ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഓഗസ്റ്റ് 10, 2021
ജിഎസ്ടി നിരക്കുകളില്‍ മാറ്റം; ദോശപ്പൊടിക്ക് 18 ശതമാനം ടാക്‌സ്
ജിഎസ്ടി നിരക്ക് മാറ്റം, റെഡി ടു കുക്ക് ദോശ, ഇഡ്ഡലി, കഞ്ഞി മിശ്രിതം അടക്കമുള്ളവയുടെ ചരക്ക് സേവന നികുതിയായി (ജിഎസ്ടി) 18 ശതമാനം നല്‍കാന്‍ അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിംഗ് (എഎആര്‍) തമിഴ്‌നാട് ബെഞ്ച് ഉത്തരവിട്ടു. പൊടി രൂപത്തില്‍ വില്‍ക്കുന്നവയ്ക്കാണ് നിരക്ക് ബാധകമാകുക. എന്നാല്‍, ദോശയ്ക്കായുള്ള ബാറ്റര്‍ അഥവാ, മാവ് രൂപത്തില്‍ വില്‍ക്കുന്നവയ്ക്ക് അഞ്ച് ശതമാനം ആണ് ജിഎസ്ടി നിരക്കായിരിക്കും ഇടാക്കുക.
സൊമാറ്റോയുടെ അറ്റനഷ്ടം 356 കോടിരൂപ
ഫുഡ് ഡെലിവറി ആപ്പ് സൊമാറ്റോ 2021 ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ 356.2 കോടി രൂപയുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്തു. ദീപീന്ദര്‍ ഗോയലിന്റെ നേതൃത്വത്തിലുള്ള കമ്പനി കഴിഞ്ഞ വര്‍ഷം 99.8 കോടി രൂപ നഷ്ടമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 266 കോടി രൂപയായിരുന്ന സൊമാറ്റോയുടെ മൊത്തം വരുമാനം ഈ ജൂണ്‍ പാദത്തില്‍ 844.4 കോടി രൂപയായി ഉയര്‍ന്നിട്ടും നഷ്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വരുമാനത്തെക്കാള്‍ വര്‍ധിച്ച ചെലവാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്.
എടിഎമ്മില്‍ പണമില്ലാതെയായാല്‍ ബാങ്കുകള്‍ക്ക് 10,000 രൂപ പിഴ
ഒരു മാസം മത്ത് മണിക്കൂറിലേറെ എടിഎമ്മില്‍ പണം ഇല്ലാതെ വരുന്ന സാഹചര്യത്തില്‍ ബാങ്കുകള്‍ക്ക് പിഴ ചുമത്തുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 10000 രൂപ പിഴയാകും ഇത്തരത്തില്‍ ഈടാക്കുക എന്നും ആര്‍ബിഐ വ്യക്തമാക്കി. ഒക്ടോബര്‍ ഒന്നുമുതല്‍ തീരുമാനം നടപ്പാകും.
2022 മാര്‍ച്ചോടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളര്‍ച്ചയിലേക്ക് തിരികെയെത്തുമെന്ന് മൂഡീസ്
2021 മാര്‍ച്ച് അവസാനത്തോടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളര്‍ച്ചയിലേക്ക് തിരികെയെത്തുമെന്ന് മൂഡീസ് ഇന്‍വെസ്റ്റര്‍ സര്‍വീസസ്. അതേസമയം, കോവിഡ് രണ്ടാം തരംഗം രൂക്ഷമായി നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യന്‍ ബാങ്കുകളുടെ ആസ്തി വീണ്ടെടുക്കല്‍ തടസ്സപ്പെടുമെന്നും മൂഡീസ് റിപ്പോര്‍ട്ട്.
വരുമാനത്തില്‍ 109 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി കല്യാണ്‍ ജൂവലേഴ്‌സ്
വരുമാനത്തില്‍ മികച്ച വളര്‍ച്ച നേടി കല്യാണ്‍ ജൂവലേഴ്‌സ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തെ അപേക്ഷിച്ച് 2022 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 109 ശതമാനം വളര്‍ച്ച് കൈവരിച്ചു. മൊത്തം വരുമാനം 1,637 കോടി രൂപയായാണ് വര്‍ധിച്ചത്. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ മൊത്തം വരുമാനം 782 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പാദത്തിലെ വളര്‍ച്ച റെക്കോര്‍ഡ് നേടി. ഇന്ത്യയിലെ വരുമാനം 94 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള വരുമാന വളര്‍ച്ച 183 ശതമാനമായി. സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ പലിശയ്ക്കും നികുതിക്കും മുമ്പുള്ള വരുമാനം (EBIT) 11 കോടിയാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 68 ലക്ഷമാണ് രേഖപ്പെടുത്തിയത്.
മണപ്പുറം ഫിനാന്‍സിന് 18.72 ശതമാനം വര്‍ധനവോടെ 437 കോടി രൂപ അറ്റാദായം
ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ അറ്റാദായത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ 436.85 കോടി രൂപയുടെ അറ്റാദായം.18.72 ശതമാനമാണ് വര്‍ധനവ്. മുന്‍ വര്‍ഷം ഇതേ പാദത്തിലെ ഉപകമ്പനികള്‍ ഉള്‍പ്പെടാതെയുള്ള കമ്പനിയുടെ 367.97 കോടി രൂപ അറ്റാദായം ഇത്തവണ 425.21 കോടിയായി വര്‍ധിച്ചു. 2021-22 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ കമ്പിയുടെ ആകെ പ്രവര്‍ത്തന വരുമാനം 3.36 ശതമാനം വര്‍ധിച്ചു 1,563.30 കോടി രൂപയായി. മുന്‍ വര്‍ഷമിത് 1512 .53 കോടിയായിരുന്നു. കമ്പനിയുടെ ആകെ ആസ്തി മുന്‍വര്‍ഷത്തെ 25345 .83 കോടിയില്‍ നിന്നു 2.33 ശതമാനം കുറഞ്ഞു 24,755.99 കോടി രൂപയിലെത്തി.
ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ നേരിയ നേട്ടത്തോടെ ഓഹരി സൂചികകള്‍
ഉയര്‍ച്ച താഴ്ചകള്‍ക്ക് ശേഷം ദിവസാവസാനം നേരിയ നേട്ടത്തില്‍ ഓഹരി സൂചികകള്‍. ഇടയ്ക്ക് പുതിയ ഉയരം തൊട്ട സൂചികകള്‍ പിന്നീട് ഇടിയുകയായിരുന്നു. സെന്‍സെക്സ് 151.81 പോയ്ന്റ് ഉയര്‍ന്ന് 54554.66 പോയ്ന്റിലും നിഫ്റ്റി 21.80 പോയ്ന്റ് ഉയര്‍ന്ന് 16280.10 പോയ്ന്റിലും ക്ലോസ് ചെയ്തു. 679 ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 2401 ഓഹരികളുടെ വിലിയിടിഞ്ഞപ്പോള്‍ 98 ഓഹരികളുടെ വില മാറ്റമില്ലാതെ തുടരുന്നു.
കേരള കമ്പനികളുടെ പ്രകടനം
ഒരേയൊരു കേരള കമ്പനിക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 0.23 ശതമാനം നേട്ടവുമായി സിഎസ്ബി ബാങ്ക് മാത്രമാണ് പിടിച്ചു നിന്നത്. 28 കേരള ഓഹരികളുടെയും വിലയില്‍ ഇടിവുണ്ടായി.