സൂക്ഷിക്കുക! സോഷ്യല്‍ മീഡിയ നിങ്ങളുടെ ജോലി തെറിപ്പിച്ചേക്കാം: മുരളി തുമ്മാരുകുടി എഴുതുന്നു

ജോലി കളയുന്ന സമൂഹ മാധ്യമങ്ങള്‍...

ലിങ്ക്ഡ് ഇന്‍ എന്ന സമൂഹ മാധ്യമം നന്നായി ഉപയോഗിച്ചാല്‍ നമ്മളെ തേടി ജോലികള്‍ ഇങ്ങോട്ടു വരുന്ന സാഹചര്യം ഞങ്ങള്‍ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നല്ലോ. ഇന്ന് അതിന് നേരെ വിപരീതമായ സാഹചര്യം നോക്കാം. സമൂഹ മാധ്യമങ്ങള്‍ വിവേകപൂര്‍വം ഉപയോഗിച്ചില്ലെങ്കില്‍ അത് എങ്ങനെയാണ് നിങ്ങളുടെ ജോലി കിട്ടാനുള്ള സാധ്യതയേയും, കിട്ടിയ ജോലിയേയും ബാധിക്കുക എന്ന് നോക്കാം. തൊഴില്‍ രംഗത്തുള്ളവരും തൊഴില്‍ രംഗത്തേക്ക് വരാന്‍ തയ്യാറെടുക്കുന്നവരും ഇക്കാര്യം ശ്രദ്ധിച്ച് വായിക്കണം.

സമൂഹമാധ്യമം തൊഴിലിനെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ ഏറ്റവും നാടകീയമായ ഉദാഹരണം, ന്യൂ യോര്‍ക്കില്‍ ഒരു സ്ഥാപനത്തിലെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായിരുന്ന ജസ്റ്റിന്‍ സാക്കോയുടേതാണ്. സമൂഹ മാധ്യമത്തില്‍ താരമൊന്നുമല്ലാത്ത, ട്വിറ്ററില്‍ വെറും 170 ഫോളവേഴ്‌സ് മാത്രമുള്ള ഒരാള്‍. അനവസരത്തില്‍ നടത്തിയ ഒറ്റ ട്വീറ്റില്‍ അവരുടെ തൊഴില്‍ മാത്രമല്ല, ജീവിതം തന്നെ മാറിമറിഞ്ഞു.

2013 ല്‍ അവര്‍ ദക്ഷിണാഫ്രിക്കയില്‍ അവധിക്കാലം ചിലവഴിക്കാന്‍ പോവുകയായിരുന്നു. ന്യൂ യോര്‍ക്കില്‍ നിന്നും ലണ്ടന്‍ വഴി കേപ് ടൌണ്‍ എന്നതാണ് റൂട്ട്. അന്നൊന്നും വിമാനത്തില്‍ വൈഫൈ ആയിട്ടില്ലാത്തതിനാല്‍ വിമാനത്തില്‍ കയറുന്നതിന് മുന്‍പും, ലണ്ടനില്‍ വിമാനം ഇറങ്ങിക്കഴിഞ്ഞും, വിമാനയാത്രയില്‍ നേരിട്ട ചെറിയ അസൗകര്യങ്ങളെ കുറിച്ച് അവര്‍ ട്വീറ്റ് ചെയ്തു. അത് ആരും തന്നെ ഗൗനിച്ചില്ല. എന്നാല്‍ ലണ്ടനില്‍ നിന്നും കേപ്പ് ടൗണിലേക്ക് വിമാനം കയറുന്നതിന് മുന്‍പ് അവര്‍ ഒരു ട്വീറ്റ് കൂടി ചെയ്തു. ശേഷം വിമാനം ടേക്ക് ഓഫ് ചെയ്തു, അടുത്ത പതിനൊന്ന് മണിക്കൂര്‍ ജസ്റ്റിന്‍ സാക്കോ വിമാനത്തിലായിരുന്നു.

ആ സമയം താഴെ സമൂഹമാധ്യമത്തിന്റെ ലോകത്ത് ജസ്റ്റിന്‍ സാക്കോയുടെ ട്വീറ്റ് പെട്ടെന്ന് വൈറല്‍ ആയി. അതിലെ വംശീയത ആളുകളെ നന്നായി ചൊടിപ്പിച്ചു. തുടര്‍ന്ന് പ്രതികരണങ്ങളുമായി ജസ്റ്റിന്റെ സ്ഥാപനത്തിനു താഴെ ആളുകള്‍ പൊങ്കാലയുമായി എത്തി. ജസ്റ്റിന്‍ അവിടെ ജോലി ചെയ്യുന്നിടത്തോളം കാലം ആ സ്ഥാപനവുമായി ബിസിനസ്സ് ചെയ്യില്ല എന്ന് പറഞ്ഞ് ആളുകള്‍ ട്വീറ്റ് ചെയ്തു തുടങ്ങി.

