ബിഎസ്ഇയില്‍നിന്ന് എന്‍എസ്ഇയുടെ തലപ്പത്തേക്ക്, ആശിഷ് കുമാര്‍ ചൗഹാന് പുതിയ നിയോഗം

രാജ്യത്തെ ഏറ്റവും വലിയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ എന്‍എസ്ഇ (നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്) യുടെ തലപ്പത്തേക്ക് ആശിഷ് കുമാര്‍ ചൗഹാന്‍ എത്തുന്നു. എന്‍എസ്ഇയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി ആശിഷ് കുമാര്‍ ചൗഹാനെ നിയമിക്കുന്നതിന് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി അനുമതി നല്‍കി. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. നിലവില്‍ ബിഎസ്ഇയുടെ സിഇഒയാണ് ചൗഹാന്‍. അതേസമയം അദ്ദേഹം ഓഫര്‍ അംഗീകരിക്കുന്നതും ഷെയര്‍ഹോള്‍ഡര്‍മാരില്‍ നിന്നുള്ള അനുമതി ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ക്കും വിധേയമാണ് നിയമനമെന്നും എന്‍എസ്ഇ പറഞ്ഞു.

ഷെയര്‍ഹോള്‍ഡര്‍മാര്‍ അദ്ദേഹത്തിന്റെ നിയമനം അംഗീകരിക്കുകയാണെങ്കില്‍, ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ നയിക്കുന്ന നാലാമത്തെ വ്യക്തിയാകും 54 കാരനായ ചൗഹാന്‍. വിക്രം ലിമായെയുടെ പിന്‍ഗാമിയായാണ് ചൗഹാനെ നിയമിക്കുന്നത്. ലിമായെ വീണ്ടും നിയമിക്കുന്നതിന് അര്‍ഹനായിരുന്നെങ്കിലും അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു. നിലവില്‍ എന്‍എസ്ഇയില്‍ ചൗഹാന്‍ ചുമതലയേല്‍ക്കുന്നതുവരെ, സെബിയുടെ നിര്‍ദേശപ്രകാരം, സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ മേല്‍നോട്ടം വഹിക്കാന്‍ നാല് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഇന്റേണല്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഫിനാന്‍സ് മേധാവി യാത്രിക് വിന്‍, ചീഫ് റെഗുലേറ്ററി ഓഫീസര്‍ പ്രിയ സുബ്ബരാമന്‍, ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ ശിവ് കുമാര്‍ ഭാസിന്‍, ചീഫ് റിസ്‌ക് ഓഫീസര്‍ കെ എസ് സോംസുന്ദരം എന്നിവരാണ് ഈ കമ്മിറ്റിയില്‍ ഉള്‍പ്പെടുന്നത്.
എന്‍എസ്ഇ സിഇഒ സ്ഥാനത്തേക്ക് രണ്ട് പേരുകളായിരുന്നു സെബിക്ക് അയച്ചിരുന്നത്. തുടര്‍ന്ന് ചൗഹാനെ നിയമിക്കാന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ അനുമതി നല്‍കി. ഏറെകാലം അനിശ്ചതത്വത്തിലായി തുടരുന്ന എന്‍എസ്ഇയുടെ ഐപിഒ ചൗഹാന്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഏഷ്യയിലെ ഏറ്റവും പഴയ ഓഹരി വിപണിയായ ബിഎസ്ഇയില്‍ ചൗഹാന്റെ പിന്‍ഗാമി ആരെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it