കൊച്ചി മെട്രോ പിങ്ക് ലൈന്‍ കരാര്‍ അഫ്‌കോണ്‍സിന്, നിര്‍മാണം സെപ്റ്റംബറിന് മുമ്പ് ആരംഭിച്ചേക്കും

കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിര്‍മാണ കരാര്‍ അഫ്‌കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന് (Afcons Infrastructure Ltd.) ലഭിച്ചു. 1,141.32 കോടി രൂപയുടേതാണ് കരാര്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോര്‍ പാര്‍ക്ക് വരെയാണ് രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാക്കുക. 11.2 കിലോമീറ്ററാണ് ദൂരം. പിങ്ക് ലൈനായ ഈ റൂട്ടില്‍ 11 സ്റ്റേഷനുകളും ഉണ്ടാകും.

ഡിസംബര്‍ 23ന് ആണ് ടെണ്ടര്‍ സമര്‍പ്പിച്ചത്. കരാര്‍ സ്വന്തമാക്കാന്‍ മല്‍സരരംഗത്തുണ്ടായിരുന്ന മറ്റ് കമ്പനികള്‍ ടെണ്ടര്‍ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് അഫ്‌കോണ്‍സിന് കരാര്‍ ലഭിച്ചത്. മുംബൈ ആസ്ഥാനമായുള്ള ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എന്‍ജിനീയറിംഗ് കമ്പനിയാണ് ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ അഫ്‌കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്.

പുതിയ സ്റ്റേഷനുകള്‍ ഇവ

പിങ്ക് ലൈന്‍ ആരംഭിക്കുന്നത് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതലാണ്. ഇന്‍ഫോപാര്‍ക്ക് വരെ മൊത്തം 11 സ്റ്റേഷനുകളുണ്ടാകും. പാലാരിവട്ടം ജംഗ്ഷന്‍, ആലിന്‍ചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുഗള്‍, കാക്കനാട് ജംഗ്ഷന്‍, കൊച്ചിന്‍ സെസ്, ചിറ്റേത്തുകര, കിന്‍ഫ്ര പാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് എന്നിവയാണ് രണ്ടാംഘട്ടത്തിലെ സ്റ്റേഷനുകള്‍.

ജുലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ പ്രാഥമിക നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബറോടെ പൂര്‍ണതോതിലുള്ള ജോലികളും തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. കേന്ദ്രസര്‍ക്കാര്‍ 2022 സെപ്റ്റംബറില്‍ രണ്ടാംഘട്ടത്തിന് അനുമതി നല്‍കിയിരുന്നു. ഫണ്ടിംഗ് ഏജന്‍സിയായ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് (എ.ഐ.ഐ.ബി)യുടെ അംഗീകാരം കൂടി പുതിയ കരാറിന് ലഭിക്കേണ്ടതുണ്ട്.

അഫ്‌കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍

അഫ്‌കോണ്‍സ് ഡല്‍ഹി മീററ്റ് ആര്‍.ആര്‍.ടി.എസ് പദ്ധതി, അടല്‍ ടണല്‍ പദ്ധതി, ചെനാബ് റെയില്‍വേ ബ്രിഡ്ജ് പദ്ധതി, ചെന്നൈ മെട്രോ ബ്ലൂ ലൈന്‍ പദ്ധതി തുടങ്ങി നിരവധി പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ രാജ്യത്തുടനീളം നടത്തിയിട്ടുണ്ട്. കൊച്ചിയിലെ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിലേക്കുള്ള റെയില്‍ പാതയുടെ പിന്നിലും അഫ്‌കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചറാണ്.
Related Articles
Next Story
Videos
Share it