സമൂഹമാധ്യമത്തിന്റെ ലോകത്ത് ഇതൊക്കെ സംഭവിക്കുമ്പോള്‍ ഇതൊന്നും അറിയാതെ ജസ്റ്റിന്‍ വിമാനത്തിലാണ്. സ്ഥാപനത്തിന്റെ പേര് ചീത്തയാകുന്നു, ബിസിനസ്സ് നഷ്ടപ്പെടുന്നു എന്ന് കണ്ടതോടെ സ്ഥാപനം ഒരു ട്വീറ്റുമായി വന്നു,

'This is an outrageous, offensive comment. Employee in question currently unreachable on an intl flight.'

അതോടെ കാര്യങ്ങളുടെ ഗതി മാറി. താഴെ നടക്കുന്ന സംഭവങ്ങളൊന്നും ജസ്റ്റിന്‍ അറിഞ്ഞിട്ടില്ലെന്ന് ആളുകള്‍ക്ക് മനസ്സിലായി. അങ്ങനെയാണെങ്കില്‍ അവര്‍ വിമാനമിറങ്ങുന്‌പോള്‍ പെട്ടെന്ന് സമൂഹമാധ്യമത്തില്‍ താന്‍ വെറുപ്പിന്റെ കേന്ദ്രമായത് അറിയുന്‌പോള്‍ എങ്ങനെയായിരിക്കും മുഖം എന്നൊക്കെയായി സമൂഹമാധ്യമത്തിന്റെ ചിന്തയും ചര്‍ച്ചയും. അങ്ങനെ ജസ്റ്റിന്‍ വിമാനമിറങ്ങിയോ (#HasJustineLandedYet) എന്ന ഹാഷ് ടാഗ് വൈറല്‍ ആയി.

ഇതും ജസ്റ്റിന്‍ അറിയുന്നില്ല. എവിടെ നിന്നും എങ്ങോട്ടാണ് ജസ്റ്റിന്‍ യാത്ര ചെയ്യുന്നത് എന്നൊക്കെ അപ്പോഴേക്കും സമൂഹ മാധ്യമങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞിരുന്നു. കേപ്പ് ടൗണില്‍ അവര്‍ വിമാനമിറങ്ങുന്നതും കാത്ത് ആളുകളുണ്ടായിരുന്നു. അവരുടെ ചിത്രമെടുത്ത് പോസ്റ്റ് ചെയ്യുകയും ചെയ്തു.

കേപ്പ് ടൗണില്‍ വിമാനമിറങ്ങിയതോടെ ജസ്റ്റിന് കാര്യങ്ങള്‍ മനസ്സിലായി. അവരുടെ ട്വിറ്റര്‍ഫീഡിലും ഫോണിലും ആയിരക്കണക്കിന് മെസ്സേജുകളാണ് അപ്പോഴേക്കും ഉണ്ടായിരുന്നത്. പേടിച്ച അവര്‍ ഉടന്‍ തന്നെ ട്വീറ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും അപ്പോഴേക്കും പതിനായിരക്കണക്കിന് റീട്വീറ്റും കമന്റുമായി അവര്‍ ട്വിറ്റര്‍ ലോകത്ത് മായ്ക്കാനാവാത്തത്ര പടര്‍ന്നു പോയിരുന്നു. ദക്ഷിണാഫ്രിക്കയില്‍ താമസിക്കാന്‍ ബുക്ക് ചെയ്തിരുന്ന ഹോട്ടലിലെ ജോലിക്കാര്‍ അവരെ അവിടെ താമസിപ്പിച്ചാല്‍ തങ്ങള്‍ പണിമുടക്കുമെന്ന് പ്രഖ്യാപിച്ചു.
അങ്ങനെ അവധിയും കാന്‍സല്‍ ചെയ്ത് ജസ്റ്റിന്‍ തിരിച്ചെത്തിയെങ്കിലും അവരുടെ തൊഴില്‍ തിരിച്ചു കിട്ടിയില്ല.

ഒരു ട്വീറ്റ് , അതും വെറും170 ഫോളോവേഴ്‌സ് മാത്രമുള്ള ഒരാളില്‍ നിന്നും. ഇതൊക്കെയാണ് സമൂഹമാധ്യമത്തിന്റെ ലോകം.

