Begin typing your search above and press return to search.
യു.എ.ഇയില്‍ 'വെള്ളത്തിലായത്' മോട്ടോര്‍ ഇന്‍ഷുറന്‍സ് കമ്പനികളും; പ്രീമിയം കുത്തനെ കൂടും
യു.എ.ഇയെ വിറപ്പിച്ച പ്രളയത്തില്‍ വിവിധ മേഖലകളില്‍ വലിയ നാശനഷ്ടമാണ് സംഭവിച്ചത്. റോഡുകളും വിമാനത്താവളവും അടക്കം വെള്ളത്തിലാക്കിയ മഴ ഏറ്റവുമധികം ബാധിച്ചത് മോട്ടോര്‍ ഇന്‍ഷുറന്‍സ് മേഖലയെ കൂടിയാണ്. ആയിരക്കണക്കിന് വാഹനങ്ങളാണ് വെള്ളം കയറി പൂര്‍ണമായി നശിക്കുകയോ ഭാഗികമായി ഉപയോഗശൂന്യമാകുകയോ ചെയ്തത്.
മോട്ടോര്‍ ഇന്‍ഷുറന്‍സ് രംഗത്തുള്ള കമ്പനികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഒരൊറ്റ മഴയില്‍ സംഭവിച്ചിരിക്കുന്നത്. അടുത്ത തവണ മുതല്‍ പ്രീമിയം വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് യുഎഇയിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍. ഇത് പ്രവാസി മലയാളികള്‍ക്കും വലിയ തിരിച്ചടിയാകും സമ്മാനിക്കുക. ഇന്‍ഷുറന്‍സ് തുക ഉയരുന്നത് കുടുംബ ബജറ്റില്‍ അടക്കം പ്രതിഫലിക്കും.
ക്ലെയിം കുറയ്ക്കാന്‍ കമ്പനികള്‍
പ്രളയത്തില്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചവര്‍ക്ക് ക്ലെയിം നല്‍കുന്ന കാര്യത്തില്‍ പല കമ്പനികളും കര്‍ശന നിലപാടാണ് സ്വീകരിക്കുന്നത്. പൂര്‍ണമായും വാഹനങ്ങള്‍ കേടുപാട് വന്നവര്‍ക്ക് മാത്രമാണ് ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്ലെയിം നല്‍കുന്നതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ ഓടിക്കുന്ന വാഹനങ്ങളുടെ ക്ലെയിമും കുറയ്ക്കുന്നുണ്ട്. ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികളും വാഹന ഉടമകളും തമ്മില്‍ പലയിടത്തും വലിയ തര്‍ക്കങ്ങള്‍ക്കും ഇത് കാരണമായിട്ടുണ്ട്.
ഇനിയുള്ള ദിവസങ്ങളില്‍ നിരവധി ഇന്‍ഷുറന്‍സ് ക്ലെയിം അപേക്ഷകള്‍ കമ്പനികളുടെ മുന്നിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. ഇത് യു.എ.ഇയിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വലിയ വെല്ലുവിളിയാവും സൃഷ്ടിക്കുകയെന്ന് ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ എം.എ ബെസ്റ്റ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്‍ഷുറന്‍സിന് ചെലവേറും
യു.എ.ഇയിയില്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് വാഹന പോളിസിയില്‍ നിര്‍ബന്ധിത ഇന്‍ഷുറന്‍സ് ശുപാര്‍ശ ചെയ്തിട്ടില്ല. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് തീരുമാനം വിടുകയാണ് ചെയ്തിരിക്കുന്നത്. യുഎഇയിലെ സാധാരണ മോട്ടോര്‍ പോളിസികളില്‍ പ്രകൃതി ദുരന്തത്തിന്റെ ഭാഗമായി വെള്ളപ്പൊക്കവും ഉള്‍പ്പെടാറുണ്ട്. എന്നാല്‍ മലയാളികള്‍ ഉള്‍പ്പെടെ ഭൂരിപക്ഷ പേരും നിരക്ക് കുറഞ്ഞ തേര്‍ഡ് പാര്‍ട്ടി ക്ലെയിം പോളിസികളാണ് എടുക്കാറുള്ളത്.
കനത്ത മഴയും ആലിപ്പഴവര്‍ഷവും മൂലമുള്ള ദുരന്തങ്ങള്‍ വര്‍ധിച്ചതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രകൃതി ദുരന്തങ്ങള്‍ കൂടി കവര്‍ ചെയ്യുന്ന ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. യുഎഇയില്‍ ജനുവരിയില്‍ മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിച്ചിരുന്നു.
കോവിഡ് കാലത്ത് നല്‍കിയ 50 ശതമാനം ഇളവ് എടുത്തു മാറ്റുക കൂടി ചെയ്തതോടെ ഫുള്‍ കവര്‍ ഇന്‍ഷുറന്‍സിന് 500 മുതല്‍ 800 ദിര്‍ഹം വരെയാണ് കൂടിയത്. വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത വര്‍ധന ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.
Next Story
Videos