പുതിയ ഏറ്റെടുക്കലിന് ബോര്‍ഡിന്റെ അനുമതി, പിന്നാലെ വിപണിയില്‍ ഇടിവുമായി സൊമാറ്റൊ

ക്വിക്ക്-കൊമേഴ്സ് കമ്പനിയായ ബ്ലിങ്കിറ്റിനെ 4,447 കോടി രൂപയ്ക്ക് (ഏകദേശം 567 മില്യണ്‍ ഡോളര്‍) ഏറ്റെടുക്കാന്‍ കമ്പനിയുടെ ബോര്‍ഡ് അനുമതി നല്‍കിയതിന് പിന്നാലെ വിപണിയില്‍ ഇടിവുമായി സൊമാറ്റൊ. ഇന്ന് സൊമാറ്റോയുടെ ഓഹരികള്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (എന്‍എസ്ഇ) 6 ശതമാനം ഇടിഞ്ഞ് 66.50 രൂപയിലെത്തി. ബ്ലിങ്ക് കൊമേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ബിസിപിഎല്‍) 33,018 ഇക്വിറ്റി ഓഹരികളാണ് ഫുഡ് അഗ്രഗേറ്റര്‍ പ്ലാറ്റ്ഫോമായ സൊമാറ്റോ ഏറ്റെടുക്കുന്നത്.

മുമ്പ് ഗ്രോഫേഴ്സ് എന്നറിയപ്പെട്ടിരുന്ന കമ്പനിയുടെ ഉടമസ്ഥത സ്വന്തമാക്കുന്നതോട് കൂടി സൊമാറ്റോ ഇനി വേഗതയുടെ പാതയില്‍ കുതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍വീസ് വിപുലമാക്കുന്നതിന്റെ ഭാഗമായാണ് സൊമാറ്റോയുടെ പുതിയ ഏറ്റെടുക്കല്‍ നീക്കം. ബ്യൂട്ടി ആന്‍ഡ് പേഴ്സണല്‍ കെയര്‍ (Beauty & Personal Care), ഓവര്‍-ദി-കൗണ്ടന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് (Over the Counter Pharmaceuticals), സ്റ്റേഷനറി (Stationery) തുടങ്ങിയവയുടെ ഡെലിവറി വര്‍ധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.

സൊമാറ്റോ ഇതിനകം ബ്ലിങ്കിറ്റിന് 150 മില്യണ്‍ ഡോളര്‍ വായ്പയായി നല്‍കിയിട്ടുണ്ട്. ഇത് ഏറ്റെടുക്കലിന്റെ ഭാഗമാക്കിയിട്ടുണ്ട്. ക്വിക്ക് കൊമേഴ്‌സ് അഥവാ ദ്രുത വാണിജ്യ ബിസിനസില്‍ വേണ്ട നിക്ഷേപങ്ങള്‍ക്കായി പദ്ധതി പ്രകാരം തങ്ങള്‍ക്ക് 1,875 കോടി രൂപ അധികമായി ഇത്തരത്തില്‍ ലഭിച്ചതായും സൊമാറ്റോ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ പറഞ്ഞു.

കഴിഞ്ഞ ആറ് മാസത്തിനിടെ ബെഞ്ച്മാര്‍ക്ക് സൂചിക ഏഴ് ശതമാനം ഇടിഞ്ഞപ്പോള്‍ സൊമാറ്റോയുടെ ഓഹരി വിലയില്‍ 49 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. 2021 നവംബര്‍ 16 ലെ റെക്കോര്‍ഡ് വിലയായ 169 രൂപയില്‍ നിന്ന് 61 ശതമാനത്തിന്റെ കുറവ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍, ഓഹരി ഒന്നിന് 76 രൂപ നിരക്കില്‍ വിപണിയില്‍ ലിസ്റ്റ് ചെയ്ത സൊമാറ്റൊ 9,375 കോടി രൂപയാണ് പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ സമാഹരിച്ചത്. 2022 മെയ് 11 ന് സ്റ്റോക്ക് 50.35 രൂപ എന്ന റെക്കോര്‍ഡ് താഴ്ന്ന നിലയിലെത്തിയിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it