Begin typing your search above and press return to search.
നല്ല മഴ കിട്ടും, സമൃദ്ധമായ വിളവും; കാര്‍ഷികമേഖയ്ക്ക് സന്തോഷം
ഈവര്‍ഷം പതിവിലും കൂടുതല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. ദീര്‍ഘകാല ശരാശരിയുടെ 106 ശതമാനം മഴ ലഭിക്കുമെന്നാണ് ഐഎംഡി പറയുന്നത്. കഴിഞ്ഞ വര്‍ഷം 94 ശതമാനമേ ലഭിച്ചിരുന്നുള്ളൂ. സ്വകാര്യ ഏജന്‍സിയായ സ്‌കൈമെറ്റ് 102 ശതമാനം മഴ ലഭിക്കുമെന്നാണ് പ്രവചിച്ചിട്ടുള്ളത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള നാല് മാസത്തെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആണ് ഇന്ത്യയിലെ കാര്‍ഷിക സമ്പദ്ഘടനയുടെ ജീവനാഡി.
അത് നന്നായി കിട്ടുമെന്നാണ് പ്രവചനങ്ങള്‍ പറയുന്നത്. നല്ല രീതിയില്‍ മഴ ലഭിക്കുന്നത് കാര്‍ഷിക മേഖലയ്ക്ക് ഗുണം ചെയ്യും. ആവശ്യമുള്ള സമയത്ത്, വേണ്ട സ്ഥലങ്ങളില്‍ വേണ്ടത്ര മഴ കിട്ടിയാല്‍ കൂടുതല്‍ സ്ഥലത്ത് കൃഷിയിറക്കാം. കൂടുതല്‍ വിളവും കിട്ടും. അത് രാജ്യത്തെ ഗ്രാമീണ മേഖലയില്‍ വരുമാനം കൂട്ടാന്‍ സഹായകമാകുന്നതോടൊപ്പം വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തുകയും ചെയ്യും.
രാജ്യത്ത് ഒട്ടുമിക്ക സ്ഥലങ്ങളിലും ശരാശരിയില്‍ കൂടുതല്‍ മഴ ലഭിക്കും. ഒഡിഷയിലും ഛത്തീസ്ഗഢിന്റെയും ബംഗാളിന്റെയും തെക്കന്‍ ഭാഗങ്ങളിലും മാത്രമാണ് മഴ കുറയുക എന്നാണ് ഐഎംഡി പ്രവചനം. വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും മഴ കുറയാന്‍ സാധ്യതയുണ്ട്.
കാലവര്‍ഷം നന്നായാല്‍ നേരിട്ട് നേട്ടം ഉണ്ടാക്കുന്ന മേഖലകള്‍:
ട്രാക്ടര്‍ അടക്കം കാര്‍ഷികോപകരണങ്ങളുടെ നിര്‍മാതാക്കള്‍, മോട്ടോറുകളും പിവിസി പൈപ്പുകള്‍ അടക്കം ജലസേചന സംവിധാനങ്ങള്‍ക്ക് വേണ്ട സാമഗ്രികളും നിര്‍മിക്കുന്നവ, രാസവളങ്ങളും കീട-കളനാശിനികളും നിര്‍മിക്കുന്നവ, വിത്തു നിര്‍മാതാക്കള്‍. അനുബന്ധ നേട്ടം കിട്ടുന്ന വ്യവസായങ്ങള്‍: എഫ്എംസിജി, വാഹനങ്ങള്‍, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ്, ഭക്ഷ്യ സംസ്‌കരണം.
****
പശ്ചിമേഷ്യയിലെ യുദ്ധഭീതി വിപണിയെ പിടിച്ചുലയ്ക്കുമോ?
ഇസ്രയേലും ഇറാനുമായുള്ള പരോക്ഷ പോരാട്ടം മറനീക്കിയത് ലോക സാമ്പത്തിക രംഗത്തും വിവിധ കമ്പോളങ്ങളിലും നിരവധി മാറ്റങ്ങള്‍ക്ക് വഴിതെളിക്കും. ഈ സാഹചര്യത്തിലെ ആശങ്കയും അനിശ്ചിതത്വവും വിപണികളെ ഉലയ്ക്കുകയാണ് ചെയ്യുക. നിക്ഷേപകര്‍ സുരക്ഷിതത്വം തേടുന്നതിനാല്‍ സംശയമുള്ളവയില്‍ നിന്ന് പണം പിന്‍വലിക്കുകയും സുരക്ഷിതമെന്ന് കരുതുന്നവയിലേക്ക് പണം നീക്കുകയും ചെയ്യും.
ഓഹരികളില്‍ അനിശ്ചിതത്വം കൂടുതലാണ്. അതിനാല്‍ നിക്ഷേപകര്‍ സംഘര്‍ഷ സാധ്യത കൂടുമ്പോള്‍ ഓഹരികളില്‍ നിന്ന് പണം പിന്‍വലിക്കും. പ്രത്യക്ഷ യുദ്ധം ഇല്ലാതെ സംഘര്‍ഷം തുടരുകയാണെങ്കില്‍ വിപണികള്‍ വേഗം തിരിച്ചുകയറും. പിന്നീട് അമേരിക്കന്‍ തെരഞ്ഞെടുപ്പ്, ക്രൂഡ് ഓയില്‍ വില, വിലക്കയറ്റം, പലിശ നിരക്ക് തുടങ്ങിയവയാകും വിപണിയെ നയിക്കുക. ഇതിനൊരു മറുവശം ഉണ്ട്. വിപണി ചിന്തിക്കുന്നതിനു വിപരീതമായി ചിന്തിക്കുന്നവര്‍.
നേട്ടം പ്രതീക്ഷിച്ച് ഓഹരികള്‍ വാങ്ങിക്കൂട്ടിയാല്‍ വിപണികള്‍ തുടക്കത്തില്‍ ശാന്തമാകും. പല സര്‍ക്കാരുകളും വിപണി ഭദ്രമാണെന്ന തോന്നല്‍ പരത്താന്‍ ഇത്തരം വിപരീത ചിന്തക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ആഗോള സംഘര്‍ഷങ്ങള്‍ വര്‍ധിക്കുമ്പോള്‍ എല്ലാവരും ഡോളറിലേക്കു തിരിയും. സ്വാഭാവികമായും ഡോളറിന്റെ ഡിമാന്‍ഡും വിലയും ഉയരും.
സ്വര്‍ണം, യുഎസ് കടപ്പത്രങ്ങള്‍ എന്നിവയിലേക്ക് പണം ഒഴുകും.വലിയ യുദ്ധത്തിലേക്ക് കാര്യങ്ങള്‍ പിടിവിട്ടു പോകും എന്നു വന്നാല്‍ ഓഹരി വിപണികള്‍ വലിയ തകര്‍ച്ചയിലാകും. വലിയ യുദ്ധം മറ്റു മേഖലകളില്‍ തകര്‍ച്ച ഉണ്ടാക്കുന്നതിനാല്‍ ഒരു സാമ്പത്തിക മാന്ദ്യം പോലും ഉണ്ടാകാം. അപ്പോള്‍ ഓഹരി വിപണിയുടെ തകര്‍ച്ച രൂക്ഷമാകും. തിരിച്ചുവരവ് കൂടുതല്‍ വൈകും.
Next Story
Videos