ഉള്ള തൊഴില്‍ പോകുന്നതില്‍ മാത്രമല്ല തൊഴില്‍ കിട്ടാതിരിക്കുന്നതിലും സമൂഹമാധ്യമത്തിന് പങ്കുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ടെക്‌സസില്‍ ഒരു സംഭവമുണ്ടായി. എമിലി ക്‌ളോ എന്ന പെണ്‍കുട്ടി ഒരു സ്ഥാപനത്തില്‍ ജോലിക്ക് അപേക്ഷിച്ചു. അവരാകട്ടെ എമിലിയുടെ സമൂഹ മാധ്യമപേജുകള്‍ പരിശോധിച്ചു, അതില്‍ എമിലി സ്വിമ്മിങ്ങ് പൂളില്‍ ബിക്കിനി ഇട്ടു നില്‍ക്കുന്ന ഒരു ചിത്രമുണ്ടായിരുന്നു. അവര്‍ എമിലിക്ക് ജോലി നല്‍കിയില്ലെന്ന് മാത്രമല്ല, ഇത്തരം ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് പ്രൊഫഷണല്‍ അല്ല എന്ന് കൂടി പോസ്റ്റ് ചെയ്തു.

'PSA (because I know some of you applicants are looking at this): do not share your social media with a potential employer if this is the kind of content on it. I am looking for a professional marketer--not a bikini model.'

ഇത്തവണ പൊങ്കാല കിട്ടിയത് കമ്പനിക്കാണ്. ആയിരക്കണക്കിന് ആളുകള്‍ ഈ നടപടിയില്‍ പ്രതിഷേധിച്ച് പോസ്റ്റുകള്‍ ഇടാന്‍ തുടങ്ങിയതോടെ അവര്‍ അക്കൗണ്ടുകളും വെബ്സൈറ്റും പ്രൈവറ്റ് ആക്കി കണ്ടം വഴി ഓടി. എമിലിക്ക് ജോലി കിട്ടിയില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

ഈ രണ്ടു സംഭവങ്ങളില്‍ നിന്നും നമുക്ക് ഏറെ പഠിക്കാനുണ്ട്. ട്വിറ്റര്‍, ഫേസ്ബുക്, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, ടിക്-ടോക് തുടങ്ങി ധാരാളം ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളില്‍ നാം നമ്മുടെ ചിന്തകളും കഴിവുകളും പ്രകടമാക്കാറുമുണ്ട്. മറ്റുള്ളവരുടെ പോസ്റ്റുകളില്‍ അഭിപ്രായ പ്രകടനം നടത്താറുമുണ്ട്. ഇതെല്ലാം വളരെ വ്യക്തിപരമായ കാര്യമാണ് എന്നായിരിക്കും നിങ്ങളുടെ ചിന്ത. എന്നാല്‍ ഒന്നുറപ്പിച്ചോളൂ, നിങ്ങളുടെ സമൂഹ മാധ്യമ ചിന്തകളും ഷെയറുകളുമെല്ലാം നിങ്ങളുടെ എംപ്ലോയറും ഫ്യൂച്ചര്‍ എംപ്ലോയറും ശ്രദ്ധിക്കുന്നുണ്ട്. ഇനിയുള്ള കാലത്ത് അത് കൂടി വരും. എന്താണ്, എപ്പോഴാണ് നിങ്ങള്‍ക്ക് പണിയായി വരാന്‍ പോകുന്നതെന്ന് ആര്‍ക്കും പ്രവചിക്കാന്‍ പറ്റില്ല. നിങ്ങളുടെ പേജ് പ്രൈവറ്റ് ആണെന്നതോ, നിങ്ങള്‍ മലയാളത്തിലാണ് എഴുതുന്നതെന്നതോ, നിങ്ങള്‍ക്ക് പത്തു ഫോളോവേഴ്‌സ് പോലും ഇല്ല എന്നതോ ഒന്നും ഇവിടെ വിഷയമല്ല.

സാധാരണഗതിയില്‍ എന്തൊക്കെ കാര്യങ്ങളാണ് പ്രശ്‌നമാകാറുള്ളത്?

1. രാഷ്ട്രീയം:

കക്ഷിരാഷ്ട്രീയ ചായ്വുള്ളവര്‍ മുതല്‍, വിവിധ പൊളിറ്റിക്കല്‍ ഐഡിയയോളജികളെ അനുകൂലിക്കുന്നവര്‍ വരെ സമൂഹമാധ്യമങ്ങളിലുണ്ട്. ഇത് സ്വാഭാവികമായും വ്യക്തികളുടെ പ്രൊഫൈലില്‍ പ്രതിഫലിക്കാം. തികച്ചും വ്യക്തിപരമായ കാര്യമാണല്ലോ അത്. പക്ഷേ, തീവ്ര രാഷ്ട്രീയധ്രുവീകരണം പ്രതിഫലിപ്പിക്കുന്ന പ്രൊഫൈലുകള്‍ നിങ്ങള്‍ക്ക് വിനയായി മാറാം. തീവ്രമായ അഭിപ്രായപ്രകടനങ്ങളും ഒഴിവാക്കേണ്ടതാണ്.

