Begin typing your search above and press return to search.
കോവിഡ് കാലം നമ്മളെ പഠിപ്പിച്ച മൂന്നു നല്ല പാഠങ്ങള്‍ ഇതാണ്; ആനന്ദ് മഹീന്ദ്ര പറയുന്നു
ഓരോ ദിവസവും പോസിറ്റീവ് ചിന്തകള്‍ നിറഞ്ഞ നിരീക്ഷണങ്ങള്‍ കൊണ്ടും സന്ദേശങ്ങള്‍ കൊണ്ടും ഇന്ത്യന്‍ ബിസിനസ് ലോകത്ത് ശ്രദ്ധേയനാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ലോകം കോവിഡ് 19 ന്റെ ഭീഷണിയില്‍ അകപ്പെടുകയും എല്ലാ മേഖലകളും അപ്രതീക്ഷിതമായ കീഴ്മേല്‍ മറിക്കലുകള്‍ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യുമ്പോള്‍ ബിസിനസ് സമൂഹത്തിന്റെ ആത്മവിശ്വാസം ഉണര്‍ത്താനുള്ള ആശയങ്ങള്‍ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്യാറുണ്ട്. സാമൂഹ്യമാധ്യമങ്ങളിലെ നിറസാന്നിധ്യമായ ആനന്ദ് മഹീന്ദ്രയുടെ ഒരു വൈറല്‍ വീഡിയോ സമൂഹ മാധ്യമങ്ങളിലെ പുതിയ ചര്‍ച്ചാ വിഷയമാണ്.
ലക്ഷക്കണക്കിന് പേരാണ് ആ വീഡിയോ ഷെയര്‍ ചെയ്തത്. അദ്ദേഹം വീഡിയോയില്‍ പറയുന്നു, 'പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം നിങ്ങള്‍ ഈ കോവിഡ് കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നിങ്ങള്‍ രോഗികളുടെ എണ്ണമോ മരണമോ ഒന്നുമായിരിക്കില്ല ഓര്‍ക്കുക. ഈ ദുരന്തകാലം നിങ്ങളെ പഠിപ്പിച്ച പാഠങ്ങളെ കൂടിയായിരിക്കും.' ഇതാ ആനന്ദ് മഹീന്ദ്ര പങ്കുവയ്ക്കുന്നു, കോവിഡ് കാലം പഠിപ്പിച്ച മൂന്നു നല്ല പാഠങ്ങള്‍.
1. നന്ദിയുള്ളവരാകുക
വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു, ഓരോ ദിവസം രാവിലെയും തലേന്ന് നിങ്ങള്‍ക്ക് സംഭവിച്ച നല്ല കാര്യങ്ങള്‍ ലിസ്റ്റ് ചെയ്യുക. നിങ്ങളുടെ ജീവിതത്തിലെ ഒരു ദിവസം നിങ്ങള്‍ നന്ദിയോട് സ്മരിക്കുകയാണ് അങ്ങനെ. ഈ ശീലം തുടര്‍ന്നപ്പോള്‍ മനസ്സിലായി ഓരോ ദിവസത്തെയും ലിസ്റ്റ് അതായത് നന്ദിയോടെ സ്മരിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍, അനുഗ്രഹങ്ങള്‍ വര്‍ധിച്ചു വരുന്നതായി. ഇപ്പോള്‍ നമുക്ക് ഒരു ദുരന്തകാലമാണ് അത്‌കൊണ്ട് തന്നെ നിങ്ങളുടെ ആഡംബര കാറോ വാച്ചോ വിലപിടിച്ച സമ്മാനങ്ങളോ ഒന്നുമല്ല എഴുതേണ്ടത്. ജീവിതത്തില്‍ ലഭ്യമായ ചില അടിസ്ഥാന സൗകര്യങ്ങള്‍, നല്ല ആരോഗ്യം, നല്ല ഭക്ഷണം, ഒരു സ്വസ്ഥമായ ഉറക്കം, നിങ്ങള്‍ താമസിക്കുന്ന ഇടം. ഇതെല്ലാം അനുഗ്രഹങ്ങള്‍ തന്നെ.
2. ഉന്മേഷം
രണ്ടാമത്തെ കാര്യം ഉന്മേഷമാണ്. ഞാനിന്ന് ഇത്രയും ശുഭാപ്തി വിശ്വാസത്തോടെ നില്‍ക്കുന്നത് എന്റെ ബിസിനസും മറ്റു കാര്യങ്ങളും നന്നായി നടക്കുന്നത് കൊണ്ട് കൂടിയാണ്. അത് നിങ്ങളെ പോലെ ഉന്മേഷമുള്ള ഒരു ടീം എനിക്ക് വേണ്ടി സമര്‍ത്ഥരായി ജോലി ചെയ്യുന്നത് കൊണ്ടാണ്. നിങ്ങള്‍ ഓരോരുത്തരും ഉന്മേഷത്തിന്റെ ഉത്സുകതയുടെ ഉദാഹരണങ്ങളാണ്. കഴിഞ്ഞ ലോക്ഡൗണില്‍ പെട്ടെന്നാണ് എല്ലാം നിലച്ചത്. അതും ആദ്യമായി. എന്നാല്‍ എല്ലാവരും വെറുത ഇരുന്നോ, ഇല്ല. കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസുമായി പെട്ടെന്ന് പരിചിതരായി. വര്‍ക് ഫ്രം ഹോം നമ്മള്‍ സ്വീകരിച്ചും. ഫിസിക്കല്‍ ആയി ഒന്നും ചെയ്യാതെ പരീക്ഷകള്‍ പോലും ഓണ്‍ലൈനായി. ജീവിതം തലകീഴായി മറിഞ്ഞിട്ടും നമ്മുടെ ബന്ധങ്ങള്‍ പോലും ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ നമ്മള്‍ സദൃഢമാക്കി.
3. തിരിച്ചറിവ്
കഴിഞ്ഞ ലോക്ഡൗണിലാണ് ഈ പാഠം നമ്മള്‍ ഓര്‍ത്തു പഠിച്ചത്. നമ്മെ ആശ്രയിച്ചു കഴിയുന്ന, നമ്മുടെ ജീവിതങ്ങളെ മെച്ചപ്പെടുത്തുന്ന നിരവധി പേരുടെ ജീവിതം എത്രത്തോളം പ്രയാസകരമാണ് ഈ ദുരന്തകാലത്ത് എന്നത്. തൊഴില്‍ നഷ്ടപ്പെട്ടവരും ജന്മനാടുകളിലേക്ക് മടങ്ങേണ്ടി വന്നവരും പട്ടിണിയും പലായനവുമെല്ലാം അതിജീവിക്കുന്നവരും നിരവധി. ഇവര്‍ക്കൊക്കെ കൈത്താങ്ങാകണം നമ്മള്‍ എന്ന തിരിച്ചറിവ് ആണ് നമ്മള്‍ പഠിച്ച മറ്റൊരു പാഠം. സ്വന്തം ആരോഗ്യം പോലും കളഞ്ഞ് നമുക്ക് വേണ്ടി അധ്വാനിക്കുന്ന ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പോലും നമ്മെ അനുകമ്പയുള്ളവരാകാനാണ് പഠിപ്പിച്ചത്.
Next Story
Videos