Begin typing your search above and press return to search.
ഐ ഫോണ്‍ നിര്‍മിക്കാന്‍ കരാറെടുത്ത കമ്പനിയുടെ തമിഴ്‌നാട്ടിലെ ഫാക്ടറിയില്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് ജോലിയില്ല: റോയിട്ടേഴ്‌സ് അന്വേഷണം
ആപ്പിള്‍ ഐഫോണുകള്‍ നിര്‍മിച്ചുനല്‍കാന്‍ കരാറെടുത്ത ഫോക്‌സ്‌കോണ്‍ തങ്ങളുടെ തമിഴ്‌നാട്ടിലെ പ്ലാന്റില്‍ വിവാഹിതരായ വനിതകളെ ജോലിക്കെടുക്കില്ലെന്ന് റോയിട്ടേഴ്‌സ് അന്വേഷണ റിപ്പോര്‍ട്ട്. ജോലിയിലേക്കാള്‍ ശ്രദ്ധ കുടുംബകാര്യങ്ങളില്‍ ആയിരിക്കുമെന്ന കാരണത്താലാണ് ഇവര്‍ക്ക് തൊഴില്‍ നല്‍കാത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തായ്‌വാന്‍ ആസ്ഥാനമായ കമ്പനിയായ ഫോക്‌സ്‌കോണ്‍ ലോകത്തിലെ ഏറ്റവും വലിയ കോണ്‍ട്രാക്ട് ഇലക്ട്രോണിക് നിര്‍മാതാവാണ്. നേരത്തെ ഇവരുടെ മിക്ക പ്ലാന്റുകളും ചൈന കേന്ദ്രീകൃതമായിരുന്നു. പിന്നീട് യു.എസ്-ചൈന ബന്ധം വഷളായപ്പോഴാണ് മറ്റൊരു നിര്‍മാണ കേന്ദ്രത്തെക്കുറിച്ച് കമ്പനി ചിന്തിക്കുന്നത്. വൈകാതെ തമിഴ്‌നാട്ടില്‍ പ്ലാന്റും സ്ഥാപിച്ചു. ചെന്നൈ, ശ്രീപെരുംപുത്തൂരിലെ ഇവരുടെ ഐഫോണ്‍ അസംബ്ലി പ്ലാന്റില്‍ നിന്നും അതിവിദഗ്ദമായാണ് വിവാഹിതകളെ ഒഴിവാക്കിയത്.
അതേസമയം, 2022ലെ ചില നിയമനങ്ങളില്‍ ചെറിയ വീഴ്ചകളുണ്ടെന്നും അത് അപ്പോള്‍ തന്നെ പരിഹരിച്ചെന്നുമായിരുന്നു ഫോക്‌സ്‌കോണിന്റെ പ്രതികരണം. എന്നാല്‍ തങ്ങള്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ നടന്നത് 2023-24 കാലഘട്ടത്തിലെന്നാണ് റോയിട്ടേഴ്‌സിന്റെ കണ്ടെത്തല്‍. കമ്പനിയുടെ മറുപടിയിലെ പൊരുത്തക്കേടുകളും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തെറ്റാണെന്നും പുതുതായി ജോലിക്കെടുത്ത 25 ശതമാനം പേരും വിവാഹിതകളാണെന്നും കമ്പനിയുടെ വിശദീകരണത്തില്‍ തുടരുന്നു. വിഷയത്തില്‍ ആപ്പിളിന്റ ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല.
Next Story
Videos