Begin typing your search above and press return to search.
വിമാനത്താവളം വഴി സ്വര്‍ണം കടത്തിയാല്‍ ഇനി എളുപ്പത്തില്‍ ഊരാനാവില്ല, പുതിയ ശിക്ഷാനിയമത്തിലെ കുരുക്ക് ഇങ്ങനെ
വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്ത് തടയാന്‍ മാര്‍ഗവുമായി ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്). രാജ്യത്ത് അടുത്തിടെ നടപ്പിലാക്കിയ ക്രിമിനല്‍ ശിക്ഷാനിയമ പ്രകാരം വിമാനത്താവളത്തിന് പുറത്ത് വച്ച് സ്വര്‍ണം പിടിച്ചാലും പൊലീസിന് പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) തയ്യാറാക്കി കേസെടുക്കാം. ആവശ്യമെങ്കില്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്കും കടക്കാം.
രണ്ട് വര്‍ഷത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് വച്ച് ഏതാണ്ട് ഇരുന്നൂറിലധികം തവണ സ്വര്‍ണക്കടത്ത് സംഘങ്ങളെ പൊലീസ് പിടികൂടിയിട്ടുണ്ട്. സമാന സംഭവങ്ങള്‍ സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിലും റിപ്പോർട്ട് ചെയ്തു. ഇത്തരം സംഭവങ്ങളില്‍ ക്രിമിനല്‍ നടപടി ക്രമം (സി.ആര്‍.പി.സി) വകുപ്പ് 102 പ്രകാരം പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ ഹാജരാക്കി കസ്റ്റംസിന് റിപ്പോര്‍ട്ട് കൈമാറുന്നതായിരുന്നു പതിവ്. എന്നാല്‍ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 111(1) അനുസരിച്ച് സംഘടിത കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ് സ്വര്‍ണക്കടത്ത് പോലുള്ള കുറ്റകൃത്യങ്ങള്‍. ഈ വകുപ്പിലെ നിയമവിരുദ്ധമായ വസ്തുക്കളുടെ കള്ളക്കടത്ത് എന്ന ഭാഗമാണ് ഇതിനായി ഉപയോഗിക്കുന്നത്.വകുപ്പ് അനുസരിച്ച് അഞ്ച് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും അഞ്ച് ലക്ഷം രൂപയില്‍ കുറയാത്ത പിഴയും ലഭിക്കാം.
നേരത്തെയുണ്ടായിരുന്ന നിയമം
സ്വര്‍ണത്തിന് കുറഞ്ഞ നികുതി ചുമത്തുന്ന നാടുകളില്‍ നിന്നാണ് ഇന്ത്യയിലേക്ക് കടത്തുന്നത്. കുറഞ്ഞ തുകയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വാങ്ങുന്ന സ്വര്‍ണം നികുതിയടക്കാതെ രാജ്യത്തെത്തിച്ചാല്‍ വലിയ ലാഭമാണ് ലഭിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ പരിഗണിക്കുന്നതും വിദേശ വിപണിയിലെ ഡിമാന്‍ഡും ഉയർന്ന വിലയും സ്വര്‍ണക്കടത്ത് വര്‍ധിക്കാന്‍ ഇടയാക്കി. ആറ് മാസത്തില്‍ കൂടുതല്‍ വിദേശത്ത് താമസിച്ചയാള്‍ക്ക് ഇന്ത്യയിലേക്ക് വരുമ്പോള്‍ 10 കിലോ വരെ സ്വര്‍ണം കൊണ്ടുവരാവുന്നതാണ്. ഇക്കാര്യം കസ്റ്റംസ് അധികൃതരെ അറിയിച്ച് നിയമാനുസൃതമുള്ള നികുതി അടയ്ക്കണമെന്ന് മാത്രം. അല്ലാതെ കൊണ്ടുവരുന്ന സ്വര്‍ണത്തെ നിയമവിരുദ്ധ വസ്തുക്കളുടെ ഗണത്തിലാണ് പരിഗണിക്കുന്നത്. കസ്റ്റംസ് ആക്ട് 1962ലെ വകുപ്പ് 111 അനുസരിച്ചുള്ള കുറ്റകൃത്യമായി കണക്കാക്കി നിയമനടപടികളും സ്വീകരിക്കും. നിശ്ചിത ശതമാനം നികുതി അടച്ചാല്‍ ഇത്തരം കേസുകളില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യാം. എന്നാല്‍ പുതിയ ക്രിമിനല്‍ ശിക്ഷാ നിയമം സ്വര്‍ണക്കടത്തിനെ സംഘടിത കുറ്റകൃത്യം (organized crime) ആയാണ് പരിഗണിക്കുന്നത്.
ആദ്യ കേസ് കോഴിക്കോട്
സ്വര്‍ണം കടത്തിയതിന് ഭാരതീയ ന്യായ സംഹിത അനുസരിച്ചുള്ള ആദ്യ കേസ് കോഴിക്കോട് രജിസ്റ്റര്‍ ചെയ്തു. തൃശൂര്‍ സ്വദേശിയായ മുഹമ്മദ് റഷീദ് പി എന്ന 62 കാരനെ കരിപ്പൂര്‍ പൊലീസ് ജൂലൈ രണ്ടിനാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ 111(1), 111 (7) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ ഇയാളില്‍ നിന്നും 964 ഗ്രാം സ്വര്‍ണം പിടിച്ചത്.
Next Story
Videos