ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; മാര്‍ച്ച് 01, 2021

രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്സിനേഷന് ഇന്ന് തുടക്കം
രാജ്യത്ത് രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന് മാര്‍ച്ച് ഒന്നിന് തുടക്കം. കോവിന്‍ 2.0 ആപ്പ് വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും രാവിലെ രജിസ്‌ട്രേഷന്‍ ചെയ്യാം. 60 വയസ്സിനു മുകളിലുള്ള എല്ലാ പൗരന്‍മാര്‍ക്കും 45-നും 59-നും ഇടയില്‍ പ്രായമുള്ള രോഗബാധിതര്‍ക്കുമാണ് രജിസ്ട്രേഷന്‍. രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് വാക്‌സിനേഷനായുള്ള കേന്ദ്രവും തെരഞ്ഞെടുക്കാം.
ഫെബ്രുവരിയില്‍ ഒരു ലക്ഷം കോടി കവിഞ്ഞ് ജിഎസ്ടി പിരിവ്
ഫെബ്രുവരിയിലെ ചരക്ക് സേവന നികുതി (ജിഎസ്ടി) കളക്ഷന്‍ തുടര്‍ച്ചയായ മൂന്നാം മാസവും ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. 1.1 ലക്ഷം കോടിയാണ് ഇതുവരെയുള്ള കണക്കുകള്‍. 2017 ജൂലൈയില്‍ പരോക്ഷ നികുതി മുന്നേറ്റം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ നേട്ടമാണ് ഇത്. സാമ്പത്തിക പുനരുജ്ജീവിപ്പിക്കലിന്റെയും നികുതി നടപ്പാക്കല്‍ പാലിക്കുന്നതിനുള്ള വിവിധ നടപടികളുടെ സ്വാധീനത്തിന്റെയും വ്യക്തമായ സൂചനയാണിതെന്ന് മന്ത്രാലയം അറിയിച്ചു. ആകെ ജിഎസ്ടിയില്‍ സിജിഎസ്ടി 21,092 കോടിയും എസ്ജിഎസ്ടി 27,273 കോടിയും ഐജിഎസ്ടി 55,253 കോടി (ഇറക്കുമതി ചെയ്ത ചരക്കുകളില്‍ നിന്നുള്ള 24,382 കോടി ഉള്‍പ്പെടെ)യുമാണ്. 9525 ആണ് സെസ്സ്.
ഭവന വായ്പയുടെ പലിശ നിരക്ക് കുറച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവന വായ്പകളുടെ പലിശ നിരക്ക് 10 ബേസിസ് പോയിന്റ് കുറച്ചു. പുതുക്കിയ നിരക്കുകള്‍ 6.70 ശതമാനം മുതലായിരിക്കും. സിബില്‍ സ്‌കോര്‍ അനുസരിച്ച് വ്യത്യാസപ്പെടുമെന്നാണ് ബാങ്ക് അറിയിച്ചിട്ടുള്ളത്. ഉയര്‍ന്ന സ്‌കോര്‍ ഉള്ളവര്‍ക്ക് കുറഞ്ഞ പലിശ നിരക്ക് ലഭിക്കും. 700-750 വരെ സിബില്‍ സ്‌കോര്‍ ഉളളവര്‍ക്ക് 75 ലക്ഷം വരെയുളള ഭവന വായ്പകള്‍ക്ക് 6.9 ശതമാനമായിരിക്കും പലിശ നിരക്ക്. സിബില്‍ സ്‌കോര്‍ 751 -800 വരെയുളളവര്‍ക്ക് 6.8 ശതമാനവും 800 ന് മുകളില്‍ സിബില്‍ സ്‌കോര്‍ ഉളളവര്‍ക്ക് 6.70 ശതമാനവുമായിരിക്കും നിരക്കുകള്‍.
പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടി പരിധിയിലാക്കല്‍; നിര്‍ദ്ദേശം ശരിവച്ച് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്
ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) പരിധിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാനുള്ള നിര്‍ദ്ദേശത്തെ പിന്തുണച്ച് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ വി സുബ്രഹ്‌മണ്യന്‍. ഇത് സംബന്ധിച്ച തീരുമാനം ജിഎസ്ടി കൗണ്‍സിലാണ് എടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ഇത് ഒരു നല്ല നീക്കമായിരിക്കും, പക്ഷേ തീരുമാനം എടുക്കേണ്ടത് ജിഎസ്ടി കൗണ്‍സിലിലാണ്,'' ഫിക്കി എഫ്എല്‍ഒ അംഗങ്ങളുമായി നടന്ന സംവാദത്തിനിടെ സുബ്രഹ്‌മണ്യന്‍ വിശദമാക്കി.
സി ആന്റ് എസ് ഇലക്ട്രിക്കിന്റെ 99.22 ശതമാനം ഓഹരി 2,100 കോടി രൂപയ്ക്ക് സീമെന്‍സ് ഏറ്റെടുക്കുന്നു
സി ആന്റ് എസ് ഇലക്ട്രിക് ലിമിറ്റഡിലെ 99.22 ശതമാനം ഓഹരി ഓഹരികള്‍ കമ്പനിയുടെ പ്രൊമോട്ടര്‍മാരില്‍ നിന്ന് 2,100 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നത് പൂര്‍ത്തിയാക്കിയതായി സീമെന്‍സ് ലിമിറ്റഡ് അറിയിച്ചു. 2020 ഓഗസ്റ്റ് 20 നാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) കരാര്‍ അംഗീകരിച്ചത്. ഇന്ത്യയിലെ സീമെന്‍സ് എജിയുടെ മുന്‍നിര ലിസ്റ്റഡ് കമ്പനിയാണ് സീമെന്‍സ് ലിമിറ്റഡ്.
പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 23 ശതമാനത്തിന്റെ വര്‍ധന
തുടര്‍ച്ചയായ ഏഴാം മാസവും പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ റെക്കോര്‍ഡ് വളര്‍ച്ച. ഫെബ്രുവരിയില്‍ പാസഞ്ചര്‍ വാഹന വില്‍പ്പനയി 23 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരിയില്‍ 308,000 കാറുകളും എസ്യുവികളുമാണ് ഫാക്ടറികളില്‍ നിന്ന് ഷോറൂമുകളിലേക്ക് അയച്ചത്.
കഴിഞ്ഞ ഒന്‍പത് മാസത്തിനിടെയുണ്ടായ ഏറ്റവും വലിയ ഏകദിന താഴ്ചയായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച ഓഹരി സൂചികയിലുണ്ടായിരുന്നത്. ആ വില്‍പ്പന ക്ഷീണത്തില്‍ നിന്ന് സൂചികകള്‍ കരകയറുന്ന കാഴ്ചയാണ് ഈ വാരത്തിലെ ആദ്യ വ്യാപാര ദിവസം കണ്ടത്. എച്ച് ഡി എഫ് സി ദ്വയങ്ങളും ഐസിഐസിഐ ബാങ്കും ഇന്‍ഫോസിസും ഏഷ്യന്‍ പെയ്ന്റസും എല്‍&ടിയും റിലയന്‍സുമെല്ലാം ഇന്ന് സെന്‍സെക്സ് സൂചികയെ മുന്നോട്ട് നയിക്കാന്‍ സഹായിച്ച ഓഹരികളാണ്. 750 പോയ്ന്റ്, 1.5 ശതമാനം ഉയര്‍ന്ന് സെന്‍സെക്സ് 49,850ല്‍ ക്ലോസ് ചെയ്തു.








Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it