Begin typing your search above and press return to search.
ഓഹരിവിപണിയില്‍ തരംഗം സൃഷ്ടിച്ച് സൊമാറ്റോ; വിപണി മൂലധനം ഒരു ലക്ഷം കോടി വരെ കടന്നു
സോമാറ്റോ ഓഹരികള്‍ വെള്ളിയാഴ്ച ഓഹരി വിപണിയില്‍ ശക്തമായ അരങ്ങേറ്റം കുറിച്ചു. വ്യാപാരത്തിന്റെ ആദ്യ ദിവസം എന്‍എസ്ഇയില്‍ ഒരു ഓഹരിക്ക് 126 രൂപയായി. സോമാറ്റോയുടെ ഓഹരി വില ഐപിഒ വില 76 രൂപയില്‍ നിന്ന് 66 ശതമാനം അഥവാ 50 രൂപയാണ് ഉയര്‍ന്നത്. ഓപ്പണിംഗില്‍ സൊമാറ്റോ ഓഹരികള്‍ 20 ശതമാനം അപ്പര്‍ സര്‍ക്യൂട്ടില്‍ 138 രൂപയിലെത്തിയിരുന്നു. ഇത് ഐപിഒ നിക്ഷേപകരുടെ പണം ഇരട്ടിയാക്കി.
സൊമാറ്റോയുടെ 9,375 കോടി രൂപയുടെ ഐപിഒയാണ് കഴിഞ്ഞ ആഴ്ച്ച നടന്നത്. എന്‍എസ്ഇയില്‍ 116 രൂപ നിരക്കിലാണ് സൊമാറ്റോ വ്യാപാരം ആരംഭിച്ചത്. ദലാല്‍ സ്ട്രീറ്റില്‍ അരങ്ങേറ്റം കുറിച്ച ശേഷം കമ്പനിയുടെ വിപണി മൂലധനം 1,08,067.35 കോടി രൂപ കടന്നു. ക്ലോസിംഗ് ബെല്ലില്‍ 98,211 കോടി രൂപയാണ് ഇത്. ഐഒസി, ബിപിസിഎല്‍, ശ്രീ സിമന്റ്‌സ് എന്നീ കമ്പനികളേക്കാള്‍ മുന്നിലാണ് ഇപ്പോള്‍ സൊമാറ്റോയുടെ സ്ഥാനം.
ജൂലൈ 14 മുതല്‍ 16 വരെയായിരുന്നു ഐപിഒ വില്‍പ്പന. 9,375 കോടി രൂപയുടെ പ്രാരംഭ പബ്ലിക് ഓഫറിംഗില്‍ നിക്ഷേപകരില്‍ നിന്ന് 38.25 മടങ്ങ് സബ്‌സ്‌ക്രിപ്ഷനുമായി മികച്ച പ്രതികരണമാണ് ലഭിച്ചത്. ഫുഡ് ഡെലിവറി വിഭാഗത്തിലെ രാജ്യത്തെ ആദ്യ ലിസ്റ്റിംഗ് ആണ് സൊമാറ്റോയുടേത്. നിക്ഷേപകരില്‍ വര്‍ധിച്ച് വരുന്ന ഡിമാന്‍ഡ്, മാര്‍ക്കറ്റ് ഷെയര്‍ നേടുന്നതിലെ സ്ഥിരത എന്നിവയാണ് സൊമാറ്റോയുടെ അരങ്ങേറ്റത്തിന് പിന്തുണ നല്‍കുന്നത്.
2020 ഒക്ടോബര്‍ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള മൊത്ത ഓര്‍ഡര്‍ മൂല്യത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയിലെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കാറ്റഗറിയില്‍ ഏറ്റവും മുന്‍നിരയിലാകാന്‍ സോമാറ്റോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി സ്ഥിരമായി മികച്ച വിപണി വിഹിതം നേടാനും കമ്പനിയ്ക്ക് കഴിഞ്ഞു. 2021 മാര്‍ച്ച് വരെ ഇന്ത്യയിലെ 525 നഗരങ്ങളില്‍ സൊമാറ്റോ പ്രവര്‍ത്തിക്കുന്നുണ്ട്. 3,89,932 റെസ്റ്റോറന്റുകളാണ് സൊമാറ്റോയ്ക്ക് കീഴിലുള്ളത്.
ഇന്ത്യയ്ക്ക് പുറത്തുള്ള 23 രാജ്യങ്ങളിലും സൊമാറ്റോ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഭക്ഷ്യ വിതരണത്തില്‍ നിന്നാണ് വരുമാനത്തിന്റെ ഭൂരിഭാഗവും നേടുന്നത്. ഈ വളര്‍ച്ച തന്നെയായിരിക്കും വിപണിയിലും പ്രതിഫലിച്ചത്. അതേസമയം കോവിഡ് പ്രതിസന്ധിമൂലം കമ്പനി വരുമാനത്തില്‍ 23.5 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ വളര്‍ച്ചാ സാധ്യതയും മാര്‍ക്കറ്റിലെ പങ്കാളിത്തവും കാര്യങ്ങള്‍ മെച്ചപ്പെടുത്തിയേക്കാമെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.
Next Story
Videos