2. ഭാഷ:

അഭിപ്രായപ്രകടനം എന്ന പേരില്‍ സഭ്യമല്ലാത്ത ഭാഷ ഉപയോഗിക്കുന്നതും അപകടമാണ്. തമാശക്കാണെങ്കില്‍പ്പോലും മറ്റുള്ളവരെ തെറിവിളിക്കുന്ന കമന്റുകളും പോസ്റ്റുകളും നിങ്ങളുടെ തൊഴില്‍ ജീവിതത്തെ സാരമായി ബാധിക്കാം. വിദേശത്തുള്ള തൊഴില്‍ദാതാക്കള്‍ മലയാളത്തിലുള്ള നിങ്ങളുടെ പോസ്റ്റുകള്‍ വായിച്ച് എങ്ങനെ അര്‍ത്ഥം മനസിലാക്കും എന്ന് ചിന്തിക്കേണ്ട. ഭാഷ പരിഭാഷപ്പെടുത്തല്‍ നിര്‍മിത ബുദ്ധിയുടെ കാലത്ത് ഒരു പ്രശ്‌നമേയല്ല എന്ന് മനസിലാക്കുക. മാത്രമല്ല, നിര്‍മ്മിത ബുദ്ധി തര്‍ജ്ജമ ചെയ്യുന്‌പോള്‍ നിങ്ങള്‍ വിചാരിക്കാത്ത അര്‍ത്ഥം പോലും അതിനുണ്ടാകും, ശ്രദ്ധിക്കുക.

3. സെക്‌സിസ്റ്റ് മനോഭാവങ്ങള്‍:

വികസിത സമൂഹത്തില്‍ വളരെ തരംതാണതെന്നു കരുതുന്ന ഒന്നാണ് ലിംഗവിവേചനം. ഇത് പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകാറുള്ള കാര്യവുമാണ്. നമ്മുടെ നാട്ടിലെ പല പ്രയോഗങ്ങളും, തമാശ എന്ന് നമ്മള്‍ ഉദ്ദേശിക്കുന്നതും മറ്റൊരിടത്ത് അസ്വീകാര്യമാകാം.

4. ഹോമോഫോബിയ:

സ്വവര്‍ഗാനുരാഗികളോടുള്ള മോശം മനോഭാവമാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്. അവരോടുള്ള അനിഷ്ടം അല്ലെങ്കില്‍ മുന്‍വിധി സോഷ്യല്‍ മീഡിയയില്‍ പ്രകടമാക്കുന്നതിലൂടെ നിങ്ങള്‍ ഹോമോഫോബിക് (Homophobic) ആയ വ്യക്തിയാണെന്നാണ് തെളിയിക്കപ്പെടുന്നത്. ഇത് നിങ്ങളെക്കുറിച്ചുള്ള എംപ്ലോയറുടെ കാഴ്ചപ്പാടില്‍ ഇടിവ് വരുത്താം.

5. മതം:

മതങ്ങളെക്കുറിച്ചുള്ള തീവ്രമായ അഭിപ്രായപ്രകടനം പ്രശ്‌നത്തിലേക്ക് നയിക്കാം. വിശ്വാസികള്‍ പൊതുവെ അവരുടെ മതമാണ് ശരിയെന്ന് കരുതുന്നു, ചിലര്‍ അത് മാത്രമാണ് ശരിയെന്നും. മത വിശ്വാസമില്ലാത്തവര്‍ അതൊന്നും ശരിയല്ല എന്ന് കരുതുന്നു. ഇതൊക്കെ വ്യക്തിസ്വാതന്ത്ര്യം എന്നാണ് കേരളത്തില്‍ പൊതുവെ നമ്മള്‍ ചിന്തിക്കുന്നത്. എന്നാല്‍ ലോകത്തിലെ എല്ലായിടത്തും അങ്ങനെ ആയിക്കൊള്ളണമെന്നില്ല. കേരളത്തില്‍ തന്നെ പുറത്തു പറഞ്ഞില്ലെങ്കിലും മതം പ്രധാനമായി കരുതുന്ന എംപ്ലോയര്‍മാര്‍ ഉണ്ട്, മതത്തെ പിണക്കേണ്ട എന്ന് കരുതുന്നവരും. നമ്മുടെ മത വിശ്വാസങ്ങളും മറ്റു മതങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളും സ്വകാര്യമായി വെക്കുന്നതാണ് തൊഴില്‍ രംഗത്തെ സുരക്ഷിതത്വത്തിന് നല്ലത്.

