Begin typing your search above and press return to search.
റിപ്പോ നിരക്ക്: എം.സി.എല്‍.ആര്‍ വര്‍ധിപ്പിച്ച് ബാങ്കുകള്‍; ഭവന, വാഹന വായ്പകളെ ബാധിക്കും
ആർ.ബി.ഐ ആഗസ്റ്റ് 8 ന് നടന്ന പണനയ അവലോകന യോഗത്തിൽ റിപ്പോ നിരക്ക് 6.50 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തിരിക്കുകയാണ്. മെയ് 2022 മുതല്‍ ഫെബ്രുവരി 2023 കാലയളവിൽ നടത്തിയ 250 ബേസിസ് പോയിന്റുകളുടെ (ബി.പി.എസ്) റിപ്പോ നിരക്ക് വർദ്ധന, ഫണ്ടുകള്‍ സമാഹരിക്കുന്നതിന്‍ ബാങ്കുകള്‍ നേരിടുന്ന വെല്ലുവിളികൾ, നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ നല്‍കുന്ന സാഹചര്യം തുടങ്ങിയവ കണക്കിലെടുത്ത് കൂടുതൽ ബാങ്കുകൾ വായ്പയുടെ മാർജിനൽ കോസ്റ്റ് നിരക്ക് (MCLR) വർദ്ധിപ്പിക്കുകയാണ്.
ബാഹ്യ ബെഞ്ച്മാർക്കുകളെ അടിസ്ഥാനമാക്കിയാണ് ബാങ്കുകള്‍ വായ്പകളുടെ പലിശ നിരക്ക് നിശ്ചയിക്കുന്നത്. മിക്ക ബാങ്കുകളുടെയും കാര്യത്തിൽ ഇത് റിപ്പോ നിരക്കാണ്.
ബാങ്കുകൾക്ക് ആർ.ബി.ഐ നല്‍കുന്ന വായ്പയുടെ പലിശ നിരക്കിനെയാണ് റിപ്പോ നിരക്ക് എന്നു പറയുന്നത്. അതേസമയം ബാങ്കുകൾക്ക് വായ്പ നൽകാനാകുന്ന ഏറ്റവും കുറഞ്ഞ നിരക്കാണ് എം.സി.എല്‍.ആര്‍. എം.സി.എൽ.ആർ വര്‍ധനവിന് അനുസരിച്ച് ഭവന, വാഹന വായ്പകളുടെ ഇ.എം.ഐകളും വര്‍ധിക്കുന്ന സാഹചര്യം ഉണ്ടാകുന്നു.
എം.സി.എല്‍.ആര്‍ വർദ്ധിപ്പിച്ച ബാങ്കുകള്‍
ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, യുകോ (UCO) ബാങ്ക് തുടങ്ങിയവ എം.സി.എല്‍.ആര്‍ വർദ്ധിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എം.സി.എൽ.ആർ 5 ബേസിസ് പോയിന്റുകൾ വർദ്ധിപ്പിക്കാനാണ് ബി.ഒ.ബി തീരുമാനിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ആറ് മാസത്തേയും ഒരു വർഷത്തേയും പുതിയ എം.സി.എല്‍.ആര്‍ യഥാക്രമം 8.75 ശതമാനവും (നേരത്തെയുളളത് 8.70 ശതമാനം) 8.95 ശതമാനവും (നേരത്തെയുളളത് 8.90 ശതമാനം) ആയിരിക്കും.
കാനറ ബാങ്കും എം.സി.എൽ.ആർ 5 ബേസിസ് പോയിൻറ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആറ് മാസത്തേയും ഒരു വർഷത്തേയും പുതുക്കിയ എം.സി.എൽ.ആർ യഥാക്രമം 8.80 ശതമാനവും (8.75 ശതമാനം) 9 ശതമാനവും (8.95 ശതമാനം) ആയിരിക്കും. യുകോ ബാങ്കിന്റെ ആറ് മാസത്തേയും ഒരു വർഷത്തേയും പുതിയ എം.സി.എൽ.ആർ യഥാക്രമം 8.80 ശതമാനവും (8.75 ശതമാനം) 8.95 ശതമാനവും (8.90 ശതമാനം) ആയിരിക്കും.
ബാങ്കുകള്‍ 2016 ഏപ്രിൽ 1 മുതലുളള എല്ലാ ഫ്ലോട്ടിംഗ് റേറ്റ് ലോണുകളും എം.സി.എൽ.ആറിനെ അടിസ്ഥാനമാക്കി പുതിയ നിരക്ക് നിശ്ചയിച്ചിട്ടുണ്ട്.
Next Story
Videos