രാജ്യത്ത് പുതുതായി 53,256 കോവിഡ് ബാധിതര്‍: ആകെ കേസുകളുടെ എണ്ണം മൂന്നുകോടിയിലേക്ക്

രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി കോവിഡ് കണ്ടെത്തിയത് 53,256 പേര്‍ക്ക്. 88 ദിവസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം. തുടര്‍ച്ചയായ 14 ാം ദിവസവും പ്രതിദിന കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെയായി തുടരുന്നത് ആശ്വാസകരമാണ്. അതേസമയം 24 മണിക്കൂറിനിടെ 1,422 പേര്‍ കോവിഡിനെ തുടര്‍ന്ന് മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 53,256 പേര്‍ക്ക് കൂടി രോഗം കണ്ടെത്തിയതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം മൂന്നു കോടിക്ക് അടുത്തെത്തി. 2,99,35,221 പേര്‍ക്കാണ് ഇതുവരെയായി രോഗം കണ്ടെത്തിയത്. ആകെ മരണസംഖ്യ 3.88 ലക്ഷമായി.

24 മണിക്കൂറിനിടെ 78,190 പേര്‍ കൂടി കോവിഡില്‍നിന്ന് മുക്തി നേടിയതോടെ രാജ്യത്ത് വിവിധയിടങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7,02,881 ആയി കുറഞ്ഞു. തുടര്‍ച്ചയായ 39 ാം ദിവസവും പ്രതിദിന കേസുകളേക്കാള്‍ കൂടുതലാണ് രോഗമുക്തി നേടുന്നവര്‍. രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുന്നുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ചതിനുശേഷം രാജ്യത്ത് 28 കോടിയിലധികം വാക്‌സിന്‍ ഡോസുകളാണ് നല്‍കിയത്.
അതേസമയം 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുന്ന വാക്‌സിന്‍ നയത്തിന് ഇന്ന് തുടക്കമായി. വാക്‌സിനുകളുടെ 75 ശതമാനവും കേന്ദ്രം സംഭരിച്ച് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും ബാക്കി 25 ശതമാനം ആശുപത്രികള്‍ക്ക് നല്‍കുമെന്ന് പ്രധാനമന്ത്രി പുതിയ വാക്‌സിന്‍ നയത്തില്‍ വ്യക്തമാക്കിയിരുന്നു.



Related Articles
Next Story
Videos
Share it