6. വംശീയത:

സ്വന്തം വംശം ശ്രേഷ്ഠമാണെന്ന് വിശ്വസിക്കുകയും, അതിനെ അടിസ്ഥാനമാക്കി മറ്റൊരു വംശത്തില്‍പ്പെട്ട ആളുകളോട് മുന്‍വിധിയോടെയും വിവേചനത്തോടെയും പെരുമാറുന്നതാണ് വംശീയത (Racism) അഥവാ മറ്റു വര്‍ഗ/വര്‍ണങ്ങളില്‍പ്പെട്ടവരോടുള്ള വിരോധം. രണ്ടും വളരെ നികൃഷ്ടമായാണ് ആധുനികലോകം കാണുന്നത്. പലപ്പോഴും പല രാജ്യങ്ങളിലും ദേശങ്ങളിലുമുള്ളവരെ മോശമായി ചിത്രീകരിക്കുന്ന അഭിപ്രായങ്ങളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ കാണാറുണ്ട്. നിങ്ങള്‍ ഇത് ഷെയര്‍ ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ ഭാവി എംപ്ലോയര്‍ അത് ശ്രദ്ധിക്കാം. നിങ്ങള്‍ തീരെ political correctness ഇല്ലാത്ത, വംശീയ മനോഭാവമുള്ള വ്യക്തിയാണെന്നാണല്ലോ ഇവിടെ തെളിയിക്കപ്പെടുന്നത്.

7. അന്താരാഷ്ട്ര രാഷ്ട്രീയം:

അന്താരാഷ്ട്ര പൊളിറ്റിക്സില്‍ (ഇന്ത്യ, പാക്കിസ്ഥാന്‍, അമേരിക്ക - ചൈന, ഇറാന്‍ - സൗദി അറേബ്യ, ഇസ്രായേല്‍ - പാലസ്റ്റീന്‍ എന്നിങ്ങനെ) നിങ്ങള്‍ക്ക് വ്യക്തവും ശക്തവുമായ അഭിപ്രായങ്ങള്‍ ഉണ്ടായി എന്ന് വരാം. ജനാധിപത്യകേരളത്തിലെ ശീതളച്ഛായയില്‍ ഇരുന്ന് നിങ്ങള്‍ അതൊക്കെ സമൂഹമാധ്യമത്തില്‍ ഉറക്കെ പറഞ്ഞു ശീലിച്ചിട്ടും, അതിന് ധാരാളം ലൈക്കും ഷെയറും കിട്ടിയിട്ടുമുണ്ടാകും. പക്ഷെ അന്താരാഷ്ട്രമായി തൊഴില്‍ അന്വേഷിക്കുകയാണെങ്കിലോ അന്താരാഷ്ട്ര തൊഴില്‍ ചെയ്യുകയാണെങ്കിലോ ഇതൊക്കെ എപ്പോള്‍ വേണമെങ്കിലും നിങ്ങളെ തിരിഞ്ഞുകൊത്താം. അഭിപ്രായങ്ങള്‍ ഉണ്ടായിരിക്കുന്‌പോഴും അവ പ്രകടിപ്പിക്കുന്നതില്‍ മിതത്വം പാലിക്കുന്നതാണ് ബുദ്ധി.

8. രാജാക്കന്മാരെപ്പറ്റി പറയുമ്പോള്‍:

ജനാധിപത്യമായ സാഹചര്യത്തില്‍ വളര്‍ന്നത് കൊണ്ട് ഭരണാധികാരികളെ വിമര്‍ശിക്കുന്നത് നമുക്ക് അസ്വാഭാവികമായി തോന്നുന്ന ഒന്നല്ല. പക്ഷെ ലോകത്തെ അനവധി രാജ്യങ്ങളില്‍ അവിടുത്തെ ഭരണാധികാരികളെ വിമര്‍ശിക്കുന്നത് നിയമപരമായിത്തന്നെ കുറ്റകൃത്യമാണ്. ഉദാഹരണത്തിന് തായ്ലന്‍ഡിലെ രാജാവ്, രാജ്ഞി, കിരീടാവകാശി എന്നിവരെ വിമര്‍ശിക്കുന്നത് മൂന്നു മുതല്‍ പതിനഞ്ചു വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. മറ്റു രാജ്യങ്ങളിലിരുന്ന് അവരെ സമൂഹമാധ്യമത്തില്‍ വിമര്‍ശിച്ചവരെ തായ്ലന്‍ഡില്‍ എത്തിയപ്പോള്‍ അറസ്റ്റ് ചെയ്ത സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. തൊഴില്‍ അന്വേഷിക്കുന്നവരും തൊഴില്‍ ചെയ്യുന്നവരും പ്രത്യേകം ശ്രദ്ധിക്കുക.

