സക്കര്‍ബര്‍ഗിന്റെ മാലക്ക് പിടിവലി; വില 425 ഡോളര്‍, ലേലം വിളി 40,000 ഡോളറിന്!

മെറ്റ സ്ഥാപകന്‍ സുക്കര്‍ ബര്‍ഗിന്റെ സ്വര്‍ണം പൂശിയ മാല സ്വന്തമാക്കാൻ പണം വാരിയെറിഞ്ഞു ലേലക്കാർ. 425 ഡോളര്‍ വിപണി വിലയുള്ള ആറ് മില്ലിമീറ്റര്‍ നീളമുള്ള ക്യൂബന്‍ ചെയിന്‍ നെക്ലേസിന് 40,000 ഡോളര്‍ വരെ (ഏകദേശം 33.39 ലക്ഷം രൂപ) മുടക്കാന്‍ ആളുകള്‍ തയാറായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സക്കര്‍ബര്‍ഗ് പിന്തുണയ്ക്കുന്ന ഇന്‍ഫ്‌ളെക്ഷന്‍ ഗ്രാന്റ്‌സ് എന്ന പദ്ധതിക്കായി പണം സമാഹരിക്കാനാണ്‌ സ്വര്‍ണം പൂശിയ മാല ലേലത്തില്‍ വച്ചിരിക്കുന്നത്. ജീവിതങ്ങള്‍ മാറ്റിമറിക്കാന്‍ തക്ക ക്രീയേറ്റീവായ ആശയങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികളെ സഹായിക്കുന്ന പദ്ധതിയാണ് ഇന്‍ഫ്‌ളെക്ഷന്‍ ഗ്രാന്റ്‌സ്.

ഗോള്‍ഡ് വെര്‍മേയില്‍ ഉപയോഗിച്ചു ഒരുക്കിയതാണ് ഈ മാല. ശുദ്ധമായ വെള്ളിയില്‍ നിശ്ചിത കട്ടിയില്‍ സ്വര്‍ണം പൂശിയാണ് ഇത് നിര്‍മിക്കുന്നത്.

മാലയെകുറിച്ച് ലേലത്തില്‍ പങ്കുവച്ചിട്ടുള്ള കൗതുകകരമായ കുറിപ്പാണ് മാലയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. ഇന്‍ഫ്‌ളെക്ഷന്‍ ഗ്രാന്റുകള്‍ക്കായി പണം സ്വരൂപിക്കുന്ന ലോംഗ് ജേര്‍ണി പോക്കര്‍ എന്ന ചാരിറ്റി സംഘടനയില്‍ ആകൃഷ്ടമായി സക്കര്‍ബര്‍ഗ് സംഭാവന നല്‍കിയതാണ് ഈ മാല. തന്റെ 'പുതിയ ശൈലി പരീക്ഷണങ്ങളുടെ' പ്രാരംഭ ഘട്ടങ്ങളില്‍ സക്കര്‍ബര്‍ഗ് ഈ മാല ധരിച്ചിരുന്നുവെന്നാണ് കുറിപ്പില്‍ പറയുന്നത്. 'ടൈംലെസ് പീസ്' എന്ന വിശേഷണവും ഈ മാലയ്ക്ക് നല്‍കിയിട്ടുണ്ട്
സക്കര്‍ബര്‍ഗിന്റെ ജീവിതത്തില്‍ നിന്ന് വ്യക്തിഗതമായ എന്തെങ്കിലും സ്വന്തമാക്കാനുള്ള ഒരു സവിശേഷ അവസരമാണ് ഈ മാലയെന്നും വൈകാരികവും ചരിത്രപരവുമായ മൂല്യമുള്ള ഒരു ശേഖരമായി മാല മാറുന്നുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
ലേലത്തില്‍ മാല സ്വന്തമാക്കുന്നവര്‍ക്ക് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഒരു വ്യക്തിഗത വീഡിയോ സന്ദേശവും ലഭിക്കും. നിലവിൽ 96 പേരാണ് ഈ തുകയ്ക്ക് മാല സ്വന്തമാക്കാന്‍ താത്പര്യമറിയിച്ചത്.
ലേലത്തില്‍ നിന്ന് സമാഹരിക്കുന്ന പണം ഇന്‍ഫ്‌ലക്ഷന്‍ ഗ്രാന്റുകള്‍ നല്‍കാനാണ് ഉപയോഗിക്കുക. സവിശേഷമോ പാരമ്പര്യേതരമോ ആയ പ്രോജക്റ്റുകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കാണ് 2,000 ഡോളര്‍ വീതമുള്ള ചെറിയ ഗ്രാന്റുകകള്‍ നല്‍കുക. സര്‍ഗ്ഗാത്മകമോ അസാധാരണമോ വിചിത്രമോ ആയ ആശയങ്ങള്‍ ആണ് ഇതില്‍ പരിഗണിക്കുക.
Related Articles
Next Story
Videos
Share it