Begin typing your search above and press return to search.
വീട്ടില്‍ ബി.എസ്.എന്‍.എല്‍ വൈഫൈ ഉണ്ടെങ്കില്‍ എല്ലായിടത്തും ഇന്റര്‍നെറ്റ് ഫ്രീ; തരംഗമാകാന്‍ 'സര്‍വത്ര'
തകര്‍ച്ചയില്‍ നിന്ന് ഉയിര്‍ത്തെണീല്‍പ്പിന് ശ്രമിക്കുന്ന ബി.എസ്.എന്‍.എല്‍ ഇന്റര്‍നെറ്റ് രംഗത്ത് വന്‍ വിപ്ലവത്തിന് തിരികൊളുത്തുന്നു. വീട്ടിലെ വൈഫൈ കണക്ഷനെടുത്താല്‍ വീടുവിട്ട് പുറത്തു പോകുമ്പോഴും ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുന്ന തരത്തിലുള്ള പ്ലാനാണ് 'സര്‍വത്ര' എന്ന പേരില്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ ട്രയല്‍ റണ്‍ പൂര്‍ത്തിയായിട്ടുണ്ട്.
ആദ്യ ഘട്ടത്തില്‍ കേരളത്തിലും
പദ്ധതിയുടെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്നാണ് ബി.എസ്.എന്‍.എല്ലിന്റെ അവകാശവാദം. ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കാന്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്. 'സര്‍വത്ര' എന്ന ആശയത്തിന് പിന്നില്‍ ബി.എസ്.എന്‍.എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ റോബര്‍ട്ട് ജെ. രവിയാണ്.
കണക്ഷനായി സര്‍വത്രയുടെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഫൈബര്‍ ടു ദ ഹോം (എഫ്.ടി.ടി.എച്ച്) കണക്ഷനുകളിലൂടെയാണ് പദ്ധതി സാധ്യമാകുന്നത്. വീട്ടിലോ സ്ഥാപനത്തിലോ എടുത്തിട്ടുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ ബി.എസ്.എന്‍.എലിന്റെ മറ്റൊരു എഫ്.ടി.ടി.എച്ച് കണക്ഷനുള്ള സ്ഥലത്ത് ഉപയോഗിക്കാം. ഇതിനായി പ്രത്യേകം തുക ഈടാക്കില്ല.
സര്‍വത്രയില്‍ രജിസ്റ്റര്‍ ചെയ്ത ഉപയോക്താവ് വീടുവിട്ട് പുറത്തേക്കിറങ്ങുമ്പോള്‍ മറ്റ് എഫ്.ടി.ടി.എച്ച് കണക്ഷനുകളില്‍ നിന്നുള്ള കണക്ടിവിറ്റി ഓട്ടോമാറ്റിക്കായി ഉപയോഗിക്കാനാകും. ഇതിന് പ്രത്യേക പാസ്‌വേഡ് ആവശ്യമില്ല. വെര്‍ച്വല്‍ ടവര്‍ രീതിയിലാകും ഈ സന്ദര്‍ഭത്തില്‍ പ്രവര്‍ത്തനം. സുരക്ഷയുടെ കാര്യത്തിലും ആശങ്ക വേണ്ടെന്നാണ് അധികൃതരുടെ അവകാശവാദം.
ആറുമാസത്തേക്ക് 1,999 രൂപ
ഫൈബര്‍ ടു ദ ഹോം പദ്ധതി ബി.എസ്.എന്‍.എല്‍ കേരളത്തിലും അവതരിപ്പിച്ചു. ആറ് മാസത്തേക്ക് 1,999 രൂപയാണ് നിരക്ക്. 30 എം.ബി.പി.എസ് ആയിരിക്കും ഇന്റര്‍നെറ്റ് വേഗത. മോഡവും ഇന്‍സ്റ്റലേഷനും സൗജന്യമാണ്. ഇന്റര്‍നെറ്റിനൊപ്പം ഐ.പി.ടി.വിയും വോയ്സ് ടെലിഫോണ്‍ സര്‍വീസും ബി.എസ്.എന്‍.എല്‍ ഫൈബര്‍-ടു-ദി-ഹോം പ്രധാനം ചെയ്യുന്നുണ്ട്.
കണക്ഷന്‍ എടുക്കാനായി bookmyfiber.bnsl.co.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. വെബ്‌സൈറ്റില്‍ പ്രവേശിച്ച് സര്‍വീസ് ടൈപ്പും സര്‍വീസ് സര്‍ക്കിളും പിന്‍കോഡും പേരും മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും ഒ.ടി.പിയും നല്‍കി കണക്ഷന്‍ ബുക്ക് ചെയ്യാം.
Next Story
Videos