9. ഷെയര്‍ ചെയ്യുന്നതിന്റെ ഉത്തരവാദിത്തം:

സ്വന്തമായി അഭിപ്രായം പറയാത്തവര്‍ പോലും ചിലപ്പോള്‍ മറ്റുള്ളവരുടെ അഭിപ്രായപ്രകടനങ്ങള്‍, കാര്‍ട്ടൂണുകള്‍, ന്യൂസ് പേപ്പര്‍ ആര്‍ട്ടിക്കിളുകള്‍ എന്നിവ ഷെയര്‍ ചെയ്യാറുണ്ട്. നിങ്ങള്‍ എന്തെങ്കിലും ഷെയര്‍ ചെയ്താല്‍ അതിലെ അഭിപ്രയങ്ങളുമായി നിങ്ങള്‍ യോജിക്കുന്നു എന്ന് തന്നെയാണ് സമൂഹമാധ്യമത്തിലെ തത്വം. 'as received' എന്നൊക്കെ പറഞ്ഞ് ചിലര്‍ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിവാകാന്‍ നോക്കും. കാര്യമില്ല.

10. നിങ്ങള്‍ ഇഷ്ടപ്പെടുന്നതെന്തോ അതാണ് നിങ്ങള്‍:

അഭിപ്രയം പറയാത്തവരും ഷെയര്‍ ചെയ്യാത്തവരും ആണെങ്കിലും മറ്റുള്ളവരുടെ പോസ്റ്റുകള്‍ ലൈക്ക് ചെയ്യുക സ്വാഭാവികമാണ്. പലപ്പോഴും മുഴുവന്‍ വായിച്ചിട്ടോ മുഴുവന്‍ കാര്യങ്ങള്‍ ഗ്രഹിച്ചിട്ടോ അംഗീകരിച്ചിട്ടോ ആകണമെന്നില്ല നിങ്ങള്‍ ഒരു പോസ്റ്റ് ലൈക്ക് ചെയ്യുന്നത്. പക്ഷെ നിങ്ങളുടെ ലൈക്കുകള്‍ നിങ്ങളുടെ വ്യക്തിത്വത്തെ നിര്‍വ്വചിക്കുന്നു എന്നതാണ് സമൂഹമാധ്യമങ്ങളിലെ ശാസ്ത്രം. ആയതിനാല്‍ ലൈക്ക് ചെയ്യുന്നതും സൂക്ഷിച്ചു വേണം.

11. വാട്ട്‌സ്ആപ്പ് സ്വകാര്യമല്ല:

പൊതുവേദികളില്‍ പറയാന്‍ മടിക്കുന്ന പലതും നമ്മള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പറയുമല്ലോ. അത് സ്വകാര്യമാണെന്നാണ് ധാരണ. പക്ഷെ അങ്ങനെയല്ല. മുന്‍പ് പറഞ്ഞ തരത്തിലുള്ള കുഴപ്പമുണ്ടാക്കാവുന്ന അഭിപ്രായങ്ങള്‍ നിങ്ങള്‍ പറയുകയോ, ഷെയര്‍ ചെയ്യുകയോ, മോശമായ ഭഷ ഉപയോഗിക്കുകയോ ചെയ്താല്‍ എപ്പോള്‍ വേണമെങ്കിലും അതിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്ത് വരാം, പണി കിട്ടുകയും ചെയ്യാം.

12. സുരക്ഷിത സ്ഥലങ്ങള്‍ ഇല്ല:

ഈ കൊറോണക്കാലം നമ്മളെ ഒരു പാഠം പഠിപ്പിക്കുന്നുണ്ടെങ്കില്‍ ഈ ലോകം മുഴുവന്‍ പരസ്പരബന്ധിതമാണെന്നതാണ്. സമൂഹമാധ്യമങ്ങളുടെ ലോകവും അതുപോലെ തന്നെയാണ്. നമ്മള്‍ ലോകത്തില്‍ സുരക്ഷിതമെന്ന് കരുതുന്ന എവിടെയെങ്കിലും ഇരുന്ന് അവിടുത്തെ സംവിധാനത്തില്‍ പൊളിറ്റിക്കലി കറക്റ്റ് എന്ന് ചിന്തിക്കുന്ന ഒരു അഭിപ്രായപ്രകടനം നടത്തിയാല്‍ അതെങ്ങനെ എവിടെ വെച്ചാണ് പാരയായി വരുന്നതെന്ന് ചിന്തിക്കാന്‍ പറ്റില്ല. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര യാത്രയോ തൊഴിലോ ആഗ്രഹിക്കുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ വിഷയം തിരഞ്ഞെടുക്കുന്നതിലും ഭാഷയിലും ഏറെ ശ്രദ്ധിക്കണം.

