കോവിഡ് വാക്‌സിന്‍ എടുത്തവരില്‍ ചികിത്സാ ചെലവ് കുറവെന്ന് പഠന റിപ്പോര്‍ട്ട്

ലോകം ഇന്നു വരെ കണ്ടതില്‍ ഏറ്റവും വേഗമേറിയ വാക്‌സിനേഷന്‍ പ്രോഗ്രാമുകളിലൊന്നാണ് കോവിഡ് 19 നെതിരെയുള്ളത്. ഇന്ത്യയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജനുവരിയിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് ഫെബ്രുവരിയിലും 45 ന് മേല്‍ പ്രായമുള്ളവര്‍ക്ക് മാര്‍ച്ചിലും 19-45 പ്രായമുള്ളവര്‍ക്ക് മേയിലും വാക്‌സിനേഷന്‍ ആരംഭിച്ചു, ഇപ്പോഴും തുടരുന്നു. ഇപ്പോഴിതാ വാക്‌സിന്‍ രണ്ടു ഡോസും സ്വീകരിച്ചവരുടെ ആശുപത്രി ചെലവില്‍ 24 ശതമാനം വരെ കുറവ് ഉണ്ടാകുന്നുണ്ടെന്ന് സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് നടത്തിയ പഠനത്തില്‍ വ്യക്തമായിരിക്കുന്നു. മറ്റു രോഗങ്ങള്‍ ഉള്ള, ഐസിയുവില്‍ പ്രവേശിക്കപ്പെടുന്നവരില്‍ പോലും 15 ശതമാനം ചികിത്സാ ചെലവ് കുറയുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. മാത്രമല്ല, ഐസിയുവില്‍ പ്രവേശിപ്പിക്കുന്നതിനുള്ള സാധ്യത അഞ്ചു ശതമാനം മാത്രവുമാണ്.

രാജ്യത്തെ 1104 കോവിഡ് 19 ചികിത്സാ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഉപഭോക്താക്കള്‍ക്കിടയിലാണ് പഠനം നടത്തിയത്. കോവിഡ് രണ്ടാം തരംഗം ആരംഭിച്ച മാച്ച്-ഏപ്രില്‍ മാസങ്ങളില്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട 45 ന് മേല്‍ പ്രായമുള്ള 3820 രോഗികളെയാണ് പഠനവിധേയമാക്കിയത്.
കോവിഡ് കേസുകളില്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ ഏകദേശ ആശുപത്രി ചെലവ് 2.10 ലക്ഷം രൂപയാണെങ്കില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവരുടേത് 2.77 ലക്ഷം വരെയാകുന്നു. ഹോസ്പിറ്റല്‍ കഴിയേണ്ട ദിവസങ്ങളിലും വ്യത്യാസമുണ്ട്. വാക്‌സിന്‍ സ്വീകരിച്ചവര്‍ ശരാശരി 5.7 ദിവസം കഴിയുമ്പോള്‍ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഏഴു ദിവസം കഴിയേണ്ടി വരുന്നു. വാക്‌സിന്‍ സ്വീകരിച്ചവരില്‍ ആറു ശതമാനം മാത്രം പേരെ മാത്രമാണ് ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നത്. എന്നാല്‍ വാക്‌സിന്‍ എടുക്കാത്തവരില്‍ 8.80 ശതമാനം പേര്‍ ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നു.
കോവിഡിനൊപ്പം മറ്റു രോഗങ്ങളുമുണ്ടെങ്കില്‍ ചെലവ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് 2.51 ലക്ഷം രൂപയും മറ്റുള്ളവര്‍ക്ക് 2.95 രൂപയും ആകുന്നു. ഇവര്‍ വാക്‌സിന്‍ എടുത്തവരില്‍ അഞ്ചു ശതമാനം മാത്രമാണ് ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെടുന്നതെങ്കില്‍ വാക്‌സിന്‍ എടുത്തിട്ടില്ലെങ്കില്‍ 9.40 ശതമാനം പേരും തീവ്രപരിചരണ വിഭാഗത്തിലാകുന്നു.
പഠനത്തിന് വിധേയരായ രോഗികളില്‍ 86 ശതമാനവും വാക്‌സിന്‍ എടുത്തിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. ഇവരില്‍ 43 ശതമാനം പേര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാത്തതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നും പറയാനുമില്ല.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it