ ഓഹരി വില 22 ശതമാനം ഇടിഞ്ഞപ്പോള്‍, ഇഷ്യു വിലയായ 2,150 രൂപയില്‍ നിന്ന് 59 ശതമാനത്തോളമാണ് കുറവ് രേഖപ്പെടുത്തിയത്. 2021 നവംബര്‍ 18 നാണ് കമ്പനി വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്. നവംബര്‍ 18 ന് സ്റ്റോക്ക് 1,961.05 രൂപ എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തി, എന്നാല്‍ ഇഷ്യൂ പ്രൈസ് ലിസ്റ്റിംഗില്‍ തൊടുന്നതില്‍ പരാജയപ്പെട്ടു. ഇന്ന് വ്യാപാരം അവസാനിച്ചപ്പോള്‍ 862.40 രൂപയാണ് പേടിഎം ഓഹരിയുടെ വില.


Related Articles
Next Story
Videos
Share it