13. ഒളിച്ചിരിക്കാനാവില്ല:

സ്വന്തം അഭിപ്രായ പ്രകടനത്തിന് ഫേക്ക് ഐഡി ഉപയോഗിക്കുന്നവരും, സ്വന്തം ഭാഷയില്‍ പറഞ്ഞാല്‍ മറ്റുളളവര്‍ അറിയില്ല എന്ന് ചിന്തിക്കുന്നവരും, പോസ്റ്റ് പ്രൈവറ്റ് ആയതിനാല്‍ കുഴപ്പമില്ല എന്ന് വിചാരിക്കുന്നവരും, പോസ്റ്റ് ഡിലീറ്റ് ചെയ്താല്‍ പ്രശ്‌നം തീരും എന്നും കരുതുന്നവരും ഉണ്ട്. ഇതൊന്നും ശരിയല്ല. സമൂഹമാധ്യമങ്ങളില്‍ നിങ്ങള്‍ എഴുതുന്നതെന്തും കല്ലില്‍ കൊത്തിവെച്ചതുപോലെ ഡിജിറ്റല്‍ ഫുട് പ്രിന്റ് ആയി അവിടെത്തന്നെ ഉണ്ടാകും. എപ്പോള്‍ വേണമെങ്കിലും ഇത് നിങ്ങളെ തിരിഞ്ഞുകൊത്തുകയും ചെയ്യും. ജാഗ്രതൈ !

14. ''അധികം'' ഡീസന്റ് ആയാലും കുഴപ്പം തന്നെ:

നിങ്ങള്‍ എന്ത് എഴുതുന്നു എന്നത് മാത്രമല്ല, എപ്പോള്‍ എഴുതുന്നു, എത്രമാത്രം എഴുതുന്നു (ലൈക്, കമന്റ്, പോസ്റ്റ്, ഷെയര്‍) എന്നതെല്ലാം നിങ്ങളുടെ എംപ്ലോയര്‍ ശ്രദ്ധിച്ചേക്കാം. അപ്പോള്‍ നിങ്ങള്‍ മുന്‍പ് പറഞ്ഞ കുഴപ്പങ്ങള്‍ ഒന്നുമില്ലാത്ത അഭിപ്രായങ്ങള്‍ പറയുന്ന ആളാണെങ്കിലും ഓഫീസ് സമയത്ത് കൂടുതല്‍ സമയം സോഷ്യല്‍ മീഡിയയില്‍ ചിലവാക്കുന്ന ആളാണെന്ന് കണ്ടാലും പണി പാളിയേക്കാം, ശ്രദ്ധിക്കുക.

15. നിര്‍മ്മിത ബുദ്ധി നിങ്ങളെ അന്വേഷിക്കുമ്പോള്‍:

ഇനിയുള്ള കാലത്ത് ഓരോ തൊഴിലാളികളുടേയും തൊഴില്‍ അന്വേഷകരുടെയും ഇവാലുവേഷനും പ്രൊഫൈലിങ്ങും നടത്തുന്നത് മനുഷ്യരല്ല, നിര്‍മ്മിത ബുദ്ധി ആയിരിക്കും. നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ഓടിച്ചൊന്നു നോക്കുകയല്ല - നിങ്ങള്‍ ജോയിന്‍ ചെയ്ത അന്നുമുതല്‍ ഇന്നുവരെയുള്ള സകല പോസ്റ്റും ലൈക്കും ഷെയറും പരിശോധിച്ച്, നിങ്ങള്‍ എത്ര സമയം അവിടെ ചിലവാക്കുന്നു, നിങ്ങളുടെ കൂട്ടുകാര്‍ ആരൊക്കെയാണ് എന്നതെല്ലാം അപഗ്രഥനം ചെയ്തിട്ടാണ് നിങ്ങളുടെ പ്രൊഫൈലിങ് നടത്താന്‍ പോകുന്നത്. തൊഴില്‍ ചെയ്യുന്ന സ്ഥാപനങ്ങളിലും ഇത്തരം പ്രൊഫൈലിങ് വരും, ഇതിന് മാത്രമായി പുതിയ സ്ഥാപനങ്ങള്‍ ഉണ്ടാകും. നിങ്ങള്‍ സ്വകാര്യമെന്ന് വിശ്വസിച്ചിരുന്ന സമൂഹമാധ്യമങ്ങളിലെ ഡേറ്റ, നിങ്ങള്‍ ഡിലീറ്റ് ചെയ്തത് ഉള്‍പ്പെടെ ഇത്തരം സ്ഥാപനങ്ങള്‍ക്ക് സമൂഹമാധ്യമ കന്പനികള്‍ മറിച്ചു വില്‍ക്കും. നിര്‍മ്മിത ബുദ്ധി എന്തൊക്കെ മാനദണ്ഡങ്ങളാലാണ് നമ്മളെ നല്ലതായി പ്രൊഫൈല്‍ ചെയ്യുന്നതെന്ന് നമുക്ക് മുന്‍കൂട്ടി പ്രവചിക്കാനാകില്ല. ഉദാഹരണത്തിന് സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ സെല്‍ഫി ഷെയര്‍ ചെയ്യുന്നവര്‍ ബുദ്ധി കുറഞ്ഞവരാണെന്ന ഒരു തത്വം വികസിച്ചു വരുന്നുണ്ട് (എന്നെയൊക്കെ കണ്ടിട്ടാകണം). ഇത് സത്യമാകണമെന്നില്ല, പക്ഷെ ദശലക്ഷക്കണക്കിന് തൊഴില്‍ അന്വേഷകരില്‍ നിന്നും കുറച്ചു പേരെ തിരഞ്ഞെടുക്കേണ്ടി വരുന്‌പോള്‍ ആളുകളെ ഒഴിവാക്കാന്‍ ഇതുപോലെ എന്തെങ്കിലും ചില തത്വങ്ങള്‍ വേണ്ടിവന്നേക്കാം, അത് നമുക്ക് പാരയായി തീരുകയും ചെയ്യാം.

