കരകയറും മുമ്പ് ടൂറിസം മേഖലയ്ക്ക് ഉരുള്‍പൊട്ടല്‍ പ്രഹരം; വരുമാന നഷ്ടത്തില്‍ ആശങ്ക

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. വലിയ ദുരന്തത്തിന്റെ വാര്‍ത്ത ദേശീയ മാധ്യമങ്ങളിലടക്കം വന്നതോടെ കേരളത്തിലേക്കുള്ള യാത്ര പലരും ഉപേക്ഷിച്ചിട്ടുണ്ട്. മൂന്നാറിലും വയനാട്ടിലും വന്‍കിട, ചെറുകിട റിസോര്‍ട്ടുകളിലേക്കുള്ള ബുക്കിംഗാണ് പ്രധാനമായും റദ്ദാക്കപ്പെടുന്നത്.

മൂന്നാറിലേക്കുള്ള വഴികളിലെ തടസം മാറ്റിയെങ്കിലും യാത്ര നിയന്ത്രണമുള്ളതിനാല്‍ സഞ്ചാരികള്‍ നന്നേ കുറവാണ്. ഓഗസ്റ്റിലേക്കുള്ള ബുക്കിംഗ് വലിയ രീതിയില്‍ റദ്ദാക്കപ്പെട്ടതായി ഹോംസ്‌റ്റേ നടത്തിപ്പുകാരും പറയുന്നു. 2018ലെ പ്രളയത്തിനു ശേഷം കേരളത്തിലെ ടൂറിസം രംഗം കരകയറാന്‍ മാസങ്ങളെടുത്തിരുന്നു. ഇപ്പോഴത്തെ ദുരന്തത്തിന്റെ ആഘാതം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും.

വരുമാന നഷ്ടം കോടികള്‍

നിലവിലെ പ്രതിസന്ധി സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെ വലിയ തോതില്‍ ബാധിക്കും. പതിനായിരക്കണക്കിന് ആളുകളാണ് ബന്ധപ്പെട്ട് ടൂറിസം മേഖലയില്‍ പണിയെടുക്കുന്നത്. ഇവരുടെയെല്ലാം ഉപജീവന മാര്‍ഗത്തെ പ്രതിസന്ധി ബാധിക്കും. വേനല്‍ക്കാലത്ത് കടുത്ത ചൂടിനെ തുടര്‍ന്ന് ടൂറിസം രംഗം ഞെരുക്കത്തിലായിരുന്നു. ഈ പ്രതിസന്ധിയെല്ലാം ഒഴിഞ്ഞ് മണ്‍സൂണ്‍ ടൂറിസം ശക്തിപ്പെടുന്നതിനിടെയാണ് അടുത്ത പ്രതിസന്ധിയും എത്തുന്നത്.

ടൂറിസം സീസണിന്റെ തുടക്കത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത് മൊത്തത്തില്‍ സഞ്ചാരികളുടെ വരവിനെ ബാധിക്കും. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നവരില്‍ ഏറെയും കുടുംബവുമായി യാത്ര ചെയ്യുന്നവരാണ്. കുടുംബാംഗങ്ങളുടെ സുരക്ഷിതത്വത്തിന് പ്രാധാന്യം നല്‍കുന്നതിനാല്‍ യാത്ര റദ്ദാക്കുന്ന സംഭവങ്ങള്‍ മുമ്പുണ്ടായിരുന്നു. പ്രളയത്തിനു ശേഷം ഇടക്കാലത്തേക്ക് കേരളത്തിലേക്ക് ഇതരസംസ്ഥാന കുടുംബങ്ങള്‍ വരാന്‍ മടിച്ചിരുന്നു.

2023ല്‍ 2.18 കോടി സഞ്ചാരികള്‍

2023ല്‍ കേരളം സന്ദര്‍ശിച്ച ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 2.18 കോടിയാണ്. 2022ലെ 1.88 കോടിപ്പേരെ അപേക്ഷിച്ച് 15.92 ശതമാനമാണ് വളര്‍ച്ച. ഏറ്റവുമധികം ആഭ്യന്തര സഞ്ചാരികളെ കഴിഞ്ഞവര്‍ഷം വരവേറ്റത് എറണാകുളമാണ് (44.87 ലക്ഷം പേര്‍). ഏറ്റവും കുറവുപേര്‍ എത്തിയത് കാസര്‍ഗോഡാണ്; 2.92 ലക്ഷം പേര്‍ മാത്രം.

കൊവിഡ് പ്രതിസന്ധിക്ക് മുമ്പ് 2019ല്‍ 45,010 കോടി രൂപയുടെ വരുമാനം കേരളാ ടൂറിസം സ്വന്തമാക്കിയിരുന്നു. കൊവിഡ് ആഞ്ഞടിച്ച 2020ല്‍ വരുമാനം 11,335 കോടി രൂപയിലേക്ക് തകര്‍ന്നടിഞ്ഞു. 2022ല്‍ 35,168 കോടി രൂപ വരുമാനം നേടിയ കേരളാ ടൂറിസം 2023ല്‍ സ്വന്തമാക്കിയത് 24.03 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 43,621.22 കോടി രൂപയാണ്.
Lijo MG
Lijo MG  

Sub-Editor

Related Articles
Next Story
Videos
Share it