Begin typing your search above and press return to search.
സ്വര്‍ണം കടത്തിയിട്ടെന്തിന്? നിര്‍മല 'കനിഞ്ഞാല്‍' സ്വര്‍ണവില 50,000ല്‍ താഴെ
കേന്ദ്ര ബജറ്റിന് ശേഷം സ്വര്‍ണത്തിന്റെ വില വലിയ തോതില്‍ കുറയുമോ? വ്യാപാരികളും ഉപയോക്താക്കളും ധനമന്ത്രി നിര്‍മല സീതാരാമനെ ഉറ്റുനോക്കുകയാണ്. ജൂലൈ അവസാന വാരം ബജറ്റ് നടക്കാനിരിക്കേ സ്വര്‍ണത്തില്‍ വലിയ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ മേഖലയിലുള്ളവര്‍. നിലവില്‍ 15 ശതനമാണ് സ്വര്‍ണ ഇറക്കുമതിയുടെ നികുതി. ഇത് 10 ശതമാനത്തിലേക്കെങ്കിലും താഴ്ത്തണമെന്നാണ് ആവശ്യം.
നികുതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രി നിര്‍മല സീതാരാമന് നിവേദനം സമര്‍പ്പിച്ചതായി ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ട്രഷറര്‍ അഡ്വ. എസ്. അബ്ദുല്‍ നാസര്‍ ധനംഓണ്‍ലൈനോട് പറഞ്ഞു. ഇത്തവണ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി നികുതി 15 ശതമാനമാണ്. 11 ശതമാനത്തില്‍ നിന്നാണ് നികുതി വര്‍ധിപ്പിച്ചത്. തീരുവ കൂട്ടിയതോടെ ഇന്ത്യയിലേക്കുള്ള സ്വര്‍ണക്കടത്ത് വര്‍ധിക്കുകയും ചെയ്തു. വിലയിലുള്ള അന്തരം മൂലം കൂടുതല്‍ ലാഭം കിട്ടുമെന്നതാണ് സ്വര്‍ണക്കടത്തിന്റെ നിരക്ക് കൂടാന്‍ കാരണം.
വാണിജ്യ മന്ത്രാലയത്തിന് സമ്മതം
സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി കുറയ്ക്കുന്ന കാര്യത്തില്‍ വാണിജ്യ മന്ത്രാലയത്തിന് പൂര്‍ണസമ്മതമാണ്. ഇടക്കാല ബജറ്റിന് മുമ്പ് വാണിജ്യ മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന പീയുഷ് ഗോയല്‍ ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇടക്കാല ബജറ്റില്‍ തീരുമാനമെടുക്കാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ തയാറായില്ല.
മൂന്നാം മോദി സര്‍ക്കാരില്‍ പീയുഷ് ഗോയല്‍ തന്നെ വീണ്ടും വാണിജ്യ മന്ത്രാലയത്തിന്റെ തലപ്പത്തെത്തിയതോടെ നിലപാട് മാറാന്‍ സാധ്യതയില്ല. നിലവിലെ 15 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി നികുതി കുറയ്ക്കണമെന്നാണ് ഈ മേഖലയിലുള്ളവരുടെ ആവശ്യം. ഇറക്കുമതി നികുതി കുറയ്ക്കുന്നതോടെ സ്വര്‍ണക്കടത്ത് അനാകര്‍ഷണമായി മാറും. വളഞ്ഞ വഴിയിലൂടെ സ്വര്‍ണം എത്തിക്കുന്നത് തടയാന്‍ ഇതുവഴി സാധിക്കുമെന്ന് ജെംസ് ആന്‍ഡ് ജൂവല്ലറി പ്രമോഷന്‍ കൗണ്‍സില്‍ കരുതുന്നു.
ഉപയോക്താക്കള്‍ക്ക് നേട്ടമാകും
സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി കുറച്ചാല്‍ ആഭരണ വിപണിയിലും പ്രതിഫലിക്കും. നിലവില്‍ 15 ശതമാനം ഇറക്കുമതി നികുതിക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി കൂടി ആഭരണങ്ങള്‍ക്ക് ഈടാക്കുന്നുണ്ട്. നികുതി 5 ശതമാനമെങ്കിലും കുറച്ചാല്‍ ഒരു പവന്‍ സ്വര്‍ണം 50,000 രൂപയില്‍ താഴെ വാങ്ങാവുന്ന അവസ്ഥ സംജാതമാകും. ബജറ്റിനു ശേഷം വിലയില്‍ കുറവുണ്ടാകുമെന്ന പ്രതീക്ഷയില്‍ ഉപയോക്താക്കളില്‍ പലരും സ്വര്‍ണം വാങ്ങുന്നത് വൈകിപ്പിച്ചിട്ടുണ്ട്.
Next Story
Videos