16. എന്നാല്‍ ഇതങ്ങു വേണ്ടെന്നു വെച്ചാലോ?:

ഈ സമൂഹമാധ്യമങ്ങള്‍ ഇത്ര കുഴപ്പമുണ്ടാക്കുന്ന ഒന്നാണെങ്കില്‍ തൊഴില്‍ അന്വേഷിക്കുന്ന കാലത്ത് ഇതങ്ങ് വേണ്ടെന്ന് വെക്കുന്നതാണോ ബുദ്ധി? തീര്‍ച്ചയായും അല്ല. നിങ്ങള്‍ ഒരു ഇന്റര്‍വ്യൂവിന് ചെല്ലുന്‌പോള്‍ നിങ്ങള്‍ക്ക് ഒരു സമൂഹമാധ്യമങ്ങളിലും അക്കൗണ്ട് ഇല്ല എന്ന് പറഞ്ഞാല്‍ നിങ്ങള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലല്ല ജീവിക്കുന്നതെന്നും, സ്വന്തമായി അഭിപ്രയങ്ങളില്ലാത്ത വിഡ്ഢി ആണെന്നുമാണ് തൊഴില്‍ ദാതാക്കള്‍ കരുതുക. അതുകൊണ്ട് സമൂഹ മാധ്യമത്തില്‍ (ലിങ്ക്ഡ് ഇന്‍ മാത്രമല്ല) അക്കൗണ്ടുകള്‍ തീര്‍ച്ചയായും വേണം.

നിങ്ങള്‍ ഇന്ന് തീര്‍ച്ചയായും ചെയ്യേണ്ട ഒരു കാര്യം ഉണ്ട്. നിങ്ങളുടെ പേര് ഗൂഗിള്‍ സെര്‍ച്ച് ചെയ്യുക, ഇംഗ്‌ളീഷിലും മലയാളത്തിലും. എന്താണ് ആദ്യത്തെ രണ്ടു പേജുകളില്‍ വരുന്നതെന്ന് നോക്കുക. നിങ്ങളെ ഇനിയുള്ള കാലത്ത് ജോലിക്ക് ഇന്റര്‍വ്യൂ ചെയ്യാന്‍ സാധ്യതയുള്ള ആരും ഇതാണ് ചെയ്യാന്‍ പോകുന്നത്. ഈ പേജുകളില്‍, അല്ലെങ്കില്‍ അവ പുറത്തുകൊണ്ടുവരുന്ന ചിത്രങ്ങളില്‍ എന്തെങ്കിലും കുഴപ്പസാധ്യതകള്‍ ഉണ്ടെങ്കില്‍ അല്പം പേടിച്ചു തുടങ്ങുന്നത് നല്ലതാണ്. കാരണം ഇന്റര്‍നെറ്റിന്റെ അകത്തേക്കുള്ള യാത്രപോലെ സുഗമമല്ല, പരിക്കുകള്‍ കൂടാതെ പുറത്തേക്ക് തിരിച്ചിറങ്ങുന്നത്.

അപ്പോള്‍ പറഞ്ഞു വന്നത് ഇതാണ്. സമൂഹ മാധ്യമത്തില്‍ പ്രൈവറ്റ്, പ്രൊഫഷണല്‍ എന്നിങ്ങനെ രണ്ടു വിഭാഗം ഇല്ല. എവിടെയും പ്രൊഫഷണല്‍ ആയി പെരുമാറുന്നതാണ് ബുദ്ധി. ഇതിന്റെ അര്‍ത്ഥം സ്വന്തം വ്യക്തിത്വം മറച്ചുവെച്ച് സമൂഹമാധ്യമത്തില്‍ പെരുമാറണം എന്നല്ല, മറിച്ച് സ്വന്തം വ്യക്തിത്വം സമൂഹമാധ്യമങ്ങള്‍ വഴി കാണുമെന്നും അതിനെ പ്രൊഫഷണലായ ഒരു ബയോഡാറ്റ കൊണ്ട് മാത്രം മറച്ചുപിടിക്കാന്‍ പറ്റില്ല എന്നുമാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it