Begin typing your search above and press return to search.
'ആമസോണ്‍ ഷിപ്പിംഗ്'; തേര്‍ഡ് പാര്‍ട്ടി ഡെലിവറി സര്‍വീസ് രംഗത്തേക്ക് ആമസോണിന്റെ കിടിലന്‍ എന്‍ട്രി
തേര്‍ഡ് പാര്‍ട്ടി ഡെലിവറി സര്‍വീസ് രംഗത്തേക്ക് കിടിലന്‍ എന്‍ട്രി നടത്തി ആമസോണ്‍. ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ ഇന്ത്യയുടെ കീഴില്‍ ലോജിസ്റ്റിക്‌സ് സംവിധാനങ്ങള്‍, ആമസോണിന്റേതല്ലാത്ത വിവിധ ഓണ്‍ലൈന്‍, ബിസിനസ് ഓര്‍ഡറുകള്‍ക്കും സൗകര്യങ്ങള്‍ നല്‍കുമെന്ന് റിപ്പോര്‍ട്ട്. ആമസോണ്‍ ഷിപ്പിംഗ് എന്ന പേരില്‍ ആണ് പുതിയ സംരംഭം. https://track.amazon.in/ എന്ന വെബ്സൈറ്റിലൂടെ വ്യാപാരികൾക്കും സൗകര്യം ഉപയോഗിക്കാം.
ഡെലിവറി, എക്‌സ്പ്രസ് ബീസ്, ഇ കോം എക്‌സ്പ്രസ് തുടങ്ങിയ പുതിയ ലോജിസ്റ്റിക്‌സ് കമ്പനികളെ നേരിട്ട് മാര്‍ക്കറ്റ് പിടിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. അടുത്തിടെ തങ്ങളുടെ ഇ-കാര്‍ട്ട് സംവിധാനം വിപുലമാക്കിയ ഫ്‌ളിപ്കാര്‍ട്ട് നോണ്‍ ഫളിപ്കാര്‍ട്ട് ഓര്‍ഡറുകള്‍, പ്ലാറ്റ്‌ഫോമിനു പുറത്തുള്ള മര്‍ച്ചന്റ്‌സിന് സ്വീകരിക്കന്‍ സൗകര്യം ഒരുക്കിയിരുന്നു. സ്വിഗ്ഗി - ലോക്കല്‍ ഡെലിവറി സര്‍വീസിനായി ആരംഭിച്ച സ്വിഗ്ഗി ജീനി വിപുലമാക്കാനും പദ്ധതികള്‍ നടക്കുമ്പോഴാണ് ആമസോണിനും മനം മാറ്റം.
നിലവില്‍ ഇന്ത്യയില്‍ 14,000 പിന്‍കോഡുകളാണ് ആമസോണ്‍ കവര്‍ ചെയ്യുന്നത്. ഇതിലൂടെ ഉയര്‍ന്ന തലത്തിലുള്ള സേവനങ്ങള്‍ നല്‍കാന്‍ കമ്പനിക്കു കഴിയുന്നുണ്ട്. ഈ സാധ്യതകളെ വര്‍ധിപ്പിക്കുകയാണ് പുതിയ ചുവടു വയ്പിലൂടെ കമ്പനി ചെയ്തിരിക്കുന്നത്.
ഉപഭോക്താക്കളില്‍ നിന്ന് നേരിട്ട് ഓര്‍ഡര്‍ സ്വീകരിക്കുന്ന ഡയറക്ട് ടു കണ്‍സ്യൂമര്‍ (D2C) ബ്രാന്‍ഡുകള്‍, ലോജിസ്റ്റിക്‌സ് അഗ്രഗേറ്റര്‍മാര്‍, മറ്റു ബിസിനസുകള്‍ എന്നിവയ്ക്ക് ആമസോണ്‍ ഷിപ്പിംഗ് എന്നറിയപ്പെടുന്ന പുതിയ പ്രോഗ്രാം ഉപയോഗിക്കാം. ഈ പദ്ധതിയുടെ കീഴില്‍ റേറ്റ് കാര്‍ഡുകള്‍ പോലെയുള്ളവയും നടപ്പാക്കിയേക്കും.
ചെറുകിട-ഇടത്തരം ബിസിനസുകള്‍ക്ക് തങ്ങളുടെ കസ്റ്റമേഴ്‌സിനെ സപ്പോര്‍ട്ട് ചെയ്യാന്‍ പുതിയ, ക്രിയാത്മകമായ മാര്‍ഗങ്ങള്‍ കമ്പനി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആമസോണ്‍ മെര്‍ച്ചന്റ്‌സിന് ലഭിക്കുന്ന റേറ്റില്‍ തന്നെ, നോണ്‍ ആമസോണ്‍ ഓര്‍ഡറുകള്‍ക്കും ഷിപ്പിംഗ് റേറ്റുകള്‍ ലഭ്യമായേക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ഏതാനും മാസങ്ങളായി സ്ഥിരമായി മികച്ച ഡെലിവിറി സേവനങ്ങള്‍ കാഴ്ച വെയ്ക്കാന്‍ ആമസോണ്‍ ഡെലിവറി എക്‌സിക്യൂട്ടീവുകള്‍ക്ക് സാധിക്കുന്നു. ഇതും കമ്പനിയെ സംബന്ധിച്ച് അനുകൂല ഘടകമാണ്.
ആമസോണിന്റെ ലോജിസ്റ്റിക്സ് വിഭാഗത്തിന് കീഴിലുള്ള പ്രധാന ഘടകമാണ് ആമസോണ്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സര്‍വീസസ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 4581 കോടി രൂപയുടെ ആകെ വരുമാനമാണ് സ്ഥാപനം നേടിയത്. തൊട്ടു മുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 12.6% വര്‍ധനവാണിത്. എന്നാല്‍ നഷ്ടം 38% വര്‍ധിച്ച് 95 കോടി രൂപയിലുമെത്തിയിരുന്നു.
Next Story
Videos