Begin typing your search above and press return to search.
₹4,500 കോടി ഒളിപ്പിച്ച കേസ്: ബൈജുവിന്റെ സഹോദരനെ 'കുടഞ്ഞ്' ജഡ്ജി; സത്യസന്ധനല്ലെന്നും വിമര്‍ശനം
സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട് പതറുന്ന എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന് അമേരിക്കയില്‍ നിന്ന് വീണ്ടും തിരിച്ചടി. ബൈജൂസ് അമേരിക്കന്‍ നിക്ഷേപ സ്ഥാപനത്തില്‍ നിക്ഷേപിച്ച 53.3 കോടി ഡോളര്‍ (ഏകദേശം 4,500 കോടി രൂപ) 'ഒളിപ്പിച്ച' കേസില്‍ ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്റെ സഹോദരനും ബൈജൂസിന്റെ ഡയറക്ടറുമായ റിജു രവീന്ദ്രനെ കേസ് പരിഗണിക്കുന്ന യു.എസ് ബാങ്ക്‌റപ്റ്റ്‌സി കോടതി ജഡ്ജി ജോണ്‍ ഡോഴ്‌സി നിറുത്തിപ്പൊരിച്ചു.
പണം എവിടെയെന്ന് ഉടന്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണിന്റെ ഡയറക്ടറായ റിജു രവീന്ദ്രന് പിഴ വിധിക്കുമെന്ന് ഡോഴ്‌സി സൂചിപ്പിച്ചു. പണം ഒളിപ്പിച്ചത് എവിടെയെന്ന് റിജുവിന് അറിയാമെന്നും കോടതിയെ കബളിപ്പിക്കുകയാണെന്നും വ്യക്തമാക്കിയ ജഡ്ജി, റിജു സത്യസന്ധനല്ലെന്നും അഭിപ്രായപ്പെട്ടു.
റിജു, ബൈജു രവീന്ദ്രന്‍, ബൈജുവിന്റെ ഭാര്യ എന്നിവരാണ് കേസില്‍ എതിര്‍കക്ഷികള്‍. പണം എവിടെയെന്ന് റിജുവിന് അറിയില്ലെന്നും കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും റിജുവിന്റെ അഭിഭാഷകനായ ഷെറോണ്‍ കോര്‍പ്പസ് വാദിച്ചെങ്കിലും ജഡ്ജി അംഗീകരിച്ചില്ല. പണത്തെക്കുറിച്ച് അറിവില്ലെന്നാണ് ബൈജുവും ഭാര്യയും വ്യക്തമാക്കിയതെന്നാണ് സൂചനകള്‍.
കേസിന്റെ പശ്ചാത്തലം
അമേരിക്കന്‍ വായ്പാദാതാക്കളിൽ നിന്ന് ബൈജൂസ് 120 കോടി ഡോളര്‍ വായ്പ എടുത്തിരുന്നത് സമയബന്ധിതമായി തിരിച്ചടയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. തുടര്‍ന്ന് വായ്പാദാതാക്കള്‍ കോടതിയെ സമീപിച്ചു. ബൈജൂസിന്റെ അമേരിക്കയിലെ ഉപകമ്പനിയായ ആല്‍ഫയെ പാപ്പരത്ത നടപടികള്‍ക്കായും വായ്പാദാതാക്കള്‍ കോടതിയുടെ പരിഗണനയില്‍ കൊണ്ടുവന്നിട്ടുണ്ട്.
ഇതിനിടെയാണ് അമേരിക്കന്‍ ഹെഡ്ജ് ഫണ്ടായ കാംഷാഫ്റ്റ് കാപ്പിറ്റല്‍ ഫണ്ട് മുഖേന 53.3 കോടി ഡോളര്‍ ബൈജൂസ് മാറ്റിയത്. ഈ പണം എവിടെയാണ് നിക്ഷേപിച്ചതെന്ന് കാംഷാഫ്റ്റ് സ്ഥാപകന്‍ വില്യം സി. മോര്‍ട്ടനോ ബൈജൂസ് അധികൃതരോ വ്യക്തമാക്കിയില്ല.
പണം തിരികെപ്പിടിക്കാന്‍ നടപടി തേടിയാണ് വായ്പാദാതാക്കള്‍ കോടതിയിലെത്തിയത്. പണം ഒളിപ്പിച്ചതെവിടെ എന്ന് വെളിപ്പെടുത്തിയില്ലെങ്കില്‍ കാത്തിരിക്കുന്നത് ജയിലായിരിക്കുമെന്ന് ഇതിനിടെ ജഡ്ജി ഡോഴ്‌സി മുന്നറിയിപ്പും നല്‍കി.
എന്നിട്ടും അലംഭാവം കാട്ടിയ വില്യം മോര്‍ട്ടനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് ബൈജൂസ് ഡയറക്ടര്‍ റിജു രവീന്ദ്രനെതിരെയും കോടതി തിരിഞ്ഞത്. ബൈജു രവീന്ദ്രന്‍, ഭാര്യ, സഹോദരന്‍ റിജു എന്നിവരാണ് തിങ്ക് ആന്‍ഡ് ലേണിന്റെ ഡയറക്ടര്‍മാര്‍. അതേസമയം, റിജുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ ജഡ്ജി തയ്യാറായില്ല. റിജു ഇപ്പോള്‍ ദുബൈയിലാണുള്ളതെന്നാണ് സൂചന.
Next Story
Videos